പാസ്സിംഗ് ഔട്ട് പരേഡില്‍ മിലിട്ടറി ഓഫീസര്‍
ഒരു വൈദികന്റെ ചിത്രത്തിനു മുമ്പില്‍ സല്യൂട്ട് ചെയ്തതെന്തിന്?
ജോര്‍ജ് കൊമ്മറ്റം - ജൂണ്‍ 2024
ഡെറാഡൂണിലെ പ്രശസ്തമായ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ രാഹുല്‍ കുമാര്‍ എന്ന സൈനികന് പാസിംഗ് ഔട്ട് പരേഡിനുശേഷം മിഷണറി വൈദികനായിരുന്ന ഫാ. ജോസഫ് പൈകടയുടെ ഫോട്ടോയ്ക്ക് മുമ്പില്‍ സല്യൂട്ട് ചെയ്തു. ജമ്മുകാശ്മീരിലെ പൂഞ്ചിലെ സെന്റ് ഇഗ്നേഷ്യസ് ഇടവാകംഗമാണ് രാഹൂല്‍. കോഴിക്കോട് ദേവഗിരി കോളജിന്റെ പ്രിന്‍സിപ്പാളും ജമ്മു പൂഞ്ച് മിഷനിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മിഷണറിയുമായിരുന്ന ജോസഫ് പൈകട എന്ന വൈദികന്റെ ചിത്രത്തിനു മുമ്പിലാണ് രാഹുല്‍ കുമാര്‍ സല്യൂട്ട് ചെയ്ത് തന്റെ നന്ദി പ്രകടിപ്പിച്ചത്. രാഹുലിന്റെ നിര്‍ബന്ധപ്രകാരം പൈകടയച്ചന്റെ ചിത്രവുമായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും വൈദികനുമായ മാത്യു നെല്ലേടത്ത് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കനെത്തിയിരുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന കുടുംബത്തില്‍ നിന്നുള്ള തനിക്ക് പഠിക്കാനും സ്വപ്നം കാണുവാനും അവസരം നല്‍കിയതിനാണ് രാഹുല്‍ അദ്ദേഹത്തിന്റെ ചിത്രത്തിനുമുമ്പില്‍ സല്യൂട്ട് ചെയ്തതെന്തിന് സല്യൂട്ട് ചെയ്തത്.
തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ മുഹൂര്‍ത്തത്തില്‍, ഫാ. ജോസഫ് പൈകടയെ സല്യൂട്ട് ചെയ്യാണമെന്ന ആഗ്രഹത്തിനു പിന്നിലുള്ള തീരുമാനത്തിന് കാരണമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്... 'പഠിക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമാണ് പൈകടയച്ചന് സ്കൂളില്‍ അഡ്മിഷന് കൊടുക്കാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ എനിക്ക് വിദ്യാഭ്യാസം കിട്ടാനുള്ള യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഫീസ് കൊടുക്കാന്‍ സാമ്പത്തികശേഷിയുള്ളവരെയാണ് അദ്ദേഹം സ്കൂളില്‍ എടുക്കാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ പൂഞ്ച് ഹൈസ്ക്കൂളിന്റെ പടിപോലും കാണുവാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എല്ലാത്തരത്തിലും സാമൂഹികമായ പിന്നോക്കം നിന്നിരുന്ന ക്രിസ്ത്യാനികള്‍ക്ക് പഠിക്കാന്‍ ആഗ്രഹമുണ്ടാക്കിയത് അദ്ദേഹമായിരുന്നു. ഒരു സാധ്യതയുമില്ലാതിരുന്ന എനിക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള വഴി കാണിച്ചുതന്ന, ഫീസ് വാങ്ങാതെ പഠിപ്പിച്ച, ഈ മനുഷ്യസ്നേഹിയുടെ മുമ്പിലല്ലാതെ ആരുടെ മുമ്പിലാണ് ഈ അവസരത്തില്‍ ഞാന്‍ സല്യൂട്ട് ചെയ്യേണ്ടത്.'
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സ്കുളില്‍ എടുത്താല്‍ സ്കൂളിന്റെ ഭാവി എന്താകും എന്ന് ഒരിക്കല്‍ സഹപ്രവര്ത്തരിലൊരാള് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്... ' അതാണ് മിഷന്.. അതിനുവേണ്ടിയാണ് മിഷന്...അതിനുവേണ്ടിയാണ് നമ്മള് ഇവിടെ വന്നത്. പഠിക്കുന്നവരെ മാത്രം എടുത്ത് 100 ശതമാനം വിജയം ഉണ്ടാക്കുന്നതിനുവേണ്ടിയല്ല, സമൂഹം അവഗണിച്ചവരുടെ അവഗ കൈപിടിച്ചുയര്ത്തുന്നതിനുവേണ്ടിയാണ് നമ്മളിവിടെ വന്നിട്ടുള്ളത്.' അദ്ദേഹം പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തിയും. അനേകം പാവപ്പെട്ട വിദ്യാര്‍ത്ഥികളെ അദ്ദേഹം ഫീസുപോലും വാങ്ങാതെ പഠിപ്പിച്ചു. അതും ജമ്മുകാശ്മീരിലെ പാക്കിസ്ഥാന് അതിര്‍ത്തിയിലെ പൂഞ്ചില്‍ ജീവന് പണയം വെച്ചുകൊണ്ട് ഒരു വിദ്യാലയം അരംഭിക്കാന്‍ അദ്ദേഹം കാണിച്ച നല്ല മനസ്സിനുള്ള ഏറ്റവും വലിയ അംഗീകാരമാണ് രാഹുല്‍കുമാര്‍ എന്ന അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി നല്‍കിയത്.
1989 ലായിരുന്നു ജമ്മു കാശ്മീര്‍ ബിഷപ്പ് ഹിപ്പോളിറ്റസ് പൂഞ്ച്-രജൗറി ജില്ലകള്‍ സി.എം.ഐ സഭയുടെ കോഴിക്കോട് പ്രോവിന്സിനെ ഏല്‍പ്പിച്ചത്. 1982 മുതല്‍ 1989 വരെ കോഴിക്കോട് ദേവഗിരി കോളജിന്റെ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ച അദ്ദേഹം 1989 ല്‍ പാക്കിസ്ഥാന് അതിര്‍ത്തിയായ പുഞ്ചിലെത്തി. അവിടെ ഒരു ആശ്രമവും ഒരു സ്കൂളും സ്ഥാപിച്ചു. 22 വര്‍ഷം കാശ്മീരില്‍ പ്രവര്‍ത്തിച്ചു. സി.എം.ഐ സഭയുടെ കീഴില്‍ ജമ്മുകാശ്മീരിലെ പൂഞ്ച്, രജൗറി , ദിഗ്വാര്‍, ലംബേരി, നൗഷേര എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുമുണ്ട്. അദ്ദേഹം തുടക്കം കുറിച്ച ക്രൈസ്റ്റ് സ്കൂള്‍ എന്ന വിദ്യാഭ്യാസ ശൃംഖല കാശ്മീരിലെ ഏറ്റവും നല്ല സ്കൂളുകളിലൊന്നാണ്. അവിടുത്തെ എന്‍ട്രന്‍സ് പരീക്ഷകളിലെല്ലാം ഏറ്റവും അധികം നേട്ടം കൊയ്യുന്നത് അദ്ദേഹം സ്ഥാപിച്ച ക്രൈസ്റ്റ് സ്കൂളുകളിലെ കുട്ടികളാണ്.
കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസമേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു ഫാ. ജോസഫ് പൈകട. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി വളരെയധികം കഷ്ടപ്പെട്ട പൈകടയച്ചന് വിദ്യാര്‍ത്ഥികളുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിലും വളരയേറെ ശ്രദ്ധിച്ചിരുന്നു. 2019 ലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.