രണ്ടാം കടവിലെ മരിയന്‍ ദര്‍ശനം: സ്വകാര്യ വെളിപാടുകളെക്കുറിച്ച് സഭയുടെ നിലപാടെന്ത്?
ബിഷപ് ജോസഫ് പാംബ്ലാനി - ഏപ്രിൽ 2020
തലശ്ശേരി അതിരൂപതയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ഞായറാഴ്ചയോടനുബന്ധിച്ച് ഉണ്ടായ ഒരു മരിയന്‍ ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിന്തകള്‍ പങ്കുവെക്കുന്നത്. ഈ മരിയന്‍ ദര്‍ശനത്തിന്റെ ആധികാരികത വിലയിരുത്തുന്നത് നമുക്കറിയാം സഭയില്‍ ഇത്തരം ദര്‍ശനങ്ങളെക്കുറിച്ചും അതിസ്വഭാവിക സംഭവങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങള്‍ വിലയിരുത്തന്നതിന് വ്യവസ്ഥാപിതങ്ങളായ മാര്‍ഗ്ഗങ്ങളുണ്ട്. 1978 ല്‍ കോണ്ഗ്രിഗേഷന് ഫോര്‍ ദ ഡോക്ട്റിന് ഓഫ് ഫെയ്ത്ത് ഇറക്കിയ ഒരു മാര്‍ഗ്ഗരേഖയുണ്ട്. 2002 ല്‍ ഫാത്തിമായിലെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് കോണ്ഗ്രിഗേഷന് ഇറക്കിയ മറ്റൊരു മാര്‍ഗ്ഗരേഖയുണ്ട്. 1978 ലെ രേഖ പരിഷ്ക്കരിച്ചുകൊണ്ട് 2012 ല്‍ വീണ്ടും വിശ്വാസതിരുസംഘം ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗരേഖകളുടെ വെളിച്ചത്തിലാണ് ഇത്തരം സംഭവങ്ങളെ സഭ വിശകലനം ചെയ്യുന്നതും പഠനവിധേയമാക്കുന്നതും അതിന്റെ ആധികാരികത നിര്‍ണയിക്കുന്നതും എന്ന് നമ്മള് തിരിച്ചറിയണം. വാസ്തവത്തില്‍ ഇപ്രകാരമുളള ഒരു പഠനത്തെക്കുറിച്ചുള്ള ചിന്തകള്‍ ആരംഭിച്ചിരിക്കുന്ന ഒരു സാഹചര്യത്തില്‍ ഇങ്ങനെ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഉത്തരവാദപ്പെട്ട വ്യക്തികള്‍ തന്നെ പ്രചാരണം നടത്തുന്നത് സഭയുടെ നിലപാടിന് എതിരായിട്ടുളള വസ്തുതയാണ്. ഇതിനെക്കുറിച്ച് സഭയുടെ നിലപാട് ഇപ്രകാരമാണ്. പരിശുദ്ധപിതാവ് ബെനഡിക്ട് മാര്‍പാപ്പ വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്നപ്പോള് പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. രണ്ട് തരം വെളിപാടുകള്‍ സഭയിലുണ്ട്. ഒന്നാമത്തേത് പൊതുവെളിപാടും മറ്റൊന്ന് സ്വകാര്യ വെളിപാടും. സ്വകാര്യ വെളിപാട് എന്ന് പറയുന്നത് ഒരു വ്യക്തിക്ക് ഇപ്രകാരം ദൈവത്തില്‍ നിന്ന്, സ്വര്‍ഗ്ഗത്തില്‍ നിന്ന് കിട്ടുന്ന ഉള്‍ക്കാഴ്ചകള്‍ അല്ലെങ്കില്‍ അരുളപ്പാടുകള്‍, സന്ദേശങ്ങള്‍ അതിനെയാണ് സ്വകാര്യ വെളിപാടുകള്‍ എന്ന് പറയുന്നത്. പൊതു വെളിപാട് എന്നുപറഞ്ഞാല്‍, ദൈവമായ കര്‍ത്താവ് രക്ഷാകരപദ്ധതിയില്‍ പൂര്‍ത്തീകരിച്ച വെളിപാടാണ്. കുറച്ചുകൂടി ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ രചിക്കപ്പെട്ടിട്ടുള്ള വെളിപാടിനെയാണ് പൊതുവെളിപാട് എന്ന് പറയുന്നത്. പൊതുവെളിപാട് എല്ലാ വിശ്വാസികളും അംഗീകരിക്കേണ്ടതും വിശ്വസിക്കേണ്ടതുമായ സത്യമാണ്. എന്നാല്‍ സ്വകാര്യ വെളിപാടുകള്‍ എല്ലാവരും അംഗീകരിക്കണെന്ന് സഭ നിര്‍ബന്ധം പിടിക്കുന്നില്ല. ഒരു സ്വകാര്യ വെളിപാടിന്റെ ആധികാരികത സഭ അംഗീകരിച്ചുകഴിഞ്ഞാല്‍ പോലും ആ സ്വകാര്യ വെളിപാടിനെ അംഗീകരിക്കണമോ, സ്വീകരിക്കണമോ, വിശ്വസിക്കണമോ എന്ന് വിവേചനബുദ്ധ്യാ തീരുമാനമെടുക്കുവാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട് എന്നതാണ് സഭയുടെ നിലപാട്. രണ്ടാമതായി ഈ പൊതുവെളിപാട് ഈശോമിശിഹായാല്‍ പൂര്‍ത്തീകരിക്കപ്പെട്ട സത്യമാണ്. ഈശോയില്‍ പൂര്ത്തികരിക്കപ്പെട്ടതും വിശുദ്ധ ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടതുമായ വെളിപാടിനെക്കാളും അധികമായി ഒരു വെളിപാടും ഇനി ഈ ഭുമിക്ക് ലഭിക്കാനില്ല എന്നതാണ് സഭയുടെ നിലപാട്. അതുകൊണ്ടുതന്നെ ഒരു സ്വകാര്യ വെളിപാടിലൂടെ എന്തെങ്കിലും പുതിയ ആശയങ്ങളോ വിശ്വാസസംഹിതകളോ രൂപപ്പെടുമെന്ന് പരിശുദ്ധ കത്തോലിക്കസഭ പഠിപ്പിക്കുന്നില്ല എന്നും നാം തിരിച്ചറിയണം.
ഇനി ഈ സ്വകാര്യ വെളിപാടിനെ വ്യാഖ്യാനിക്കുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ നിജസ്ഥിതി നിര്‍ണയിക്കാന്‍ പരിശ്രമിക്കുമ്പോള്‍ നമ്മള് പരിശോധിക്കേണ്ട രണ്ടുമൂന്നു കാര്യങ്ങള്‍ സഭ നിര്‍ദ്ദേശിക്കുന്നുണ്ട്. ഒന്ന് ഇത്തരം ദര്‍ശനങ്ങളുടെ സ്വഭാവം നിര്‍ണയിക്കും. ഒരാള്‍ക്ക് കിട്ടിയ ദര്‍ശനങ്ങള്‍ നമ്മള് കണ്ണുകള്‍കൊണ്ട് നേരില്‍ കാണുന്ന സ്വഭാവിക കാഴ്ചകളാണോ. അതല്ലെങ്കില്‍ ചിലപ്പോള്‍ നമ്മള് ധ്യാനത്തിലും വചനത്തിലുമായിരിക്കുമ്പോള് നമുക്ക് കിട്ടുന്ന ചില ആന്തരികമായ ഉള്‍ക്കാഴ്ചകളുണ്ട്. ഇവയൊന്നും ദൈവിക ദര്‍ശനങ്ങളല്ല. അതേസമയം ദൈവീകമായ ദര്ശനങ്ങളുണ്ട്. സഭയില്‍ പല വിശുദ്ധാത്മാക്കള്‍ക്കും ഇതിനോടകം അത്തരത്തിലുള്ള ദര്‍ശനങ്ങള്‍ ലഭിച്ചതായി സഭ അംഗീകരിച്ചിട്ടുമുണ്ട്. അപ്പോള്‍ ഈ ദൈവിക ദര്ശനങ്ങളെത്തന്നെ പരി. പിതാവ് പഠിപ്പിക്കുന്നുണ്ട് അത് ഏതെങ്കിലും മനോവൈകല്യങ്ങള്ക്കൊണ്ട് നമുക്കുണ്ടാകുന്ന മായാക്കാഴ്ചകള്‍, ഹാലൂസിനേഷന് ആണോ എന്ന് പരിശോധിക്കണമെങ്കില്‍ ആ വ്യക്തിയെ തീര്‍ച്ചയായും ഡോക്ടര്‍മാരും മനോരോഗവിദഗ്ദ്ധന്മാരും പരിശോധിക്കേണ്ടതുണ്ട് എന്നൊരു നിബന്ധന സഭ വെച്ചിട്ടുണ്ട്. മറ്റൊരു സാധ്യതയുള്ളത് ഈ ദൈവിക ദര്‍ശനങ്ങളുടെ രൂപത്തില്‍ ചിലപ്പോള്‍ പൈശാചിക ശക്തികള്‍ നമുക്ക് ദര്‍ശനം തരും. അത് വിവേചിച്ചറിയേണ്ടതുണ്ട്. അതായത് ഒരു വെളിപാട് ഒരു വ്യക്തിക്ക് ലഭിച്ചുവെന്ന് പറഞ്ഞാല്‍ ആ നിമിഷത്തില്‍ തന്നെ അതിനെ അംഗീകരിച്ച് ആധികാരികമായി പ്രഖ്യാപിക്കണം എന്നുള്ള നിര്‍ബന്ധ ബുദ്ധി ആര്‍ക്കും പാടില്ല. വീണ്ടും സഭ ഇതേക്കുറിച്ച് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഈ സ്വകാര്യ വെളിപാടിനെ പഠിക്കുന്നതിന് ആവശ്യത്തിനുള്ള സമയം എടുക്കണം എന്നുള്ളതാണ്. അതായത് ആവശ്യത്തിന് സമയം എടുക്കണമെന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുക അത് ആ വെളിപാടിനെ മനസ്സിലാക്കുവാന്‍ ഈ സമയം വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. രണ്ട് കാരണങ്ങളാലാണ് സഭ ഇപ്രകാരം നിലപാട് എടുത്തിരിക്കുന്നത്.
ഒന്ന് പ്രസ്തുത വെളിപാട് ഒരു പക്ഷേ ആ വ്യക്തിക്ക് മാത്രം നല്കപ്പെടുന്നതാകാം. അതല്ലായെങ്കില്‍ ആ കുടുംബത്തിന് നല്കപ്പെട്ട വെളിപാട് ആകാം. അത് സാര്‍വ്വത്രിക സഭയ്ക്ക് മുഴുവനുമുള്ള സന്ദേശമോ, ദര്‍ശനമോ ആയിരിക്കണമെന്നില്ല. അപ്രകാരം സ്വകാര്യമായി ലഭിക്കുന്ന ദര്‍ശനങ്ങള്‍ സ്വകാര്യമായി തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ ഈ വെളിപാടിനെ നമ്മള് പഠിക്കുന്നതിന് സമയം എടുക്കണം.സമയമെടുക്കാനുള്ള രണ്ടാമത്തെ കാരണം ഈ വെളിപാടുകള്‍ അതിന്റെ സമഗ്രതയില്‍ ലഭിക്കുന്നത് നാളുകള്‍ കൊണ്ടായിരിക്കും. നമുക്കറിയാം സ്വര്‍ഗ്ഗീയമായ വെളിപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ സന്ദേശത്തെ അതിന്റെ സമഗ്രതയില്‍ ആദ്യമേ മനസ്സിലാകണമെന്നില്ല. ലൂര്‍ദ്ദിലും ഫാത്തിമായിലുമൊക്കെ മാതാവ് പ്രത്യക്ഷപ്പെട്ട് സംസാരിച്ചപ്പോള്‍ മാതാവ് പറഞ്ഞ വസ്തുതകളുടെ നിജസ്ഥിതി ആ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലായത് വളരെ വൈകിയാണ്. മാതാവ് തന്നെ അത് വിശദീകരിച്ചുകൊടുത്തു. ഇന്നതാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് അമ്മ തന്നെ അവര്‍ക്ക് വിശദീകരിച്ച് കൊടുത്തപ്പോഴാണ് അവര്‍ക്ക് അതിന്റെ വസ്തുത മനസ്സിലായത്. അതാണ് വെളിപാടിന്റെ നിജസ്ഥിതി അതിന്റെ സമഗ്രതയില്‍ വെളിപ്പെട്ടുകിട്ടുന്നതിനുവേണ്ടി സഭ ക്ഷമയോടെ കാത്തിരിക്കണമെന്ന് പരിശുദ്ധ പിതാവ് നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം.
അതുകൊണ്ട് ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഈ ഒരു സംഭവത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതായത് പ്രദേശത്തെ മെത്രാനെയോ, മെത്രാപ്പോലീത്തായെയോ ആണ്. തലശ്ശേരി അതിരൂപതയില്‍പ്പെട്ട ഒരു വ്യക്തി എന്ന നിലയില്‍ ഈ വിഷയത്തെക്കുറിച്ച് ഏറ്റവും ആധികാരികമായ അഭിപ്രായം പറയേണ്ടത് തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവാണ്. പിതാവ് ഈ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരുന്നു. അതിന്റെ വെളിച്ചത്തില്‍ ഈ ഭവനത്തില്‍ ഞാന്‍ വ്യക്തിപരമായി സന്ദര്‍ശനം നടത്തിയിരുന്നു. ദര്‍ശനം കിട്ടിയ വ്യക്തിയുമായിട്ട് രണ്ട് തവണ ഞാന്‍ നേരിട്ട് സംഭാഷണം നടത്തിയിട്ടുണ്ട്. തികച്ചും നിഷ്കളങ്കനായ, കാപട്യമില്ലാത്ത ഒരു വിശ്വാസി എന്ന നിലയില്‍ ഈ മകനോട് എനിക്ക് വലിയ സ്നേഹവും കരുതലുമുണ്ട് താനും. പക്ഷേ, അതിന്റെയര്‍ത്ഥം ആ ഒരു സംഭവത്തെ ആധികാരികമായി പ്രഖ്യാപിക്കാന്‍ സമയമായി എന്നല്ല. മെത്രാപ്പോലീത്തായ്ക്ക് ഇക്കാര്യം ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ അടുത്തപടിയായി അദ്ദേഹം അതിനെക്കുറിച്ച് വിശദമായി പഠിക്കുവാന്‍ സഭ നിര്‍ദ്ദേശിച്ച രീതിയിലുള്ള വിദഗ്ദ്ധരടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കും. ആ സമിതിയുടെ റിപ്പോര്‍ട്ടും കൂടി ലഭിച്ചുകഴിയുമ്പോഴാണ് ഈ വിഷയം സീറോ മലബാര്‍ സഭയിലെ ഒരംഗം എന്ന നിലയില്‍ ഇതിനെക്കുറിച്ച് ഇതിന്റെ രണ്ടാം സ്റ്റേജില്‍ പഠനം നടത്തേണ്ടത് സീറോ മലബാര്‍ സഭയുടെ സിനഡാണ്. സിനഡിന് ഇക്കാര്യം ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട് എങ്കില്‍ റോമിലെ വിശ്വാസകാര്യാലയത്തിലേക്ക് ഇക്കാര്യം നമുക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്.
തലശ്ശേരി അതിരൂപതയില്‍ തന്നെ ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം ഇപ്രകാരം വിവിധ പഠനങ്ങള്‍ക്കുശേഷം ഇപ്പോള്‍ വിശ്വാസ കാര്യാലയത്തിന്റെ നിര്‍ദ്ദേശാനുസരണം കൂടുതല്‍ പഠനത്തിനായി നല്കപ്പെട്ടിരിക്കുകയാണ്. വിളക്കന്നൂര്‍ ഇടവകയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഇത് സാവകാശം പടിപടിയായി സഭ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പഠനം നടത്തിയെങ്കില്‍ മാത്രമേ അതിന്റെ ആധികാരികത വ്യക്തമാവുകയുള്ളു. തിരുസഭയ്ക്ക് ഇത്തരം വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലിരിക്കവേ, ഉത്തരവാദിത്വപ്പെട്ട വൈദികര്‍ ഇതിനെക്കുറിച്ച് ഈ രീതിയിലുള്ള പ്രചാരണങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്നത് ശരിയായ രീതിയല്ല എന്ന കാര്യം ഞാന്‍ സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുകയാണ്. അപ്രകാരം ചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധിയേയോ, ആത്മാര്‍ത്ഥതയേയോ ഒക്കെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയുകയാണ് തിരുസഭയില്‍ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സഭാമാതാവ് നല്കിയ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഈ വിഷയം ഉത്തരവാദപ്പെട്ട വ്യക്തി എന്ന നിലയില്‍ തലശ്ശേരി മെത്രാപ്പോലീത്ത പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ആ ഒരു സാഹചര്യത്തില്‍ വേണം നിങ്ങള്‍ ഈ വസ്തുതകളെ മനസ്സിലാക്കുവാന്‍.
രണ്ടാമതായി നല്കപ്പെട്ട വെളിപാടുകളെ വിശദീകരിക്കുന്നതിന് സഭ നല്കിയ മാനദണ്ഡം എന്ന് പറയുന്നത്. ഒരു വെളിപാട് നല്കപ്പെട്ടു, വെളിപാടിലൂടെ കിട്ടുന്ന സന്ദേശം ആധികാരികമാണോ എന്ന് പരിശോധിക്കുന്നതിനുള്ള മാനദണ്ഡം ഈ പറയപ്പെടുന്ന കാര്യം വെളിപാടിലൂടെ മാത്രം സംലംഭ്യമാകുന്നതാണ് എന്ന് സഭയ്ക്ക് ഉറപ്പുകിട്ടണം. ഇപ്പോള്‍ നല്കപ്പെട്ടിരിക്കുന്ന വെളിപാടുകളില്‍ പലതും ഇതിനുമുമ്പ് നല്കപ്പെട്ടിട്ടുള്ള വെളിപാടുകളുമായി ബന്ധപ്പെട്ടതോ അത് അല്ലാ എങ്കില്‍ മറ്റ് വഴികളിലൂടെ സംലഭ്യമാകുന്നതുമായ കാര്യങ്ങളാണ്. അതുകൊണ്ട് ഈ വെളിപാടിന്റെ ആധികാരികതയെ പഠിക്കുന്നതിന് കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട് എന്നു തന്നെയാണ് അതിരൂപതയുടെ നിലപാട്. അതുകൊണ്ട് ആ മകനോട് ഇത്തരം വെളിപാടുകളെ കൃത്യമായി രേഖപ്പെടുത്തിവെക്കാന്‍ അതിരൂപത ആവശ്യപ്പെട്ടിട്ടുണ്ട്. ആ മകന് അപ്രകാരം ചെയ്യുന്നുമുണ്ട്. അതുകൊണ്ട് നമ്മള് അമിതമായ വ്യഗ്രതയും അമിതമായ ആകാംക്ഷയും ഈ ഒരു കാര്യത്തില്‍ വെടിയുക. സമയത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗ്ഗം വെളിപ്പെടുത്തിത്തരുന്നതിനനുസരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനും പരിശുദ്ധ അമ്മയുടെ സന്ദേശങ്ങളെ ഉള്‍ക്കൊള്ളാനുമാണ് നാം ശ്രമിക്കേണ്ടത്. അതുകൊണ്ട് ഏതെങ്കിലും ഒരു സ്വകാര്യവെളിപാടിന് ഇത്രമേല്‍ അമിത പ്രാധാന്യം കൊടുക്കുകയും അത് ലക്ഷങ്ങള്‍ ഷെയര്‍ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നത് ഇത്തരം വെളിപാടുകളുടെ ആധികാരികതയെ നിര്‍ണയിക്കുന്നതിന് സഭ വെച്ച മാനദണ്ഡത്തിന് വിരുദ്ധമാണ്. ഏതെങ്കിലും തരത്തിലുള്ള അനാവശ്യമായ പബ്ലിസിറ്റി ഇതുമായിട്ട് ബന്ധപ്പെട്ട് നടത്തിയുണ്ട് എങ്കില്‍ ആ പബ്ലിസിറ്റിയ്ക്കുവേണ്ടിയുള്ള പരിശ്രമം ഇതില്‍ നെഗറ്റീവായി പരിഗണിക്കണമെന്നുതന്നയാണ് സഭയുടെ നിര്‍ദ്ദേശമുള്ളത്.
അതുകൊണ്ട് നമുക്ക് ഈ വസ്തുതയുടെ സ്വര്‍ഗ്ഗീയ ഇടപെടല്‍ മനസ്സിലാകണമെന്നുണ്ട് എങ്കില്‍ അനാവശ്യ പ്രചാരങ്ങള്‍ ഒഴിവാക്കി നാം ക്ഷമയോടെ കാത്തിരിക്കുക. തീര്‍ച്ചയായും ആ മകനിലൂടെ പരിശുദ്ധ അമ്മ സംസാരിക്കുന്നുണ്ട് എങ്കില്‍ അത് നാം എല്ലാവര്ക്കും വേണ്ടിയുള്ള സന്ദേശമാണ് അമ്മ നല്‍കുന്നത് എന്ന് ഉറപ്പായി കഴിഞ്ഞാല്‍ ആ പഠനങ്ങള്‍ക്ക് ശേഷം അതിരൂപത അത് തിരുസിംഹാസനത്തിന്റെ അനുവാദത്തോടെവെളിപ്പെടുത്തുന്നതായിരിക്കും. അതുവരെയും അനാവശ്യ വിവാദങ്ങളും അനാവശ്യ ചര്‍ച്ചകളും ഒഴിവാക്കണം എന്നതാണ് സ്നേഹപൂര്‍വ്വമായി നിങ്ങളെ അറിയിക്കുന്നത്.
Send your feedback to : onlinekeralacatholic@gmail.com