നോമ്പുകാലത്ത് വിശപ്പുണ്ടാക്കാത്ത ഫാസ്റ്റിംഗ്... ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - മാര്‍ച്ച് 2012
ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മകള്‍ നിറയുന്ന നോമ്പുകാലത്ത് ക്രൈസ്തവര്‍ ഉപവസിക്കുക പതിവാണ്. ഉപവാസവും പ്രാര്‍ത്ഥനയുമാണ് നോമ്പുകാലത്തിന്റെ കാതല്‍. എന്നാല്‍ മാര്‍പാപ്പ പറയുന്ന ഉപവാസം വിശപ്പ് ഉണ്ടാക്കാത്ത ഉപവാസമാണ്. ഗോസിപ്പുകളില്‍ നിന്നും അപവാദങ്ങളില്‍ നിന്നും അകന്നുനില്ക്കുന്ന ഉപവാസം. വത്തിക്കാനില്‍ ഞായറാഴ്ച തോറുമുള്ള പതിവു കര്ത്തൃപ്രാര്ത്ഥനയ്ക്കുശേഷം നല്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ കൂടുതല്‍ അര്‍ത്ഥവത്തായ ഈ ഫാസ്റ്റിംഗ് നിര്‍ദ്ദേശിച്ചത്.
എല്ലാവരും നല്ലൊരു നോമ്പുകാല യാത്രയിലാണെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിശപ്പ് ഉണ്ടാക്കാത്ത ഫാസ്റ്റിംഗ് ആണ് ഗോസിപ്പുകളില്‍ നിന്നും അപവാദങ്ങളില്‍ നിന്നുമുള്ള ഫാസ്റ്റിംഗ് എന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
ഈ നോമ്പുകാലത്ത് മറ്റുള്ളവരെക്കുറിച്ച് ഞാന്‍ മോശമായി സംസാരിക്കില്ല; അപവാദങ്ങള്‍ പ്രചരിപ്പിക്കുകയില്ല. ഇത് പ്രത്യേക ഫാസ്റ്റിംഗ് ആണ്. എല്ലാവര്ക്കും ഇത് ചെയ്യാം. ഇത് നല്ല ഉപവാസമാണ് മാര്‍പാപ്പ എടുത്തുപറഞ്ഞു.
നോമ്പുകാലത്ത് ബൈബിള്‍ വായിക്കുന്നതിനെക്കുറിച്ചും മാര്‍പാപ്പ സൂചിപ്പിച്ചു. എപ്പോഴും കൈയില്‍ ഒരു പോക്കറ്റ് ബൈബിള്‍ കരുതുക, സമയം കിട്ടുമ്പോഴൊക്കെ ഓരോ പാസേജ് എടുത്ത് വായിക്കുക. അത് നിങ്ങളുടെ ഹൃദയം ദൈവത്തിലേക്ക് തുറക്കും മാര്‍പാപ്പ സൂചിപ്പിച്ചു.
ഈ രണ്ട് കാര്യങ്ങളും മാര്‍പാപ്പയുടെ എക്കാലത്തെയും നോമ്പുകാല നിര്‍ദ്ദേശങ്ങളാണ്.
2016 ല്‍ അദ്ദേഹം സന്യസ്തര്‍ക്ക് നല്കിയ ഒരു സന്ദേശത്തില്‍ ഗോസിപ്പിനെ ഭീകരവാദത്തോടാണ് അദ്ദേഹം ഉപമിച്ചത്.
മറ്റുള്ളവരെ കുറിച്ച് അപവാദം പരത്തുന്ന വ്യക്തി ടെററിസ്റ്റാണ്. ഏതൊരു വ്യക്തിയെക്കുറിച്ചും അപവാദം പ്രചരിപ്പിക്കുന്നത് ബോംബ് വെക്കുന്നതിന് തുല്യമാണ്. അങ്ങനെ ചെയ്യുന്ന വ്യക്തി സമൂഹത്തിലെ ടെററിസ്റ്റാണ്. അപവാദം പരത്തുന്നവര്‍ മറ്റുള്ളവരെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
ഒരു വ്യക്തിയുടെ നാവിനുമേല് നിയന്ത്രണമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യം, അതുതന്നെയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ മാനുഷികവും ആത്മീയവുമായ പുണ്യമെന്നും വി. യാക്കോബ് ശ്ലീഹ പറയുന്നു. നിങ്ങളുടെ സഹോദരനെതിരായി എന്തെങ്കിലും ചിന്തിക്കുകയോ, പറയുകയോ ചെയ്തുകൊണ്ട് ഗോസിപ്പ് ബോംബ് പൊട്ടിക്കണമെന്ന് തോന്നുമ്പോള്‍ നാവിനെ നിയന്ത്രിക്കുക. ശക്തരായിരിക്കുക. സമൂഹത്തില്‍ ഭീകരത വേണ്ട മാര്‍പാപ്പ പറഞ്ഞു.
Send your feedback to : onlinekeralacatholic@gmail.com