കുറുവിലങ്ങാട് ദേവാലയത്തിലെ
മൂന്ന് നോമ്പ് തിരുന്നാളിന് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും ആനയെ അയയ്ക്കുന്ന പാരമ്പര്യത്തിനുപിന്നില്?
ഷേര്‍ളി പാറ്റാനി
- ഫെബ്രുവരി 2023
ചരിത്രവും ഐതീഹ്യവും ഒരുപോലെ സമന്വയിക്കുന്ന ദേവാലയമാണ് കുറുവിലങ്ങാട് മര്‍ത്താമറിയം പള്ളി. ലോകത്തില്‍ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന കുറുവിലങ്ങാട് പള്ളി കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ പ്രധാന തീര്ത്ഥാനടകേന്ദ്രങ്ങളിലൊന്നാണ്. ഇവിടുത്തെ മൂന്നുനോമ്പു തിരുന്നാള്‍ ചരിത്രപ്രശസ്തമാണ്. ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുന്നാളില്‍ പങ്കെടുക്കാനെത്തുക. യോനായുടെ കപ്പല്‍യാത്രയുടെ അനുസ്മരണമാണിത്. കപ്പല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആചരിക്കുന്നതാണ് പ്രസിദ്ധമായ കപ്പലോട്ടം. അലങ്കരിച്ച ഒരു ചെറിയ കപ്പല്‍ എടുത്തുയര്‍ത്തി പള്ളിയ്ക്ക് ചുറ്റും മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതാണിത്. കപ്പോലോട്ടം പോലെ തന്നെ ആനവായില്‍ ചക്കരനേര്ച്ചയും ആനയകമ്പടി പ്രദക്ഷിണവും മൂന്നു നോമ്പു തിരുന്നാളിന്റെ മാത്രം പ്രത്യേകതകളാണ്.
അത്യപൂര്‍വ്വമായ മതസൗഹാര്‍ദ്ദത്തിന്റെ കഥയും കുറുവിലങ്ങാട് പള്ളിക്കുണ്ട്. പണ്ടുകാലങ്ങളില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും ഇവിടുത്തെ മൂന്നു നോമ്പ് തിരുന്നാളിന് ആനയെ പ്രദക്ഷിണത്തിന് അയക്കുകയും ക്ഷേത്രത്തിലെ ഉത്സവസമയത്ത് പള്ളിയുടെ മുത്തുക്കുടകള്‍ അവിടേക്ക് നല്‍കുകയും ചെയ്യുമായിരുന്നുവത്രെ.
മൂന്നുനോമ്പ് തിരുനാളിലെ നേർച്ചകളിലൊന്നാണ് ആനവായിൽ ചക്കര. ഉദരരോഗങ്ങളുടെ ശമനത്തിനായാണ് ഈ നേർച്ച നടത്തുന്നത്. നേർച്ചയുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെയാണ്: മൂന്നുനോമ്പ് തിരുനാളിന് തെക്കുനിന്നു പുറപ്പെട്ട ഒരു തീർത്ഥാടകൻ വഴിതെറ്റി ഏറ്റുമാനൂർ ക്ഷേത്രത്തിൽ കയറുവാൻ ഇടയായി. തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് ക്ഷേത്രാധികാരികൾ അദ്ദേഹത്തെ പുലിക്കൂട്ടിലടച്ചു. ഇതറിഞ്ഞ് അവിടെയെത്തിയ ഇടവക ജനങ്ങൾ കൂടുപൊളിച്ച് തീർത്ഥാടകനെ രക്ഷിച്ച് കുറവിലങ്ങാട്ട് എത്തിച്ചു. കലിപൂണ്ട അധികാരികൾ ദേവസ്വംവക ആനയുമായി കുറവിലങ്ങാട് പള്ളിയിലെത്തി. ആനയെക്കൊണ്ട് പ്രധാന വാതിൽ കുത്തി പ്പൊളിക്കുവാൻ ശ്രമിച്ചു. ആനയുടെ കൊമ്പ് വാതിലിൽ ഉടക്കുകയും ഇരണ്ടകെട്ടി നോവുമൂലം എന്നതുപോലെ ആന അലറുകയും ചെയ്തു. പള്ളിയകത്തേക്ക് നോക്കിയവർ കണ്ടത് അൾത്താരയിലേക്ക് കൈകൾ വിരിച്ച് മുട്ടിൻമേൽനിന്ന് പ്രാർത്ഥിക്കുന്ന വികാരിയച്ചനെയാണ്. പുറത്തുനിന്നവരുടെ അഭ്യർത്ഥനമാനിച്ച് പള്ളിയകത്തുനിന്ന് അച്ചൻ പുറ ത്തെത്തി പ്രാർത്ഥിച്ചതോടെ ആനയുടെ കൊമ്പ് ഊരാൻ കഴിഞ്ഞു. ഈ സംഭവത്തിനുശേഷമാണ് മൂന്നുനോമ്പ് പ്രദക്ഷിണത്തിന് ഏറ്റുമാനൂർ അമ്പലത്തിൽനിന്ന് ആനയെ അയയ്ക്കാൻ തുടങ്ങിയത്. കുറവിലങ്ങാട് പള്ളിയിൽനിന്നും ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് മുത്തുക്കുടകൾ ന ൽകുന്ന പതിവും ഉണ്ടായിരുന്നു. അടുത്ത കാലംവരെ ഇതു തുടർന്നിരുന്നു. തിരുനാൾ പ്രദക്ഷിണത്തിന് ആന തിടമ്പേറ്റുന്നത് കുറവിലങ്ങാട്ടെ പ്രത്യേകതയാണ്. (അവലംബം: കുറുവിലങ്ങാട്: ഉറവയും ഉറവിടവും-2018)
Send your feedback to : onlinekeralacatholic@gmail.com