അബോര്ഷന് ഭേദഗതി ബില്‍ ഗര്‍ഭപാത്രങ്ങള്‍ കൊലക്കളമാക്കുമ്പോള്‍
ബാബു ജോസഫ് മടപ്പള്ളിക്കുന്നേല്‍ - ഫെബ്രുവരി 2020
ഗര്‍ഭപാത്രം കൊലക്കളമാക്കാന് നിലിവിലുള്ള അബോര്ഷന് നിയമങ്ങള്‍ക്ക് കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ശിശുക്കളെ അമ്മയുടെ ഉദരത്തില്‍വെച്ച് കുഞ്ഞുങ്ങളെ വധിക്കുന്നതിനുള്ള കിരാതമായ നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു. എം.ടി.പി. ആക്ട് (ഭേദഗതി) പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുളള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. നിലവിലെ 20 ആഴ്ച എന്നുള്ള അനുവദനീയമായ കാലാവധി 24 ആഴ്ചയാക്കാന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.
വധശിക്ഷയും ശിശുഹത്യയും
കൊടുംകുറ്റവാളികളെ വരെ വധശിക്ഷയ്ക്ക് വിധേയമാക്കാതെ രക്ഷിക്കാനായി ഓടിനടക്കുന്നവര്‍ നിഷ്കളങ്കരായ ഗര്‍ഭസ്ഥ ശിശുക്കളെ വധിക്കാന്‍ വാദിക്കുന്നു. അഹിംസയെ മുറുകെ പിടിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് പോലും സംഭവിക്കുന്ന കാഴ്ചയാണിത്. ഈ വധശിക്ഷകളുടെ പിന്നാമ്പുറം ഓരോ ഇന്ത്യന്‍ പൗരനും അറിയുകയും ഈ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും വേണം.
വധശിക്ഷയ്ക്ക് എതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്തിനെത്തുടര്ന്ന് നൂറ്റിനാല്‍പ്പതില്‍ അധികം രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കുകയുണ്ടായി. വധശിക്ഷയ്ക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വധശിക്ഷ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ലോ കമ്മീഷനോട് നിര്‍ദ്ദേശിച്ചു. അജിത് പ്രകാശ് ഷാ അദ്ധ്യക്ഷനായ ലോ കമ്മീഷന് 2015 ആഗസ്റ്റ് 31 ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഷ്ട്രത്തിനെതിരായ യുദ്ധം, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാ കുറ്റങ്ങള്‍ക്കും വധശിക്ഷ ഒഴിവാക്കണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്തു. ഇവ രണ്ടുമൊഴികെ ഏതൊരു മാരക കുറ്റം ചെയ്തയാളും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടണം എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍, നിഷ്കളങ്കരില്‍ നിഷ്കളങ്കരും സ്വയം പ്രതിരോധിക്കാന്‍ കഴിയാത്തവരും ഏറ്റവും നിസ്സാഹയകരുമായ ശിശുക്കളെ അമ്മയുടെ ഉദരത്തില്‍ വെച്ച് വധിക്കുന്നതിനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള ഭേദഗതിക്ക് തയാറായിക്കഴിഞ്ഞു. കൊടുംകുറ്റവാളികളുടെ കരച്ചില് കേള്‍ക്കാന്‍ ചെവിയുള്ള ഭരണാധികാരികള്‍ക്ക് എന്തേ നിഷ്കളങ്കരില്‍ നിഷ്കളങ്കരായ ഗര്‍ഭസ്ഥശിശുക്കളുടെ ദിനരോദനങ്ങള് കേള്‍ക്കാന്‍ കഴിയാതെ പോകുന്നു.
എം.ടി.പി. ആക്ട് ഭേദഗതി പ്രധാന നിര്‍ദ്ദേശങ്ങള്‍
അബോര്ഷന് നിയമവിധേയമാക്കിക്കൊണ്ടുള്ള എം.ടി.പി ആക്ട് 1971 പ്രകാരം ഗര്‍ഭചിദ്രത്തിന് വിധേയമാക്കുന്ന ഗര്‍ഭസ്ഥശിശുവിന്റെ പരമാവധി പ്രായം 20 ആഴ്ചയായിരുന്നു. ഈ പ്രായപരിധി 24 ആഴ്ചയായി ഉയര്‍ത്തുതിന് നിര്‍ദ്ദേശം നല്കിയിരിക്കുന്നു.
ഇതുവരെ എം.ബി.ബി.എസ് ബിരുദമെങ്കിലുമുള്ള രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സിനു മാത്രമേ അബോര്ഷന് നടത്താന്‍ അനുമതി ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഭേദഗതി ബില്ലില്‍ പാരമ്പര്യ വൈദ്യന്മാർ, സിദ്ധവൈദ്യന്മാർ , ഓക്സിലറി മിഡ് വൈഫുമാര്‍, ഹോമിയോ ഡോക്ടര്‍മാര്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഗര്‍ഭചിദ്രം നടത്താന്‍ അനുമതി നല്കാന് നിര്‍ദ്ദേശിക്കുന്നു.
ഭരണഘടനയെ കൂട്ടുപിടിച്ചുള്ള നീക്കം
ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ ആ വ്യക്തിക്ക് സുപ്രീം കോടതിയെയോ, ഹൈക്കോടതിയെയോ സമീപിക്കാനും കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടാനുമുള്ള പ്രതിവിധികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 ല്‍ പ്രതിപാദിക്കുന്നുണ്ട്. ഈ ഭരണഘടനാ പ്രകാരമായ പ്രതിവിധികളുടെ പഴുതുകള്‍ തന്ത്രപൂര്‍വ്വം ദുരുപയോഗിച്ച് ഗര്‍ഭചിദ്രം ഭാരതത്തില്‍ നിയമവിധേയമാക്കുക എന്ന ഉദ്ദേശത്തോടെ സ്വാതി അഗര്‍വാള്‍ എന്ന യുവതി സുപ്രീം കോടതിയില്‍ റിട്ട് പരാതി നല്‍കിയത്. സുരക്ഷിതമായ ഗര്‍ഭചിദ്രം രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തിനും പ്രജനന നിയന്ത്രണത്തിനും സ്വകാര്യതയ്ക്കുമുള്ള മൗലികവാകാശമാണെന്നും അവര്‍ വാദിക്കുന്നു.
ജീവിക്കാനുള്ള കുഞ്ഞിന്റെ അവകാശത്തെ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന നഗ്നസത്യം നിഷേധിക്കുന്ന അന്ധത ബാധിച്ച ഒരു കൂട്ടം കച്ചവട താല്പര്യമുള്ള വന്‍ മാഫിയ ഗര്‍ഭചിദ്ര നിയമം ഉദാരമാക്കുവാന്‍ കാലങ്ങളായി പരിശ്രമിക്കുകയാണ്.
ദുരുപയോഗം ദൂരവ്യാപകം
എം.ടി.പി നിയമം ദുരുപയോഗിക്കപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്. അതിലൊന്നാണ് 2016 ജൂലയ് 25 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലൂടെ 24 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ വധിക്കാന്‍ ഉത്തരവായത്. ഗര്‍ഭസ്ഥശിശുവിന്റെ പ്രായം 24 ആഴ്ചയായി ഉയര്‍ത്തുവാനുള്ള നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുതിനുമുമ്പാണ് ബോധപൂര്‍വ്വം കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തല്പരകക്ഷികള് ഈ വിധി സമ്പാദിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തുടര്‍് 2017-18 വര്‍ഷങ്ങളില്‍ മാത്രമായി സമാന രീതിയില്‍ 20 ആഴ്ച കഴിഞ്ഞ അനേകം ഗര്‍ഭസ്ഥശിശുക്കളെ ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിലായി അബോര്ഷന് നടത്തി. വ്യാപകമായി നടത്തിയ ഇത്തരം അബോര്‍ഷനുകള്‍ ഈ നിയമഭേദഗതി നടത്തിക്കിട്ടാന്‍ വേണ്ടി ബോധപൂര്‍വ്വം കോടതിയെ തെറ്റിദ്ധരിപ്പിച്ചും മെഡിക്കല്‍ ബോര്‍ഡില്‍ സ്വാധീനം ചെലുത്തിയും സൃഷ്ടിക്കപ്പെട്ടവയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാതി അഗര്‍വാള്‍ കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിക്കൊപ്പം വെളിപ്പെടുത്തിയ 20 ആഴ്ച കഴിഞ്ഞ ഗര്ഭചിദ്രങ്ങളുടെ പട്ടിക ഇതിനുവേണ്ടി മാത്രം മുന്കൂട്ടിി തയാറാക്കി മനുപൂര്‍വ്വം സൃഷ്ടിച്ച ഗര്ഭിചിദ്രങ്ങളായിരുന്നു എന്ന് ഇതിനാല്‍ സംശയിക്കുന്നു. 20 ആഴ്ച കഴിഞ്ഞ ഗര്‍ഭചിദ്രം അത്യാവശ്യമാക്കപ്പെടുക എന്നത് ഗര്‍ഭിണികളുടെ ആവശ്യത്തേക്കാള്‍ മറ്റൊരു വിഭാഗത്തിന്റെ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു എുള്ളതാണ് ഇതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഇതിനുപിന്നില്‍ ഒരു വന്‍ മെഡിക്കല്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ എം.എസ്.എഫ്, ഡോക്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ് തുടങ്ങിയ അനേകം സംഘടനകള്‍ സംശയത്തിന്റെ നിഴലിലാണ്.
അമ്മയും കുഞ്ഞും കൊല്ലപ്പെടുന്നു
ഇന്ത്യയില്‍ ഒരു വര്‍ഷം ഏഴു ലക്ഷത്തോളം അബോര്ഷന് നടക്കുന്നുവെന്നും അതില്‍ 50 ശതമാനം നിയമവിധേയമല്ലാതെയാണെന്നും കണക്കുകള്‍ പറയുന്നു. സുരക്ഷിതമല്ലാത്ത ഗര്‍ഭചിദ്രം മൂലം ഇതില്‍ 8 ശതമാനം അമ്മമാരും മരണപ്പെടുന്നുവെന്നത് ഞെട്ടിിക്കുന്ന സത്യമാണ്. അതായത് ഇന്ത്യയില്‍ ഓരോ രണ്ട് മണിക്കൂറിലും സുരക്ഷിതമല്ലാത്ത ഗര്‍ഭചിദ്രം കാരണം ഒരു സ്ത്രീ വീതം മരിക്കുന്നു.
ഇന്ത്യയില്‍ എം.ടി.പി ആക്ട് നിലവില്‍ വന്ന 1972 ഏപ്രില്‍ 1 മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള 40 വര്‍ഷത്തിനിടയില്‍ 2.23 കോടിയോളം ഗര്‍ഭചിദ്രം നിയമപരമായി നടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം രണ്ടു ലക്ഷത്തോളം അമ്മമാര്‍ ഗര്‍ഭചിദ്രത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു.
പുതിയ ഭേദഗതികള്‍ എന്തിന്
സ്വഭാവികമായും ഏതൊരു നിയമവും നിയമഭേദഗതിയും കൊണ്ടുവരുന്നതിനുമുമ്പ് അത്തരമൊരു നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതുവഴി സമൂഹത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും വിശദീകരിക്കേണ്ടതുണ്ട്. ഈ നിയമത്തിലൂടെ ഉണ്ടായ നന്മയെന്താണ്. ഇപ്പോള്‍ ഈ നിയമം കൂടുതല്‍ ഉദാരമാക്കേണ്ടതിന്റെ ആവശ്യകതയെന്താണ്. ഗര്‍ഭചിദ്രത്തിലൂടെ മരണപ്പെട്ട ശിശുക്കളുടെ ശരീരഭാഗങ്ങള്‍ എന്തു ചെയ്യുന്നു.
ഗര്‍ഭചിദ്ര മരുന്നുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഉത്പാദിപ്പിക്കുന്ന വ്യവസായ ലോബികള്‍ ഇതിനുപിന്നിലുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഈ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.
2019 ഏപ്രില്‍ 24 ന് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് എം.ടി.പി. ആക്ട് (ഭേദഗതി ) 2014 ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്കി. അതില്‍ പ്രസ്തുത കോടതി പരമാര്ശിച്ചിരിക്കുന്നത് ഭാരതത്തില്‍ 81 ശതമാനം ഗര്ഭിചിദ്രങ്ങളും വീടുകളില്‍ സുരക്ഷിതമല്ലാതെ നടക്കുന്നുവെന്നാണ്.
ഇത്രയും ഭികരമായ ഒരുവസ്ഥ ഇന്ത്യയില്‍ നടക്കുന്നുവെങ്കില്‍ അതിനു യഥാര്‍ത്ഥ പരിഹാരമാണോ ഗര്‍ഭചിദ്രം നിയമവിധേയമാക്കുക എന്നത്.
രാജ്യത്ത് സുലഭമായി ലഭിക്കുന്ന അന്താരാഷ്ട്ര കുത്തക കമ്പനികളുടെ അടക്കം എല്ലാ ഗര്ഭിചിദ്ര മരുന്നുകളും തടയുകയല്ലേ വേണ്ടത് എന്ന സംശയങ്ങള്‍ സാധാരണ ജനനത്തിന് വരെയുണ്ട്.
കൊലപാതകങ്ങള്‍ സമൂഹത്തില്‍ കൂടുന്നുവെങ്കില്‍ കൊലപാതകം രാജ്യത്ത് നിയമവിധേയമാക്കുകയാണോ ചെയ്യുക. അതോ കര്‍ശന നിയമം നടപ്പിലാക്കി കൊലകള്‍ നിര്‍ത്തുവാന്‍ ശ്രമിക്കുകയാണോ ചെയ്യുക. അതുപോലെ തന്നെയല്ലേ ഗര്ഭിചിദ്രങ്ങള് കൂടുന്നു എന്ന കാരണത്താല്‍ ഉദരശിശുക്കളെ കൊല്ലുവാന്‍ നിയമം ഉദാരമാക്കുക എന്നത്. ശരിക്കും ഈ നിയമനിര്‍മ്മാണം പ്രഹസനമല്ലേ.
മിണ്ടാപ്രാണികളായ മൃഗങ്ങള്‍ക്കുവേണ്ടി വാദിക്കാനും നിലകൊള്ളാനും നിയമം കര്‍ക്കശമാക്കുവാനും മുന്നിട്ടിറങ്ങു കേന്ദ്രസര്‍ക്കാര്‍ എന്തേ ഉദരത്തില്‍ കിടുന്നു പിടഞ്ഞു മരിക്കു ന്ന കുഞ്ഞുങ്ങളുടെ രോദനങ്ങള്‍ക്ക് വിലകല്പിക്കുന്നില്ല. ശരീരഭാഗങ്ങള്‍ ഇഞ്ചിഞ്ചായി മുറിച്ചുമാറ്റപ്പെടുകയോ, ഉപ്പുലായനിയോ രാസവസ്തുക്കളോ ഉപയോഗിച്ച് ഉരുക്കി കളയുമ്പോള്‍ വേദനകൊണ്ട് പുളഞ്ഞു കാറുന്ന ഗര്‍ഭസ്ഥ ശിശുക്കളുടെ നിലവിളി കേള്‍ക്കാന്‍ കഴിയാത്തവരെ മനുഷ്യര്‍ എന്ന് വിളിക്കാമോ.
ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വരെ കുടുംബ സ്വത്തില്‍ അവകാശമുള്ള ഈ രാജ്യത്ത് ആ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ജനിക്കാന്‍ അവകാശമില്ലെന്നോ. അവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നോ. ആ നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ് യഥാര്‍ത്ഥ മനുഷ്യാവകാശ ലംഘനം.
പുതിയ നിയമഭേദഗതിയെ ശക്തമായി എതിര്‍ക്കുകയും എം.ടി.പി ആക്ട് തന്നെ അസാധുവാക്കിക്കൊണ്ട് നിരപരാധരുടെ രക്തം ചിന്തുന്ന സാഹചര്യം രാജ്യത്ത് ഇല്ലാതാക്കുകയും ചെയ്യാന്‍ മനുഷ്യസ്നേഹികള്‍ മുന്നോട്ട് വരണം. എങ്കില്‍ മാത്രമേ രാജ്യത്ത് സമാധാനവും പുരോഗതിയും ദൈവാനുഗ്രഹവും ഉണ്ടാകൂ.
ജീവന്റെ സംരക്ഷണം നാടിന്റെ സംരക്ഷണം
ജാതിമതവര്ഗ്ഗ രാഷ്ട്രീയ ഭേദമെന്യെ സകല മനുഷ്യരും ഓര്‍ത്തുവെച്ചോളു. ദൈവത്തിന്റെ ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെടുന്ന ഓരോ മനുഷ്യ ജീവനും ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കപ്പെടേണ്ട അമ്മയുടെ ഉദരത്തില്‍ വെച്ചു തന്നെ കശാപ്പുചെയ്യപ്പെടുമ്പോള്‍ പ്രകൃതിക്ക് താളം തെറ്റും. സകല ജീവജാലങ്ങളെയും അതു ബാധിക്കും. നിപ്പയായും കൊറോണയായും തീയായും പ്രളയമായും കൊടുങ്കാറ്റായും ദുരന്തങ്ങള്‍ വരുമ്പോള്‍ ദൈവം ക്രൂരനാണ് എന്ന് പറഞ്ഞ് ചോദ്യം ചെയ്യുകയല്ല, മനുഷ്യര്‍ എത്ര ക്രൂരരാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.
Send your feedback to : onlinekeralacatholic@gmail.com