ജൂബിലി വര്‍ഷത്തിന്റെ ലോഗോയുടെ അര്‍ത്ഥമെന്താണെന്നറിയാമോ?
ജോര്‍ജ് കൊമ്മറ്റം - ജനുവരി 2025
കത്തോലിക്കസഭയ്ക്ക് 2025 ജൂബിലി വര്‍ഷമാണ്. ജൂബിലി വര്‍ഷത്തിന്റെ മുദ്രാവാക്യം പില്ഗ്രിംസ് ഓഫ് ഹോപ് (പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍) എന്നതാണ്. ജൂബിലി ആഘോഷങ്ങള്‍ക്കായി തയാറാക്കിയ ലോഗോ ലോകമെങ്ങും പെട്ടെന്നുതന്നെ സംസാരവിഷയമായിത്തീര്‍ന്നു. അത് വെറുമൊരു ഡിസൈന്‍ അല്ല, മറിച്ച് മാനവരാശിയുടെ ആത്മീയയാത്രയെ പ്രതിനിധാനം ചെയ്യുന്ന ശക്തമായ സൂചകമാണ്. വളരെ പ്രഫഷണലായി ഡിസൈന്‍ ചെയ്ത ഈ ലോഗോയുടെ പ്രതീകാത്മകത എന്താണെന്ന് നോക്കാം.
48 രാജ്യങ്ങളില്‍ നിന്നുള്ള 294 എന്‍ട്രികളില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടാണ് ഈ ലോഗോ തിരഞ്ഞെടുത്തത്. ഡിസൈന്‍ തയാറാക്കിയത് ജിയാകോമോ ട്രവിസാനിയാണ്. അദ്ദേഹം ഡിസൈന്‍ ചെയ്ത ലോഗോ ഐക്യം, പ്രതീക്ഷ, വിശ്വാസം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ക്രിസ്തുവാകുന്ന പ്രതീക്ഷയുടെ കാറ്റേറ്റ് എല്ലാ മനുഷ്യരും ക്രിസ്തുവിലേക്കും കുരിശിലേക്കും ഗമിക്കുന്നവിധത്തിലാണ് താന്‍ അത് വിഭാവനം ചെയ്തതെന്ന് ട്രവിസാനി വെളിപ്പെടുത്തുന്നു.
നാല് മനുഷ്യരൂപങ്ങള്‍
ലോഗോയില്‍ കാണുന്ന നാല് മനുഷ്യരൂപങ്ങള്‍. ലോകത്തിന്റെ 4 അതിര്ത്തികളില്നിന്നുമുള്ള മാനവരാശിയെ പ്രതിനിധാനം ചെയ്യുന്നു. വ്യക്തിപരമായല്ല അവര്‍ ഒരുമിച്ച് കുരിശിലേക്ക് ഗമനം ചെയ്യുന്നു. അവരുടെ ആശ്ലേഷം ഐക്യദാര്ഡ്യത്തെയും സാഹോദര്യത്തെയും സൂചിപ്പിക്കുന്നു.
കുരിശ്
ലോഗോയുടെ കേന്ദ്രബിന്ദു കുരിശാണ്. കുരിശാകട്ടെ മനുഷ്യരൂപങ്ങളിലേക്ക് അതായത് മാനവരാശിയിലേക്ക് വളഞ്ഞിരിക്കുന്നു. അത് ക്രിസ്തു എല്ലാവര്ക്കും സമീപസ്ഥനാണ് എന്ന് സൂചിപ്പിക്കുകയും തീര്‍ത്ഥാടകര്‍ക്ക് അവരുടെ യാത്രയില്‍ ആശ്വാസവും പ്രതീക്ഷയും പകരുന്നുവെന്നും സൂചിപ്പിക്കുന്നു.
തിരകള്‍
മനുഷ്യരൂപങ്ങള്ക്കുതാഴെ കാണുന്ന തിരകള്‍ മനുഷ്യരാശിയുടെ ജീവിതത്തിലെ വെല്ലുവിളികളെ ദ്യോതിപ്പിക്കുന്നു. ജീവിതമാകുന്ന തീര്‍ത്ഥാടനം ദൂഷ്ക്കരമായിരിക്കും, എങ്കിലും പ്രതീക്ഷ നമ്മെ മുന്നോട്ടു നയിക്കുന്നുവെന്ന് അത് സൂചിപ്പിക്കുന്നു.
നങ്കൂരം
കുരിശിന്റെ താഴെ ഭാഗം ഒരു നങ്കൂരമായി ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം നമുക്ക് ജീവിതയാത്രയിലെ ഉലച്ചിലുകളില്‍ സ്ഥിരത നല്കുന്നുവെന്നതാണ് അതിന്റെ അര്‍ത്ഥം.
പച്ചനിറത്തിലെഴുതിയ മുദ്രാവാക്യം
ലോഗോയിലെഴുതിയിരിക്കുന്ന പില്ഗ്രിംസ് ഓഫ് ഹോപ് എന്ന വാക്കുകള്‍ക്ക് പച്ച നിറമാണ്. പച്ച നവീകരണം, വളര്‍ച്ച, പുതിയ തുടക്കം എന്നിവയെ ദ്യോതിപ്പിക്കുന്നു.
ജൂബിലി വര്‍ഷം നവീകരണത്തിന്റെയും വിചിന്തനത്തിന്റെയും വിശ്വാസത്തിലുള്ള ഐക്യത്തിന്റെയും സമയമാണ് എന്നും നമ്മുടെ പ്രതീക്ഷയിലേക്കുള്ള യാത്ര തനിച്ചല്ല, മറിച്ച് കൂട്ടായ യാത്രയാണ് എന്നും ലോഗോ നമ്മോട് പറയുന്നു.
കുരിശ് നിശ്ചലമല്ല, മറിച്ച് ചലനാത്മകമാണെന്നും, പ്രതീക്ഷ ഊട്ടിയുറപ്പിച്ചുകൊണ്ട് അത് മാനവരാശിയിലേക്ക് ഇറങ്ങിവരുന്നുവെന്നും ആര്‍ച്ചുബിഷപ് റിനോ ഫിഷെല്ല പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com