ആശ്വാസതൈലവുമായി മാര്‍പാപ്പ ഇറാക്കിലെത്തുമ്പോള്
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഫെബ്രുവരി 2021
ക്രൈസ്തവന്റെ ചുടുനിണം വീണുകുതിര്‍ന്ന ഇറാക്കിന്റെ മണ്ണില്‍ ആശ്വാസതൈലവും സമാധാനസന്ദേശവുമായി സ്നേഹത്തിന്റെ പ്രവാചകനായ ഫ്രാന്‍സിസ് മാര്‍പാപ്പ പറന്നിറങ്ങുന്നു. ആദിമസഭയോളം നീളുന്നതാണ് ഇറാക്കിലെ ക്രൈസ്തവ പാരമ്പര്യം. ലോകചരിത്രത്തില്‍ ഇറാക്ക് സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് അദ്ദേഹം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ ഇറാക്കിലെയും മിഡില്‍ ഈസ്റ്റിലെയും ക്രൈസ്തവര്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. മാര്‍ച്ച് 5 ന് ഇറാക്കിലെത്തുന്ന മാര്‍പാപ്പ ബാഗ്ദാദ്, അബ്രാഹത്തിന്റെ നഗരമായ ഊര്, ക്രൈസ്തവ സാന്നിധ്യമുള്ള ഇര്‍ബില്‍, മോസൂള്‍, ക്വറാഘോഷ്, നിനവേ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കും.
വളരെക്കാലമായി ഇറാക്ക് സന്ദര്‍ശിക്കണമെന്നും അവിടുത്തെ വിശ്വാസികള്‍ക്ക് പ്രതീക്ഷയും ധൈര്യവും പകരണമെന്നും മാര്‍പാപ്പ ആഗ്രഹിച്ചിരുന്നു. ഇറാക്കിലെത്തുന്ന മാര്‍പാപ്പ അവിടുത്തെ ഷിയാ മുസ്ലിം ലീഡറായ ഗ്രാന്‍ഡ് അയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ജനതകളുടെ പിതാവായ അബ്രാഹത്തിന്റെ സ്ഥലമായ ഊര് നഗരത്തില്‍ നടക്കുന്ന മതാന്തരസമ്മേളനത്തിലും മാര്‍പാപ്പ പങ്കെടുക്കും. ഇര്‍ബിലിലെ ദേവാലയത്തില്‍ ബലിയര്‍പ്പിക്കും. മോസൂളിലെ പ്രാര്‍ത്ഥനാസമ്മേളനത്തില്‍ പങ്കെടുക്കും. ഭീകരവാദികള്‍ നശിപ്പിച്ചിച്ചതും ഇപ്പോള്‍ പുനരുദ്ധരിക്കപ്പെട്ടതുമായ ക്വറാഘോഷിലെ ദേവാലയത്തിലും മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം എല്ലാ മതങ്ങളിലും പെട്ട ഇറാക്കിലെ ജനതയ്ക്ക് സമാധനത്തിന്റെ സന്ദേശം നല്‍കുന്നതും നീതി, അന്തസ്സ് എന്നീ പൊതുമൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്കുന്നതുമായിരിക്കുമെന്നും ഇറാക്കി പ്രസിഡന്റ് ബര്‍ഹം സാലിഹ് അഭിപ്രായപ്പെട്ടു.
വിശ്വാസം തഴച്ചുവളര്‍ന്ന മണ്ണില്‍ സഹനങ്ങളേറ്റുവാങ്ങേണ്ടിവന്ന ഇറാക്കിലെയും മിഡില്‍ ഈസ്റ്റിലെയും ക്രൈസ്തവര്‍ക്ക് ആശ്വാസമേകുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിരകാല അഭിലാഷമായിരുന്നു ഇറാക്ക് സന്ദര്‍ശനം. ഞാന്‍ ഇറാക്കിനെക്കുറിച്ച് നിരന്തരമായ ചിന്തയിലാണ്െ 2019ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമികളും ഇറാക്ക് സന്ദര്‍ശിക്കാന്‍ അതിയായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999ല്‍ മഹാജൂബിലിയോടനുബന്ധിച്ച് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുവാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും സദാം ഹുസൈന് സമ്മതം മൂളിയില്ല.
ഫ്രന്‍സിസ് മാര്‍പ്പയുടെ ഇറാക്ക് സന്ദര്‍ശനം വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. കൊറോണ ഇറാക്കില്‍ പടര്ുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചുകഴിഞ്ഞു. എങ്കിലും അതൊന്നും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് വിഘാതമാകില്ലെന്ന് കരുതപ്പെടുന്നു.
2003 ല്‍ ഇറാക്കില്‍ 15 ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്നു. എന്നാല്‍ യുദ്ധവും ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശവും ക്രൈസ്തവരുടെ എണ്ണം കുറച്ചു. ലക്ഷക്കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും പലായനം ചെയ്യുകയും ചെയ്തു. അവശേഷിക്കുന്നവര്‍ ഭീതിയോടെയാണെങ്കിലും ഇറാക്കിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നു.
ഇറാക്കില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റിലുടനീളം ക്രൈസ്തവരുടെ സാന്നിധ്യം വെല്ലുവിളിനേരിടുകയാണ്, അതുകൊണ്ടുതന്നെ മാര്‍പാപ്പയുടെ പിന്തുണ വളരെ പ്രസക്തമാണ്. മാര്‍പാപ്പയുടെ പ്രസംഗവും പ്രോത്സാഹനവും സ്വന്തം നാട്ടില്‍ നിലനില്ക്കുവാന് ക്രൈസ്തവര്‍ക്ക് ശക്തിനല്‍കുമെന്നാണ് പ്രതീക്ഷയെും കാര്‍ഡിനല്‍ ലൂയിസ് റാഫേല്‍ സാക്കോ പറയുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം ഞങ്ങള്‍ക്ക് വളരെ പ്രതീക്ഷ നല്കുന്നു. ഇറാക്കിലെ ജനതയ്ക്കു മാത്രമല്ല, സിറിയയിലെയും ലബനോനിലെയും ക്രൈസ്തവര്‍ക്കും മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രതീക്ഷാദായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍പാപ്പയുടെ പ്രവാചകതുല്യമായ വാക്കുകള്‍ ഏവരുടെയും ചൈതന്യം ഉയര്‍ത്തുമെന്നും, സാഹോദര്യത്തിന്റെയും, ബഹുമാനത്തിന്റെയും സഹവര്ത്തിത്തിന്റെയും പുതിയ ചക്രവാളം തുറക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി സഹനത്തിന്റെ എരിതീയിലായിരുന്നു ഇറാക്കിലെ ക്രൈസ്തവര്‍.
മാര്‍പാപ്പയുടെ സന്ദര്‍ശനം വളരെ ധൈര്യം പകരുന്നതാണെും ഇറാക്ക് ജനത മാര്‍പാപ്പയെ ആവേശത്തോടെ തന്നെ വരവേല്‍ക്കുമെന്നും ഇര്‍ബില്‍ ആര്‍ച്ചുബിഷപ് ബാഷര്‍ വാര്‍ദ പറഞ്ഞു. ലോകം മുഴുവന്‍ ആദരിക്കുന്ന സ്നേഹത്തിന്റെ പ്രതിരൂപമാണ് മാര്‍പാപ്പ. ഇറാക്കിലെ മുസ്ലിം സഹോദരന്മാര്ക്ക് അദ്ദേഹത്തോട് വലിയ മതിപ്പാണെന്നും ആര്‍ച്ചുബിഷപ് വാര്‍ദ കൂട്ടിച്ചേര്‍ത്തു.
Send your feedback to : onlinekeralacatholic@gmail.com