ഝാന്‍സിയില്‍ കന്യാസ്ത്രികളെ അധിക്ഷേപിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഏപ്രില്‍ 2021
ഝാന്‍സിയില്‍ കന്യാസ്ത്രികള്‍ക്കും സന്യാസാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. നോര്‍ത്ത്-സെന്‍ട്രല്‍ റെയില്‍വേ മാനേജര്‍, റെയില്‍വേ പോലീസ് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ നാലാഴ്ചക്കകം മറുപടി നല്‍കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു.
സുപ്രീം കോടതി അഭിഭാഷകയും ദേശീയ ന്യൂനപക്ഷവിദ്യാഭ്യാസ കമ്മീഷന് മുന്‍ അംഗവുമായ സിസ്റ്റര്‍ ജെസി കുര്യന് നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പകര്‍പ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയും നോട്ടീസ് നല്കി നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കമ്മീഷന് കേസെടുത്ത വിവരം ബന്ധപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രികള്‍ക്കും രണ്ടു സന്യാസാര്‍ത്ഥിനികള്‍ക്കും എതിരെയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എബിവിപി ബജ്റാംഗ്ദള് പ്രവര്‍ത്തകരുടെ ഒരു സംഘം കന്യാസ്ത്രികള്ക്കുനേരെ അധിക്ഷേപമുന്നയിക്കുകയായിരുന്നു. മതിയായ രേഖകളും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയില്‍വേ ഉദ്യോഗസ്ഥരും പോലീസും യാത്രക്കാരം ട്രെയിനില്‍ നിന്നിറക്കി പോലീസ് സ്റ്റേഷനില്‍ രാത്രി പത്തുവരെ തടഞ്ഞുവച്ചു.
സ്ത്രീകളായ യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും സംഭവസമയത്ത് ഒരു വനിത പോലീസ് പോലുമുണ്ടായിരുന്നില്ലെന്നും സിസ്റ്റര്‍ ജെസി കുര്യന് ചൂണ്ടിക്കാട്ടി. സംഭവമുണ്ടായപ്പോള്‍ നടപടിയെടുക്കാതെ നോക്കിനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഹര്‍ജിക്കാരിയായ സിസ്റ്റര്‍ ജെസി കുര്യന് ആവശ്യപ്പെട്ടു. (കടപ്പാട്:ദീപിക)
Send your feedback to : onlinekeralacatholic@gmail.com