സൗത്ത് കൊറിയന്‍ പ്രസിഡന്റ് മാര്‍പ്പയ്ക്ക് സമ്മാനിച്ചത് മുള്ളുകമ്പികൊണ്ടുള്ള കുരിശോ?
ക്രിസ് ജോര്‍ജ് - ഒക്ടോബര്‍ 2021
മരക്കുരിശ് സ്വര്‍ണ്ണക്കുരിശ് എന്നൊക്കെ നമ്മള് കേട്ടിട്ടുണ്ട് എന്നാല്‍ മുള്ളുകമ്പി കൊണ്ട് ഒരു കുരിശ് എന്ന് ആദ്യമായിട്ടായിരിക്കും നാം കേള്‍ക്കുന്നത്. മാര്‍പാപ്പയെ കാണാന്‍ വത്തിക്കാനിലെത്തിയ സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത് മുള്ളുകമ്പികൊണ്ടൊരു കുരിശ്. സൗത്ത് കൊറിയയെയും നോര്‍ത്ത് കൊറിയയെയും വേര്‍തിരിച്ചിരുന്ന മുള്ളകമ്പിള് ഉരുക്കിയുണ്ടാക്കിയതാണ് ഈ കുരിശ്.
നോര്‍ത്ത് കൊറിയയെും സൗത്ത് കൊറിയേയും വേര്‍തിരിച്ചിരുന്നതും പിന്നീട് ഡിമിലറ്ററൈസ് സോണില്‍ നിന്നുമുള്ള ബാര്ബ്ഡ് വയറുകള്‍ ഉരുക്കിയെടുക്ക് ഉണ്ടാക്കിയ 136 കുരിശുകളില്‍ ഒന്നാണ് അദ്ദേഹം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്. ആ കുരിശുകള്‍ ഇരു കൊറിയകളെയും വിഭജിച്ചുനിര്‍ത്തിയ 68 വര്‍ഷങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ആ കുരിശ് സമാധാനത്തിന്റെ പ്രതീകമാകട്ടെ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുള്ളുകമ്പിയിലെ മുള്ളും ബ്ലേഡും തീയില്‍ ഉരുകി ഒരു കുരിശായിത്തീര്ന്നതുപോലെ, നമ്മുടെ ഹൃദയങ്ങളെ വേര്‍തിരിക്കുന്ന ഇരുമ്പുവേലികള്‍ എന്നേന്നേയ്ക്കുമായി ഉരുകിപ്പോകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ഈ കുരിശ് ആഴത്തില്‍ വളരട്ടെയെന്നും സമാധാനം നിലനില്‍ക്കട്ടെയെന്നും ഞാന്‍ തീക്ഷണമായി പ്രാര്‍ത്ഥിക്കുന്നു... ഇതായിരുന്നു കുരിശിനൊപ്പം അദ്ദേഹം നല്കിയ സന്ദേശക്കുറിപ്പില്‍ പ്രസിഡന്റ് സൂചിപ്പിച്ചു.
ഇരു രാജ്യങ്ങളും വേര്തിരിഞ്ഞപ്പോള് ആയിരക്കണക്കിന് കുടുംബങ്ങളാണ് കമ്പിവേലികള്‍ക്ക് അപ്പുറവും ഇപ്പുറവുമായി പോയത്. കുടുംബാംഗങ്ങളില്‍ പലരും എന്നേന്നേയ്ക്കുമായി വേര്തിരിക്കപ്പെട്ടുപോയി. സൗത്ത് കൊറിയന്‍ പ്രസിഡന്റിന്റെ തന്നെ മാതാപിതാക്കള്‍ 1950 ലെ കൊറിയന്‍ യുദ്ധകാലത്ത് സൗത്ത് കൊറിയയിലേക്ക് പലായനം ചെയ്തവരാണ്. അവര്‍ക്കൊരിക്കലും നോര്‍ത്ത് കൊറിയയില്‍ അവശേഷിച്ച അവരുടെ ബന്ധുക്കളെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഇരു കൊറിയകളും അത്ര സ്വരചേര്‍ച്ചയിലല്ല. രണ്ടു രാജ്യങ്ങളും സാമ്പത്തികമായും സാംസ്ക്കാരികമായും രണ്ടു ധ്രുവങ്ങളില്‍ തന്നെയാണ് താനും.
ക്രൈസ്തവര്‍ അതിക്രൂരമായ പീഡനം നേരിടുന്നതും മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രവുമാണ് നോര്‍ത്ത് കൊറിയ.
എന്നാല്‍ നോര്‍ത്ത് കൊറിയന്‍ അഭയാര്‍ത്ഥികളുടെ മകനായ സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ഒരു കത്തോലിക്കനും മുന്‍ മനുഷ്യാവകാശ അറ്റോര്‍ണിയുമാണ്. അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന് മുന്‍തൂക്കം നല്കുന്ന വ്യക്തിയുമാണ്.
Send your feedback to : onlinekeralacatholic@gmail.com