അബ്രാഹത്തിന്റെ ജന്മസ്ഥലവും യോനായുടെ നിനവേയും മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനപട്ടികയില്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - മാര്‍ച്ച് 2021
ബിബ്ല'ിക്കല്‍ ലാന്‍ഡ് എന്നറിയപ്പെടുന്ന ഇറാക്കിലെത്തുന്ന മാര്‍പാപ്പയുടെ സന്ദര്‍ശന പട്ടികയില്‍ അബ്രാഹത്തിന്റെ ജന്മസ്ഥലവും യോനാപ്രവാചകന്റെ നിനിവേയും. ഇറാക്ക് സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ സന്ദര്‍ശിക്കുന്ന സുപ്രധാനമായ ബിബ്ലിക്കല്‍ സൈറ്റുകളിലൊന്നാണ് അബ്രാഹത്തിന്റെ ജനനസ്ഥലമായ ഊര്. ലോകത്തിലെ അതിപുരാതനമായ നഗരങ്ങളിലൊന്നാണിത്. യുദ്ധവും രാഷ്ട്രിയ അസ്ഥിരതകളും ജനതകളുടെ പിതാവായ അബ്രാഹത്തിന്റെ ജന്മസ്ഥലത്തിന് ലഭിക്കേണ്ട ചരിത്രപ്രാധാന്യം അപഹരിച്ചുകളഞ്ഞു. മാനവരാശിയുടെ ജീവചരിത്രത്തിലും രക്ഷാകരചരിത്രത്തിലും അതുല്യമായ സ്ഥാനമാണ് ഊര് നഗരത്തിനുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്കിലെത്തുമ്പോള് മതാന്തര പ്രാര്‍ത്ഥന ഒരുക്കിയിരിക്കുന്ന സ്ഥലം എന്ന നിലയില്‍ ഊര് വീണ്ടും മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. മാര്‍പാപ്പയുടെ സന്ദര്‍ശനം അബ്രാഹത്തിന്റെ നഗരത്തിലേക്ക് വീണ്ടും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.
ഇറാക്ക് സന്ദര്‍ശനമധ്യേ മാര്‍ച്ച് 6 ന് മാര്‍പാപ്പ ഊറില്‍ മതാന്തരസമ്മേളനത്തില്‍ പങ്കെടുക്കും. ക്രിസ്ത്യന്‍, ജൂത, ഇസ്ലാം മത നേതാക്കളും യസീദി അടക്കമുള്ള മറ്റ് ന്യൂനപക്ഷമതനേതാക്കളും പ്രാര്ത്ഥനസമ്മേളനത്തില് മാര്‍പാപ്പയോടൊപ്പം പങ്കുചേരും.
അബ്രാഹത്തിന്റെ പുത്രന്മാര്ക്കും പുത്രിമാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നാണ് വത്തിക്കാന്‍ ഈ പ്രാര്ത്ഥനസമ്മേളനത്തിന് പേരിട്ടത്. ജനതകളുടെ പിതാവെന്നാണ് അബ്രാഹം വിളിക്കപ്പെട്ടിരുന്നത്. ക്രിസ്തുമതം, ജൂതമതം, ഇസ്ലാമതം എന്നിവയുടെ പൊതുപിതാവായിട്ടാണ് അബ്രാഹം പരിഗണിക്കപ്പെടുന്നതും.
അതിപുരാതന മെസെപ്പൊട്ടേമിയന്‍ സൈറ്റായ ഊര് ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്നാണ്. അവിടെയായിരുന്നു നഗരജീവിതവും, എഴുത്തും സെന്‍ട്രല്‍ സ്റ്റേറ്റ് അധികാര സംവിധാനങ്ങളുമെല്ലാം ഉരുത്തിരിഞ്ഞുവന്നത്. 100 വര്‍ഷം മുമ്പാണ് മണ്ണിനടയിലായിരുന്ന ഈ നഗരം ലിയനാര്‍ഡ് വൂളിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു പര്യവേക്ഷക സംഘം കണ്ടെത്തിയത്.
ബാഗാദാദില്‍ നിന്നും 200 മൈല്‍ അകലെയുള്ള ഊര് 1970 കളിലും 80 കളിലും പാശ്ചാത്യനാടുകളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു. എന്നാല്‍ മതതീവ്രവാദവും രാഷ്ട്രീയ അസ്ഥിരതയും ഇറാക്കിലെ ഈ വിനോദകേന്ദ്രത്തിന്റെ സാന്നിധ്യം അപ്രസക്തമാക്കിക്കളഞ്ഞു.
ഇന്ന് ഊര് നഗരത്തിന്റെ പ്രധാന ആകര്‍ഷണം മെസപ്പൊട്ടേമിയന് പിരമിഡ് മാത്രമാണ്. അതിനോടൊപ്പം അബ്രാഹത്തിന്റെ വീടിന്റെ അവശിഷ്ടങ്ങളും കാണാം. 2003 ല്‍ സദാം ഹുസൈന്റെ കാലത്താണ് ഈ പിരമിഡ് കേടുപാടുകള്‍ തീര്‍ത്ത് മനോഹരമാക്കിയത്.
1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഊര് നഗരത്തിലേക്ക് ഒരു സന്ദര്‍ശനം പ്ലാന്‍ ചെയ്തെങ്കിലും സദാം ഹുസൈന് അനുവദിച്ചില്ല.
അബ്രാഹത്തിന്റെ ജന്മസ്ഥലം മാത്രമല്ല ഇറാക്കിന് ബിബ്ലിക്കല്‍ ലാന്‍ഡ് എന്ന വിശേഷണം നേടിക്കൊടുത്തത്. ഏദന്‍ തോട്ടവും പുരാതന ഇറാക്കിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ദാനിയേലിനെ സിംഹക്കുഴിയില്‍ നിന്നും രക്ഷിച്ചത് ഇവിടെ നിന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകള്‍ കണ്ടെത്തുന്നതില്‍ വളരെ സുപ്രധാനമായ സ്ഥലങ്ങളാണ് ഇവിടെയുള്ളത്.
മാര്‍പാപ്പയുടെ സന്ദര്ശനപട്ടികയിലുള്ളതും ബിബ്ലിക്കലായി വളരെ പ്രശസ്തവുമായ മറ്റൊരു സ്ഥലമാണ് നിനിവേ. ജനങ്ങളോട് അനുതപിച്ച് ദൈവത്തിലേക്ക് മടങ്ങുവാന്‍ ആഹ്വാനം ചെയ്ത യോനാ പ്രവാചകന് ജീവിച്ചിരുന്ന സ്ഥലമാണ് നിനിവേ. ഇവിടെ ക്രിസ്തുവിന്റെ കാലം മുതല്‍ ക്രൈസ്തവര്‍ ജീവിച്ചിരുന്നു. എ.ഡി 35ല്‍, സെന്റ് തോമസും സെന്റ് ജൂഡുമാണ് ഇവിടെ വിശ്വാസത്തിന്റെ വിത്തുകള്‍ വിതച്ചതെന്ന് കരുതപ്പെടുന്നു. 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രക്തപ്പുഴയൊഴുക്കിയ ക്രൈസ്തവ നഗരമായ നിനിവേ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്.
ചരിത്രപരമായി ഇത്രയധികം പ്രാധാന്യമുണ്ടെങ്കിലും ഇറാക്കിലെ ക്രൈസ്തവരുടെ സ്ഥിതി വളരെ പരിതാപകരമാണ്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമായി ക്രൈസ്തവര്‍ മാറിക്കഴിഞ്ഞു. 2003 ല്‍ ഇവിടെ 15 ലക്ഷത്തോളം ക്രൈസ്തവര്‍ ഉണ്ടായിരുന്നു. ഇന്നത് 2 ലക്ഷത്തിലും താഴെയായി ചുരുങ്ങിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തുതരിപ്പണമാക്കിയത് അപ്പസ്തോലന്മാരോളം പഴക്കമുള്ള ഒരു സഭയുടെ തിരുശേഷിപ്പുകളായിരുന്നു. ഇവിടെ നിന്നും പലായനം ചെയ്യപ്പെട്ട ക്രൈസ്തവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ തിരികെ വന്നിട്ടുള്ളു. മാര്‍പാപ്പയുടെ സന്ദര്‍ശനം സ്വന്തം മണ്ണില്‍ സമാധാനത്തോടെ ജീവിക്കുവാനുള്ള അവസരം ഒരുക്കുമെന്നാണ് ഇറാക്കിലെ ക്രൈസ്തവരുടെ പ്രതീക്ഷ.
Send your feedback to : onlinekeralacatholic@gmail.com