തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചവന്റെ പിടിയില്‍ നിന്നും മരിയ ഷഹബാസ് രക്ഷപ്പെട്ടു
റിപ്പോര്‍ട്ടര്‍ - സെപ്തംബര്‍ 2020
ലോകത്തിന്റെ കണ്ണുനീരായി മാറിയ പാക്കിസ്ഥാനിലെ പതിനാലുകാരി മരിയ ഷഹബാസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വിവാഹം കഴിച്ച മുഹമ്മദ് നകാഷ് എന്ന വ്യക്തിയുടെ തടവില്‍ നിന്നും രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റി പീഡിപ്പിച്ച് വിവാഹം കഴിച്ചതിനെ ലാഹോര്‍ കോടതി ശരിവെക്കുകയും, മാതാപിതാക്കള്‍ പ്രായം തെളിയിക്കുന്നതിനായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നിരുപാധികം തള്ളിക്കൊണ്ട്, തട്ടിക്കൊണ്ടുപോയവനൊപ്പം പോയി നല്ല ഭാര്യയായി കഴിയുവാനും ലാഹോര്‍ ഹൈക്കോടതി വിധിച്ചിരുന്നു. ലോകം മുഴുവന്‍ അവളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടി തടവില്‍ നിന്നും രക്ഷപ്പെട്ട വാര്‍ത്ത എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയാണ് പുറത്തുവിട്ടത്. തടവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വീഡിയോ എടുത്ത് ഭീക്ഷണിപ്പെടുത്തിയാണ് വിവാഹം കഴിച്ചതെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പെണ്‍കുട്ടി പോലീസിനെ അറിയിച്ചത്. അവളുടെയും കുടുംബത്തിന്റെയും ജീവന് ഭീഷണി ഉള്ളതിനാല്‍ ഇപ്പോള്‍ അമ്മയോടും മറ്റ് സഹോദരങ്ങളോടുമൊപ്പം ഒളിവില്‍ കഴിയുകയാണ് ആ കുടുംബം.
താന്‍ യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ചിട്ടില്ലെന്നും മതം മാറിയിട്ടില്ലെന്നും തന്നെ പീഡിപ്പിച്ച് രേഖകളില്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പിടുവിക്കുകയായിരുവെന്നും അവര്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ വീഡിയോ ഓണ്‍ലൈനില്‍ അപലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയുടെ പകര്‍പ്പ് അവളുടെ വക്കീലായ ഖലീല്‍ താഹിര്‍ സന്ധു വഴി എയ്ഡ് ടു ചര്‍ച്ചിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വധഭീക്ഷണി ഭയന്ന് മരിയയും കുടുംബവും ഓരോ ദിവസവും ഒളിത്താവളം മാറിക്കൊണ്ടിരിക്കുകയാണെന്നും മരിയയുടെ കുടുംബസുഹൃത്തായ ലാല റോബിന് ഡാനിയേല്‍ എ.സി.എന്നിനോട് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഭയചകിതരാണ് പക്ഷേ ഞങ്ങള്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു.
ന്യൂനപക്ഷസമുദായങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മതം മാറ്റുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനിലും ഈജിപ്തിലും സാധാരണമാണെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് തയാറാക്കിയ റിലീജിയസ് ഫ്രീഡം ഇന്‍ ദ വേള്‍ഡ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാക്കിസ്ാഥാനിലെ പ്രദേശിക എന്‍ജിഒയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും അവിടെ 1000 ത്തോളം ക്രൈസ്തവ-ഹിന്ദു മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിക്കുന്നുണ്ടത്രെ.
ഇതര മതങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ ദിനം പ്രതി കൂടിവരികയാണെന്ന് പാക്കിസ്ഥാനിലെ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്, മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി അന്റ് പീസ് ഇന്‍ പാക്കിസ്ഥാന് എന്നീ സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പല കേസുകളിലും അധികാരികള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയവര്ക്കൊപ്പം പോകാന്‍ വിധിക്കുന്നു. പലരും കുടുംബത്തിലെ മറ്റുള്ള മക്കളെ ഓര്‍ത്ത് കേസുകള്‍ക്കുപോലും മുതിരാറില്ലത്രെ.
Send your feedback to : onlinekeralacatholic@gmail.com