മോദി - മാര്‍പാപ്പ കൂടിക്കാഴ്ച പുതുചരിത്രം എഴുതുമ്പോള്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - നവംബര്‍ 2021
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തിലെ ഏറ്റവും വലിയ മതസമൂഹത്തിന്റെ ആത്മീയാചാര്യനുമായ ഫ്രാന്‍സിസ് മാര്പാപ്പയം തമ്മില്‍ വത്തിക്കാനില്‍ നടന്ന സമാഗമത്തിന് ഒരു നയതന്ത്ര കൂടിക്കാഴ്ച എന്നതിലപ്പുറമുള്ള പ്രാധാന്യവും അര്‍ഥവുമുണ്ട്. നേരത്തെ നിശ്ചയിച്ച് സമയവും കടന്ന് ഒന്നേകാല്‍ മണിക്കൂറിലേക്കു നീണ്ട കൂടിക്കാഴ്ച പ്രധാനമന്ത്രി മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ഊഷ്മളമായൊരു സ്നേഹബന്ധത്തിനു തുടക്കമിട്ടു എന്നാണ് അവരുടെ ശരീരഭാഷയില്‍ നിന്നും സംഭാഷണത്തില്‍ നിന്നുമെല്ലാം വ്യക്തമാകുന്നത്. കത്തോലിക്കസഭയുടെ പരമാധ്യക്ഷനെ കൂടുതല്അടുത്തറിയാന് മോദിക്കു കഴിയുന്നതും ഇന്ത്യയുടെ രാഷ്ട്രീയസംവിധാന രീതികളെപ്പറ്റി കൂടുതല്‍ മെച്ചപ്പെട്ട ധാരണ മാര്പാപ്പയ്ക്കുണ്ടാകുന്നതും ഗുണപരമായ ഫലങ്ങളുണ്ടാക്കും.
പ്രധാനമന്ത്രി മോദി വത്തിക്കാന്‍ സന്ദര്‍ശിക്കും എന്ന വാര്‍ത്ത വന്നപ്പോള്‍ എല്ലാവര്ക്കും അറിയേണ്ടിയിരുന്ന ഒരു കാര്യം മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുമോ എന്നതായിരുന്നു. മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും മാര്‍പാപ്പ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ലോകത്തിന്റെ സമാധാനദൂതനും ധാര്‍മികതയുടെയും മാനവികതയുടെയും ശബ്ദവുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ഇന്ത്യയിലെ കത്തോലിക്കര്‍ക്കു വലിയ ആഹ്ലാദവും അഭിമാനവും പകരുമെന്നതില്‍ സംശയമില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയെ ക്ഷണിച്ചതു ചരിത്രപരമായ തീരുമാനവും അഭിനന്ദനാര്ഹവുമാണെന്നാണു കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടത്. സര്‍വ മതങ്ങളെയും സ്വാഗതം ചെയ്തു പോഷിപ്പിച്ച പാരമ്പര്യമുള്ള ഇന്ത്യയുടെ മേതതര പ്രതിച്ഛായക്കു കൂടുതല്‍ തിളക്കമേറ്റാന്‍ വഴിതെളിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്ഞസനം എത്രയും വേഗം യാഥാര്‍ത്ഥ്യമാകട്ടെ. 1986 ലും 1999 ലുമായി രണ്ടു വട്ടം ഇന്ത്യയില്‍ വന്ന വി. ജോണ്‍പോള്‍ രണ്ടമാനാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ. അദ്ദേഹത്തിന്റെ 1986 ലെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ കേരളീയരുടെ മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍പ്പുണ്ട്.രണ്ടു പതിറ്റാണ്ടിനുശേഷമാണു വീണ്ടുമൊരു മാര്‍പാപ്പയുടെ ഭാരതസന്ദര്ശനത്തിനു വഴിയൊരുങ്ങുന്നത്.
ഇന്ത്യയിലെ ജനസംഖ്യയില്‍ രണ്ടു ശതമാനം മാത്രമുള്ള ചെറു ന്യൂനപക്ഷമാണു ക്രൈസ്തവര്‍. ഭരണഘടനയിലും നിയമവാഴ്ചയിലും വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും രാജ്യക്ഷേമത്തിനായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന് അവര്‍ക്കു രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും പരിഹരിക്കപ്പെടാത്ത ചില ആശങ്കകളും പ്രശ്നങ്ങളുമുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനം പരസ്പര വിശ്വാസത്തിന്റെയും ധാരണയുടെയും ഒരന്തരീക്ഷം സൃഷ്ടിക്കുമെന്നതിനാല്‍ പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള വാതിലുകള്‍ തുറന്നുകിട്ടുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. ചെറിയ രാഷ്ട്രമാണെങ്കിലും വിപുലമായ വിവരശേഖരണ സംവിധാനം വത്തിക്കാനുണ്ട്. ഇന്ത്യയിലെ സ്ഥിതിഗതികളെപ്പറ്റിയുള്ള കൃത്യമായ ധാരണ വത്തിക്കാനുണ്ടെന്നു കരുതണം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പോലെ സമകാലികലോകം അഭിമുഖീകരിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഇന്ത്യയ്ക്കും വത്തിക്കാനും സമാനമായ കാഴ്ചപ്പാടുകളാണുള്ളത്. ഈ ഭുമി നമ്മുടെയെല്ലാം പൊതുഭവനമാണെന്നും അതിനെ സംരക്ഷിക്കാന്‍ എല്ലാവര്ക്കും കടമയുണ്ടെന്നുമുള്ള പുതിയൊരു സുവിശേഷം എഴുതിയ സമാധാനദൂതനുമൊത്ത് അനുരജ്ഞനത്തിന്റെ പുതിയ മേഖലകളിലേക്കു സഞ്ചരിക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും വിഷമമുണ്ടാകില്ല. അര്‍ജന്റീന എന്ന മൂന്നാം ലോക രാജ്യത്തു ജനിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമാന സാഹചര്യങ്ങളുള്ള ഇന്ത്യയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങള്‍ നന്നായി മനസ്സിലാകും.
ഓഹരിവിപണിയിലെ സൂചിക രണ്ടും പോയിന്റ് ഇടിഞ്ഞാല്‍ വലിയ വാര്‍ത്തയാക്കുന്നവര്‍ ഭവനരഹിതനായ ഒരു വൃദ്ധന് തണുത്തുവിറച്ചു മരിച്ചപോയാല്‍ അതു കാണുന്നില്ല എന്നു വേദനയോടെ ചൂണ്ടിക്കാട്ടിയ കരുണാര്ദ്രഹൃദയനാണു ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യസ്നേഹമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്വം. എല്ലാവര്ക്കും തുല്യ അവസരവും തുല്യനീതിയും ലഭ്യമാകുന്ന പുതിയൊരു ലോകക്രമത്തിനുവേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്. വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരിക്കാലാണു പ്രധാനമന്ത്രി നരേന്ദ്രമോദി മാര്പാപ്പയക്കു സ്നേഹോപകാരമായി സമ്മാനിച്ചത് എന്നത് വളരെ അര്‍ത്ഥവത്താണ്. സൗഹൃദത്തിന്റെ മെഴുകുതിരികള്‍ തെളിക്കുമ്പോള്‍ വിദ്വേഷത്തിന്റെ ഇരുള് അകന്നുപോയി ചുറ്റിലും നന്മയുടെ പ്രകാശം പരക്കും. മരുഭൂമിയും ഒരിക്കല്‍ പൂന്തോട്ടമാകും എന്നര്‍ത്ഥമുള്ള വാക്യം ആലേഖനം ചെയ്ത ഒലിവിലയുടെ ചിത്രമുള്ള വെങ്കലഫലകമാണ് മാര്‍പാപ്പ പ്രധാനമന്ത്രി മോദിക്കു സമ്മാനിച്ചത്. സ്നേഹത്തിന്റെ നീരുറവകള്‍ വറ്റി മരുഭൂമി പോലെയായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിയെ സാഹോദര്യത്തിന്റെ കൈകോര്‍ക്കലുകളിലൂടെ ഒരു പൂന്തോട്ടമാക്കി മാറ്റാന്‍ ലോകനേതാക്കള്‍ക്കു കഴിയട്ടെ. (കടപ്പാട് : ദീപിക)
Send your feedback to : onlinekeralacatholic@gmail.com