മെയ് മാസം എങ്ങനെയാണ് മാതാവിനു സമര്‍പ്പിക്കപ്പെട്ട മാസമായത്
ഷേര്‍ളി മാണി - മെയ് 2020
മെയ് മാസം മാതാവിന്റെ മാസമാണ്. മെയ് മാസം മാതാവിന്റെ വണക്കമാസമായി ആചരിക്കുന്നവരാണ് ലോകമെങ്ങുമുള്ള കത്തോലിക്കര്‍. കത്തോലിക്ക കുടുംബങ്ങളില്‍ മാതാവിന്റെ വണക്കമാസം വളരെ ആഘോഷമായി കൊണ്ടാടിയിരുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇന്നും പുരാതന തറവാടുകളില്‍ മെയ് മാസവണക്കം വലിയ ആഘോഷം തന്നെയാണ്. പണ്ടുമുതലെ നാം മെയ് മാസം മാതാവിന്റെ മാസമെന്നാണ് വിളിച്ചുപോന്നിരുന്നത്. മാതാവിനെ മെയ് മാസറാണി എന്നും വിശേഷിപ്പിക്കാറുണ്ടായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ ഓര്‍മ്മകള്‍ പ്രത്യേകമായി അനുസ്മരിക്കപ്പെടുന്ന മാസമാണ് മെയ് മാസം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ, എങ്ങനെയാണ് മെയ് മാസം മാതാവിന്റെ വണക്കമാസമായി മാറിയതെന്ന് അറിയാമോ?
പുരാതന ഗ്രീസിലും റോമിലുമൊക്കെ ഇന്ഫെര്ട്ടിലിറ്റിയുടെയും വസന്തത്തിന്റെയും പ്രതീകങ്ങളായ ആര്‍ട്ടെമിസ്, ഫ്ളോറ എന്നീ ദേവതമാര്ക്കായി പ്രതിഷ്ഠിക്കപ്പെട്ട മാസമായിരുന്നു മെയ്. യുറോപ്പില്‍ മെയ് മാസം ജീവന്റെയും മാതൃത്വത്തിന്റെയും മാസമായി ആചരിച്ചിരിക്കുന്ന പാരമ്പര്യവുമുണ്ടായിരുന്നു. മദേര്‍സ് ഡേ ആചരണം തുടങ്ങുന്നതിനും മുമ്പുതന്നെ അവിടെ ഈ പാരമ്പര്യമുണ്ടായിരുന്നു. വസന്തകാലത്ത് മാതൃത്വം ആഘോഷിക്കുന്ന പാരമ്പര്യം അവിടെ നിലനിന്നിരുന്നു. അതായിരിക്കാം പിന്നീട് സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മാതാവായ മറിയത്തിന്റെ ഓര്‍മ്മകള്‍ നിറയുന്ന മാസമായി മെയ് തിരഞ്ഞെടുക്കാന്‍ ഒരു കാരണം.
ആദിമസഭയില്‍ മെയ് 15 ന് ബ്ലസഡ് വെര്‍ജിന്‍ മേരിയുടെ വലിയ തിരുന്നാള്‍ ആചരിച്ചിരുന്നതായി കാണമെങ്കിലും 18-ാം നൂറ്റാണ്ടുവരെ അത് മെയ് മാസം മാതാവിന്റെ മാസമായി ദൃഡമായി ബന്ധപ്പെട്ടിരുന്നില്ല. കാത്തലിക് എന്‍സൈക്ളോപീഡിയ പറയുന്നതനുസരിച്ച് ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത് റോമിലായിരുന്നു. ്വിദ്യാര്ത്ഥികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അധാര്‍മ്മികതയെയും അവിശ്വസ്തതയെയും ചെറുക്കുക എന്ന ലക്ഷ്യത്തോടെ റോമന്‍ കോളജ് ഓഫ് സൊസൈറ്റി ഓഫ് ജീസസിലെ ഫാ. ലറ്റോമിയ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആ മാസം മാതാവിന് സമര്‍പ്പിക്കുന്ന ഒരു ആചാരത്തിന് തുടക്കമിട്ടു. ആ ആചരണം പിന്നീട് എല്ലാ ജെസ്യൂട്ട് കോളജുകളിലേക്കും അവിടെനിന്ന് എല്ലാ ലാറ്റിന്‍ ദേവാലയങ്ങളിലേക്കും വ്യാപിച്ചു.
ഒരു മാസം മുഴുവനും മാതാവിന് സമര്‍പ്പിക്കുന്ന പാരമ്പര്യം തികച്ചും പുതിയതായിരുന്നില്ല, കാരണം അതിനുമുമ്പെ തന്നെ ട്രൈസെസിമും എന്ന പേരില്‍ 30 ദിവസം മാതാവിന് സമര്‍പ്പിക്കുന്ന ഒരു പാരമ്പര്യം നിലനിന്നിരുന്നു. അത് അറിയപ്പെട്ടിരുന്നത് ലേഡി മാസം എന്ന പേരിലുമായിരുന്നു.
മെയ് മാസത്തില്‍ മാതാവിനോടുള്ള പല ഭക്താഭ്യാസങ്ങളും വളരെ പെട്ടെന്നു തന്നെ പ്രചാരം നേടി. 19 -ാം നൂറ്റാണ്ടിന്റ മദ്ധ്യാഹ്നത്തില്‍ റക്കോള്ട്ട എന്ന ഒരു പ്രസീദ്ധീകരണത്തില് ഇപ്രകാരം കാണുന്നു...വര്‍ഷത്തിലെ ഏറ്റവും പ്രകാശപൂരിതവും മനോഹരവുമായ മാസമായ മെയ് മാസം പരിശുദ്ധ മേരിയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നത് വളരെ പ്രചാരം നേടിയ ഭക്താഭ്യാസമാണ്. ക്രൈസ്തവരാജ്യങ്ങളില്‍ ഇത് വളരെ പണ്ടുതന്നെ പ്രചാരത്തിലിരുന്നു, റോമില്‍ ഇത് വളരെ സാധാരണവുമാണ്. കുടുംബങ്ങളില്‍ മാത്രമല്ല, എല്ലാ ദേവാലയങ്ങളിലം ഈ ആചരണം നടക്കുന്നു. മാര്‍ച്ച് 21, 1815 ല്‍ പീയൂസ് ഏഴാമന് മാര്‍പാപ്പ ലോകത്തിലെ എല്ലാ കത്തോലിക്ക വിശ്വാസികളോടുംപത്യേക പ്രാര്‍ത്ഥനകളോ, ഭക്താഭ്യാസങ്ങളോ, പുണ്യപ്രവര്‍ത്തികളോ വഴിയായി, വ്യക്തിപരമായോ പൊതുവായോ മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
1945 ല്‍ പീയൂസ് പന്ത്രണ്ടാമന് മാര്‍പാപ്പ മെയ് 31 ക്വീന്ഷിപ്പ് ഓഫ് മേരി ഫീസ്റ്റായി പ്രഖ്യാപിച്ചുകൊണ്ട് ഈ ആചരണം കൂടുതല്‍ ശക്തമാക്കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ആ തിരുന്നാള്‍ ഓഗസ്റ്റ് 22 ലേക്ക് മാറ്റുകയും മെയ് 31 വിസിറ്റേഷന്‍ ഓഫ് മേരി ഫീസ്റ്റായി പുനക്രമീകരിക്കുകയും ചെയ്തു.
പിന്നീട് മെയ് മാസം മാതാവിന്റെ മാസമായി ആചരിക്കുന്ന പാരമ്പര്യം കാട്ടുതീ പോലെ പടര്‍ന്നു. മെയ് മാസത്തില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ജപമാലയ്ക്കു ശേഷം മാതാവിന്റെ വണക്കമാസം വായിക്കുകയും അവസാനത്തെ ദിവസം അത് കുടുംബങ്ങളില്‍ തന്നെ വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു. മരിയന്‍ ഭക്തികൊണ്ടും മാതാവിന്റെ ഓര്‍മ്മകള്‍ കൊണ്ടും അന്നും ഇന്നും സമ്പന്നമാണ് മെയ് മാസം.
Send your feedback to : onlinekeralacatholic@gmail.com