അല്‍ഫോന്‍സാമ്മയെക്കുറിച്ച് മുട്ടത്ത് വര്‍ക്കി പറഞ്ഞത്
K.C.O - ജൂലൈ 2021
(ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനായിരുന്ന മുട്ടത്ത് വര്‍ക്കിയുടെ വാക്കുകള്‍)
അല്‍ഫോന്‍സാ.. മുട്ടത്തുപാടത്ത് മൊട്ടിട്ട ശോശാന്നപ്പൂവ്, അത് സഹ്യന്റെ മലമടക്കുകളുടെ താഴ്വരത്ത് ഭരണങ്ങാനത്ത് വിരിഞ്ഞു. കാടുകളിലെങ്ങും കൂടുകൂട്ടുന്ന പറവകള്‍ അതിന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും മീനച്ചിലാറിന്റെ ചിറ്റോളങ്ങള് അത് കേട്ട് താളം പിടിക്കുകയും ചെയ്തു.
മലയോരങ്ങളില്‍ നിന്നു നിര്‍മ്മലങ്ങളായ ഇളം കുളിര്‍തെന്നലുകള്‍ വന്ന് അതിനെ തലോടി. പകലത്തെ വിഭാതങ്ങളും അസ്തമനങ്ങളും അതിനെ കനകവസ്ത്രങ്ങള് അണിയിച്ചു. രാത്രിയില്‍ ചന്ദ്രിക അതിനെ വെള്ളപ്പട്ടണിയിച്ചു. നക്ഷത്രങ്ങളോ, വെള്ളിരേണുക്കള് തുന്നിപ്പിടിപ്പിച്ച ഉടുപ്പ്.
ആ പൂവിന് സൗരഭ്യമുണ്ടായി. ആ സൗരഭ്യം കന്യകാലയത്തിന്റെ ഇടുങ്ങിയ വാതായനങ്ങളിലൂടെ പുറമെയുള്ള വായുക്കളില്‍ കലര്‍ന്നു. സഹ്യസാനുക്കളില്‍ അത് വ്യാപിച്ചു. ആസേതുഹിമാചലം മനുഷ്യകോടികള്‍ ആ സൗരഭ്യം മണത്തറിഞ്ഞു. എങ്കിലും പൂക്കളായ പൂക്കളെയെല്ലാം സൃഷ്ടിച്ച ദൈവം ആ പൂവ് ഇറുത്തെടുത്ത് പറുദീസായിലേക്ക് കൊണ്ടുപോയ്ക്കളഞ്ഞു. മാലാഖമാര്‍ ആ വാടാപുഷ്പത്തെ പരിചരിക്കുന്നു. എന്നും പരിചരിച്ചുകൊണ്ടേയിരിക്കും. ആ പൂവ് പോയെങ്കിലും അതിന്റെ പരമ്യവും ആമോഘവുമായ പരിമളം ചക്രവാളം തൊട്ട് ചക്രവാളം വരെയുള്ള വസുന്ധരയെ ആ ചന്ദ്രതാരം പുളകം കൊള്ളിച്ചുകൊണ്ടേയിരിക്കും. അല്‍ഫോന്‍സാ.. അവളൊരു രത്നമായിരുന്നു. വിലയേറിയ രത്നം. മഹര്‍ഷിമാരുടെ ആദ്ധ്യാത്മിക ചേതനകൊണ്ട് പവിത്രീഭൂതമായ ഭാരതത്തിന്റെ മണ്ണില്‍ വിളങ്ങിയ രത്നം, മാര്‍ത്തോമ്മശ്ലീഹായുടെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍. നമ്മുടെ ആദ്ധ്യാത്മിക മൂലധനമായി ദൈവം ആ രത്നത്തെ സ്വര്‍ഗ്ഗീയ ഭണ്ഡാഗാരത്തില് എന്നേയ്ക്കുമായി സൂക്ഷിക്കുന്നു. അല്‍ഫോന്‍സാ.. അവളൊരു ജ്യോതിസ്സായിരുന്നു. യുഗങ്ങളുടെ സംക്രമവേദിയില് ദൈവം കൊളുത്തിവച്ച കെടാത്ത നെയ്വിളക്ക്. അത് പ്രകാശിച്ചുനിന്നപ്പോള് നമ്മള് ആ വെളിച്ചം കാണാതെപോയി. ദൈവം ആ ദീപത്തെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തുകൊണ്ട് പോയ്ക്കളഞ്ഞു. എങ്കിലും അതിന്റെ പ്രകാശം എന്നും ഭൂമിയില്‍ തങ്ങിനല്ക്കും. അല്‍ഫോന്‍സാ..ഭാരതത്തിലെ ആദ്യത്തെ പുണ്യവതി. അവളുടെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ. വിശുദ്ധ അല്‍ഫോന്‍സാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ - എന്നു പ്രാര്‍ത്ഥിക്കാന്‍ നമുക്ക് സാധിക്കണേ. പുണ്യദിനമേ വേഗം വരൂ!