കൈകളറ്റ മാതാവിന്റെ തിരുസ്വരൂപം ഇറാക്ക് സന്ദര്‍ശന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ ആശിര്‍വദിച്ചു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - മാര്‍ച്ച് 2021
ഫ്രാന്‍സിസ് മാര്‍പാപ്പ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നശിപ്പിച്ചതും തിരികെ യോജിപ്പിച്ചതുമായ കന്യകാമറിയത്തിന്റെ തിരുസ്വരൂപം തന്റെ ഇറാക്ക് സന്ദര്‍ശനവേളയില്‍ ആശീര്‍വദിച്ചു. ഇര്‍ബിലില്‍ നടന്ന ദിവ്യബലി മധ്യേയാണ് മാതാവിന്റെ രൂപം വെഞ്ചരിച്ചത്. 2014-17 കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവദികള്‍ ഇറാക്കിലെ ക്രൈസ്തവ കേന്ദ്രമായിരുന്ന നിനിവേ കീഴടക്കുകയും അവിടെയുണ്ടായിരുന്ന ക്രൈസ്തവ ദേവാലയങ്ങളും തിരുസ്വരൂപങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. ക്രൈസ്തവ കേന്ദ്രമായിരുന്ന നിനിവേയിലെ കരാമല്സ് എന്ന സ്ഥലത്തുണ്ടായിരുന്ന മാതാവിന്റെ തിരുസ്വരൂപമാണ് ഭീകരർ തകര്‍ത്തത്. തല തകര്‍ക്കുകയും കൈകള്‍ വെട്ടിമാറ്റുകയും ചെയ്യപ്പെട്ട മാതാവിന്റെ സ്വരൂപം വിശ്വാസികള്‍ മടങ്ങിവന്ന് കണ്ടെത്തുകയായിരുന്നു. തിരുസ്വരൂപത്തിന്റെ തല കണ്ടെത്തി ശില്പികള് അത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ വെട്ടിമാറ്റപ്പെട്ട കരങ്ങള്‍ കണ്ടെത്താനായില്ല.
നിങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയും തന്റെ തിരുക്കുമാരന്റെ പീഡാനുഭവത്തിലും മരണത്തിലും ഉയിര്‍പ്പിന്റെ സന്തോഷത്തിലും പങ്കുചേര്‍ന്ന പരിശുദ്ധ കന്യകാമാതാവിന്റെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നു. മാതാവ് നമ്മെ ക്രിസ്തുവിലേക്ക് നയിക്കുയും ദൈവത്തിന്റെ ശക്തിയും ജ്ഞാനവും നമുക്ക് ലഭിക്കുന്നതിന് വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യട്ടെ എന്ന് സമര്‍പ്പണസമയത്ത് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.
ഇറാക്കിലെ ജനതയ്ക്ക് ആവശ്യം ദൈവത്തിന്റെ സൗഖ്യമാണെന്നു പറഞ്ഞ മാര്‍പാപ്പ അവരോട് സമാധനത്തെ ആശ്ലേഷിക്കുവാന്‍ ആഹ്വാനം ചെയ്തു.
Send your feedback to : onlinekeralacatholic@gmail.com