ഹാഗിയ സോഫിയ മനം നൊന്ത് മാര്‍പാപ്പ
ജോര്‍ജ് .കെ. ജെ - ജൂലൈ 2020
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോസ്റ്റാന്റിനോപ്പിളില് ജസ്റ്റീനിയന്‍ ഒന്നാമന് ചക്രവര്‍ത്തി എ.ഡി. 537 ല്‍ പണികഴിപ്പിച്ച കത്തീഡ്രലായ ഹാഗിയ സോഫിയയുടെ മ്യൂസിയം പദവി എടുത്തുകളഞ്ഞ് അതിനെ മോസ്ക്കാക്കി മാറ്റാനുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അതീവദുഖം പ്രകടിപ്പിച്ചു. എന്റെ ചിന്തകള്‍ ഇസ്താംബൂളിലേക്ക് പോകുന്നു. ഞാന്‍ ഹാഗിയ സോഫിയയെ കുറിച്ച് ചിന്തിക്കുന്നു. ഞാന്‍ വളരെയധികം വിഷമിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.
ലോക പൈതൃകപദവിയിലുള്ള ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റാനുള്ള തുര്‍ക്കി ഭരണാധികാരികളുടെ തീരുമാനം വേദനയോടെയാണ് ലോകം ശ്രവിച്ചത്. ബഹുസ്വരതയിലും മതസൗഹാര്‍ദ്ദത്തിലും വിശ്വസിക്കുന്ന ലോകജനതയില്‍ വലിയ ദുഖവും ആശങ്കയും ഉളവാക്കിയിരിക്കുകയാണ് തുര്‍ക്കിയിലെ എര്ദോഗാന് ഭരണകൂടത്തിന്റെ നടപടി. തീരുമാനം പുനപരിശോധിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭയും മൂന്നുറ്റമ്പതോളം ക്രൈസ്തവസഭകള്‍ ഉള്‍പ്പെടുന്ന വേള്‍ഡ് കൗസില്‍ ഓഫ് ചര്‍ച്ചസും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടുവെങ്കിലും എര്ദോഗാന് ഭരണകൂടം അതെല്ലാം നിര്‍ദ്ദയം നിരസിച്ചു കഴിഞ്ഞു. ലോക പൈതൃകപദവിയിലുള്ള ഹാഗിയ സോഫിയയുടെ പദവി മാറ്റിയതില്‍ യുനസ്കോ പോലുള്ള ലോകസംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും തുര്‍ക്കി ഭരണകൂടം വകവെച്ചില്ല.
ബൈസന്റൈന്‍ വാസ്തുശില്പകലയുടെ മകുടോദാഹരണമായി ലോകം വാഴ്ത്തിയ ഹാഗിയ സോഫിയ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ദേവാലയമായിരുന്നു. പരിശുദ്ധ ജ്ഞാനം എന്നാണ് ഹാഗിയ സോഫിയ എന്നീ ഗ്രീക്ക് വാക്കുകളുടെ അര്‍ഥം. ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ഈ ദേവാലയത്തിന് ഒരു പ്രധാനസ്ഥാനമുണ്ട്. ഇപ്പോള്‍ ഈസ്താംബൂള്‍ എന്നറിയപ്പെടുന്ന കോസ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ പേരിനു കാരണഭുതനായ കോസ്റ്റന്ന്റൈന് ചക്രവര്‍ത്തിയാണ് ഈ ദേവാലയത്തിന്റെ പ്രാഗ്രൂപം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജസ്റ്റീനിയന്‍ ഒന്നാമന് ചക്രവര്‍ത്തി അതു പുതുക്കിപ്പണിതു.
1453ല്‍ കോസ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ തുര്‍ക്കികള്‍ ഹാഗിയ സോഫിയ കത്തീഡ്രലിനെ മുസ്ലിം ആരാധനാലയമാക്കി പ്രഖ്യാപിച്ചു. കോസ്റ്റാന്റിനോപ്പിളിന്റെ പതനം യൂറോപ്പില്‍ മദ്ധ്യകാലഘട്ടത്തിന്റെ അന്ത്യമായാണു ചരിത്രകാരന്മാര് വിലയിരുത്തുന്നത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ തുര്‍ക്കികള്‍ ആയിരത്തിലേറെ ക്രൈസ്തവ ദേവാലയങ്ങള്‍ മോസ്ക്കാക്കി മാറ്റിയതായി ചരിത്രം പറയുന്നു.
ഒരു ജനവിഭാഗത്തിന്റെ വിശ്വാസപൈതൃകത്തിന്റെ നേര്‍ക്കാഴ്ചയായ ഈ ദേവാലയം അധികാരശക്തിയുപയോഗിച്ച് മാറ്റിമറിച്ചത് ഹൃദയഭേദകമായ അനുഭവമായിരുന്നു. മുസ്ലിം സമൂഹത്തിലെ തന്നെ ധിഷണാശാലികള്‍ ഇതിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. അതിന്റെയെല്ലാം അനന്തരഫലമായി തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും പുരോഗമനവാദിയുമായിരുന്ന മുസ്തഫ കമാല്‍ അത്താത്തുര്‍ക്ക് പ്രസിഡന്റായപ്പോള്‍ ഒരു വലിയ തെറ്റ് തിരുത്തുന്നതിന്റെ ഭാഗമായി ഹാഗിയ സോഫിയയെ 1935 ല്‍ മ്യൂസിയമാക്കി മാറ്റി. എന്നാല്‍ മതമൗലികവാദിയായ തയ്യിപ് എര്ദോഗന് 2014 ല്‍ പ്രസിഡന്റായതോടെ തുര്‍ക്കിയെ ഇരുണ്ട യുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുന്ന പലതീരുമാനങ്ങളും വന്നു. അതില്‍ ഒടുവിലുത്തേതാണ് ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ നടപടി.
എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്യമായിരുന്ന ഹാഗിയ സോഫിയ ഒരു മതത്തിന്റെ ആരാധനാലയമായി എകപക്ഷീയമായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ സാംസ്ക്കാരിക ലോകം വേദനയോടും ആശങ്കയോടും കൂടെ ഈ സംഭവവികാസങ്ങളെ നോക്കിക്കാണുന്നു.
Send your feedback to : onlinekeralacatholic@gmail.com