ലാളിത്യത്തിന്റെ വിപ്ലവകാരി ഫ്രാന്‍സിസ് മാര്‍പാപ്പ
ജോര്‍ജ് .കെ. ജെ - ഡിസംബർ 2019
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതോടെ, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാനുള്ള പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നും പുറപ്പെടുമ്പോള്‍ കാര്‍ഡിനല്‍ ബെര്‍ഗോഗ്ലിയോ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല താനായിരിക്കും അടുത്ത മാര്‍പാപ്പ എന്ന്. മടങ്ങി ചെല്ലുമ്പോള്‍ വിശ്രമജീവിതം നയിക്കുവാനുള്ള സ്ഥലം കൂടി - ഒരുക്കിയിട്ടായിരുന്നു അദ്ദേഹം പുറപ്പെട്ടത്. വലിയ പ്രഭാഷകനോ, പണ്ഡിതനോ, അറിയപ്പെടുന്ന തിയോളജിയനോ അല്ലാതിരുന്നതിനാല്‍ പത്രോസിന്റെ പിന്‍ഗാമി എന്ന പദവിയെക്കുറിച്ച് തമാശയ്ക്കുപോലും ചിന്തിച്ചതുമില്ലായിരുന്നു. ജെസ്യൂട്ട് വൈദികവിദ്യാര്‍ത്ഥികളുടെ ഫോര്മേഷന് രംഗത്തായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ പരിചയം. എന്നാല്‍ പാറമേല്‍ പണിത തന്റെ സഭയെ നയിക്കുവാന്‍ ക്രിസ്തു കണ്ടുവെച്ചതും പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തതും ഈ ലളിതനായ കാര്‍ഡിനല്‍ ബെര്‍ഗോഗ്ലിയോയെ ആയിരുന്നു.
അങ്ങനെ നിനച്ചിരിക്കാതെ, 2013 മാര്‍ച്ച് 13ന് ജോര്‍ഗെ മാരിയോ ബെര്‍ഗോഗ്ലിയോ കത്തോലിക്കസഭയുടെ 266 -ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയും, മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഈശോ സഭാംഗവുമായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ് എന്ന പേരായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. പേരില്‍ തന്നെ തുടങ്ങി അദ്ദേഹം തന്റെ ലാളിത്യത്തിന്റെ വിപ്ലവം. പെട്ടെന്നുതന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും ചിന്തകളും പ്രവൃത്തികളും കൊണ്ട് ലോകത്തെ കീഴടക്കി.
2013 ല്‍ ടൈം മാഗസിന് പേര്‍സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തത് അദ്ദേഹത്തെ തന്നെയായിരുന്നു. തൊട്ടടുത്തവര്‍ഷം ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായ മാര്‍പാപ്പയെക്കുറിച്ച് ആ കാലത്ത് നിര്‍മ്മിച്ച പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ് വേര്‍ഡ്സ് എന്ന ഒരു ഡോക്യുമെന്ററിയുണ്ട്. അത് അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി.
ജര്‍മ്മന്‍കാരനായ വിം വെന്‍ഡേര്‍സ് ആയിരുന്നു അത് ഡയറക്ട് ചെയതത്. രാഷ്ട്രീയക്കാരെക്കുറിച്ചും അധികാരത്തിലുള്ളവരെക്കുറിച്ചും അഴിമതിയും നുണക്കഥകളും പൊള്ളവാര്ത്തകളും കേട്ടുതഴമ്പിച്ച ഒരു ലോകത്തില്‍, പറയുന്നത് പാലിക്കുകയും, സര്‍വമതസ്ഥരുടെയും ആദരവും വിശ്വാസവും നേടിയെടുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് താന്‍ ഡോക്യുമെന്ററി നിര്‍മ്മിച്ചതെന്ന് വെന്‍ഡേര്‍സ് തന്നെ പറയുകയുണ്ടായി.
13 -ാം നൂറ്റാണ്ടില്‍ സഭയെ ആകര്‍ഷിച്ച വിശുദ്ധനായ ഫ്രാന്‍സിസ് അസീസിയോടുലള അനന്യമായ സ്നേഹവും ആദരവുമാണ് താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ ദര്‍ശിച്ചതെന്നും സംവിധായകന് പറയുന്നു. അത് സ്ഥാപിക്കുവാനായി അദ്ദേഹം ഡോക്യുമെന്ററിയില്‍ ഫ്രാന്‍സിസ് അസീസിയുടെയും മാര്‍പാപ്പയുടെയും ചിത്രങ്ങള്‍ മാറിമാറി കാണിക്കുന്നു. രണ്ടുപേര്‍ക്കും അന്യാദൃശ്യമായ സാമ്യമുണ്ടെന്നാണ് സംവിധായകന് സമര്‍ത്ഥിച്ചത്. ദൈവവുമായുള്ള ഗാഡമായ ബന്ധം, എല്ലാ ജീവജാലങ്ങളോടുമുള്ള കരുണ, പ്രപഞ്ചത്തോടുള്ള സ്നേഹം, മറ്റുവിശ്വാസങ്ങളിലേക്കു കടന്നുചെല്ലുവാനുള്ള സന്നദ്ധത, ജീവിതത്തോടുള്ള ശുഭദായകമായ സമീപനം ഇവയൊക്കെ വി.ഫ്രാന്‍സീസ് അസിസിയെപ്പോലെ മാര്‍പാപ്പയുടെ ജീവിതത്തിലും നിറഞ്ഞുനില്ക്കുന്നുവെന്ന് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയെ വിപ്ലവകാരിയെന്നും സോഷ്യലിസ്റ്റെന്നുമൊക്കെ പലരും മുദ്രകുത്തുന്നുവെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വം കത്തോലിക്കസഭയ്ക്ക് നല്കിയ കുതിപ്പ് അളന്നുതിട്ടപ്പെടുത്താനാവില്ല. മനുഷ്യരോടും പ്രപഞ്ചത്തോടുമുള്ള സ്നേഹവും കരുതലും വഴിഞ്ഞൊഴുകുതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും ചാക്രിക ലേഖനവുമെല്ലാം. കത്തോലിക്കരെയും ക്രിസ്തുവിനെയും വീണ്ടും വീണ്ടും കുരിശില്‍ തറയ്ക്കാന് ഓങ്ങിനിന്നവര് പോലും അദ്ദേഹത്തിന്റെ നൈര്മല്യത്തിനുമുമ്പില് മുട്ടുമടക്കി. മാര്പാപ്പയായതുമുതല് അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും ലോകം ദര്‍ശിക്കുന്നത് കരുണയുടെയും സ്നേഹത്തിന്റെയും വിപ്ലവമാണ്. അതുകൊണ്ടാണ് അദ്ദേഹം അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും ജയിലുകളിലേക്കുമൊക്കെ കടന്നുചെല്ലുന്നതും അവരെ ആശ്വസിപ്പിക്കുന്നതും ആശ്ലേഷിക്കുന്നതും. ഗ്രീസിലെ ലെസ്ബോസിലേക്കുള്ള യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ അദ്ദേഹം കൂടെ കൊണ്ടുവന്നത് 12 മുസ്ലിം അഭയാര്ത്ഥികുടുംബങ്ങളെയായിരുന്നു. മുസ്ലിം രാജ്യങ്ങള്‍പോലും തങ്ങളുടെ സഹോദരങ്ങളായ മുസ്ലിം അഭയാര്‍ത്ഥികള്‍ക്കു മുമ്പില്‍ അവരവരുടെ രാജ്യത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചമ്പോള് കത്തോലിക്കസഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ വത്തിക്കാനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കരുണയുടെ സുവിശേഷം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നുള്ള സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ അന്ന് ലോകം ദര്‍ശിച്ചത്.
വത്തിക്കാനില്‍ നിന്ന് അദ്ദേഹം ദരിദ്രമായ അയല്‍വക്കങ്ങളിലേക്കും അഭയാര്ത്ഥിക്യാമ്പുകളിലേക്കും ജയിലുകളിലേക്കും ആസ്പത്രികളിലേക്കും ഹോളോകോസ്റ്റ് മ്യൂസിയത്തിലേക്കുമൊക്കെ അപ്രതീക്ഷിതമായി കടന്നുചെല്ലുന്നു. എവിയെയായാലും അദ്ദേഹം മറ്റുള്ളവരെ അനുഗ്രഹിക്കുകയും സ്നേഹത്തോടെ ആലിംഗനം ചെയ്യുകയും അവര്‍ക്ക് പ്രചോദനമേകുകയും ചെയ്യുന്നു.
പലരും അദ്ദേഹത്തെ വലിയ പരിഷ്ക്കര്‍ത്താവ് എന്ന് വിളിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ വളരെ ലളിതമാണ്, അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ. ലളിതമായി ജീവിക്കുവാനാണ് അദ്ദേഹത്തിന്റെ ആത്മീയോപദേശം. അതുകൊണ്ടാണ് അദ്ദേഹം മാര്‍പാപ്പയുടെ ആഡംബര വസതിയില്‍ നിന്നും മാറി സാധാരണ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റിയത്. സാധാരണയാത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുകയും സ്വന്തം ലഗേജ് സ്വന്തം കൈകളില്‍ വഹിക്കുകയും ചെയ്യുന്നത്.
സ്ഥാപനവത്ക്കരണത്തിന്റെയും അഴിമതിയുടെയും സമ്പത്തിന്റെയും ആഡംബരഭ്രമത്തിന്റെയും മഴവെള്ളപാച്ചിലുകളില് നിന്ന് സഭാനൗകയെ തീരംചേര്ക്കുവാന് പരിശുദ്ധാത്മാവ് നിയോഗിച്ച കപ്പിത്താനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സഭയ്ക്ക് പുതിയ വെളിച്ചം പകരുന്നു. പുതിയ ദിശാബോധം നല്കുന്നു. എതിരാളികള്‍ അദ്ദേഹത്തെ സോഷ്യലിസ്റ്റ് എന്നുപോലും വിളിക്കുന്നു. എങ്കിലും അദ്ദേഹം അവരെയെല്ലാം ആലിംഗനം ചെയ്യുന്നു.
സമ്പത്തില്‍ ആശ്രയിക്കരുതൊണ് മാര്‍പാപ്പയുടെ ഉപദേശം. ആര്‍ക്കും രണ്ടുയജമാനന്മാരെ സേവിക്കാനാകുകയില്ല. സമ്പത്ത് ദൈവത്തിലര്‍പ്പിക്കുന്ന വിശ്വാസത്തിന് ദൈവം നല്കുന്ന പ്രതിഫലമാണ്. സമ്പത്തില്‍ സഭ പ്രതീക്ഷയര്പ്പിക്കുന്നിടത്തോളം കാലം, ക്രിസ്തു അവിടെ ഉണ്ടായിരിക്കുകയില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു പക്ഷേ മാമോനെയും ദൈവത്തെയും ഒരു പോലെ പ്രീതിപ്പെടുത്താന്‍ വെമ്പുന്നവര്‍ക്ക് തലയ്ക്കേറ്റ അടിയായിത്തോന്നിയേക്കാം.
നാം സുരക്ഷിതരാകണമെങ്കില്‍ നാം മറ്റുള്ളവര്‍ക്ക് സുരക്ഷ നല്‍കണം. നമ്മളോട് മറ്റുള്ളവര്‍ എന്തുചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ, അത് നാം മറ്റുള്ളവരോട് ചെയ്യുക എന്ന സുവര്‍ണ നിയമം ഒരിക്കല്‍ യു.എസ്. കോഗ്രസില്‍ അഭയാര്‍ത്ഥി പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെ രാഷ്ട്രനേതാക്കളുടെ മുഖത്ത് നോക്കി മാര്‍പാപ്പ പറഞ്ഞു.
സമാധാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും അതേസമയം ആയുധകച്ചവടത്തിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രനേതാക്കളോട് എന്തുകൊണ്ടാണ് നിങ്ങള്‍ മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതെന്നും യഥാര്‍ത്ഥ സമാധാനസ്ഥാപകര്‍ രക്തംപുരണ്ട പണം വാരിക്കൂട്ടുന്നതില്‍ നിന്നും പിന്മാറണമെന്നും മുഖത്തുനോക്കി പറയുന്ന മാര്‍പാപ്പയെ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അതിശയം വേണ്ട.
വനിതകളെ ബഹുമാനിക്കുക. വനിതകളുടെ നേതൃത്വവും ഉപദേശവും കാഴ്ചപ്പാടും അംഗീകരിക്കാനാവാത്ത ലോകത്തിന് പുരോഗമനമുണ്ടാക്കുകയില്ല എന്ന മാര്‍പാപ്പയുടെ വാക്കുകള്‍ വനിതാവിരോധികള്ക്ക് എങ്ങനെയാണ് രുചിക്കുക.
കത്തോലിക്കസഭയുടെ ചരിത്രത്തില്‍ അദ്ദേഹം ഒരു വിപ്ലവകാരിയാണ്. ലാളിത്യത്തിന്റെ, സ്നേഹത്തിന്റെ, കരുണയുടെ വിപ്ലവകാരി.
Send your feedback to : onlinekeralacatholic@gmail.com