കപട പ്രണയവല: യാഥാര്‍ത്ഥ്യവും പരിഹാരവും
ഫാ. അജി പുതിയാപറമ്പില്‍ - മെയ് 2020
കപട പ്രണയവലയില്‍ വീഴ്ത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന കാര്യം വസ്തുതാപരമാണോ? ഇക്കാര്യം വസ്തുതാപരമാണ് എന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും. 2010 ല്‍ ഈ കെണിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിയെ എനിക്കറിയാം. അവളുടെ പ്രശ്നത്തില്‍ അവളെ സഹായിക്കാന്‍ ഞാന്‍ ഇടപെട്ടിരുന്നു. പിന്നീട് സമാനമായ മറ്റ് നിരവധി കേസുകള്‍ കേരളത്തില്‍ ഉണ്ടായി. അവയിലെല്ലാം പ്രയോഗിക്കപ്പെട്ട ടെക്നിക്കുകള്‍ സമാന സ്വഭാവമുള്ളവയായിരുന്നു. കൃത്യമായി പരിശീലനം കിട്ടിയവരാണ് ഇതിനുപിന്നില്‍ എന്ന് സാമാന്യ ബുദ്ധിയുണ്ടെങ്കില്‍ നമുക്ക് മനസ്സിലാക്കാം. അക്കാര്യങ്ങളൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. കാരണം അതെല്ലാം പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.
പ്രശ്നം നമ്മുടെ കണ്മുമ്പില് തന്നെയുണ്ട്. പ്രശ്നം...പ്രശ്നം... എന്ന് പരിതപിച്ചിട്ട് കാര്യമില്ല. പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. അതാണ് പ്രധാനപ്പെട്ട കാര്യം.
ക്രൈസ്തവ പെണ്‍കുട്ടികളെ കപട പ്രണയവലയില്‍ വീഴ്ത്തി മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തകര്‍ ഉടനെയൊന്നും ഇതില്‍നിന്ന് പിന്തിരിയുമെന്ന് പ്രതീക്ഷിക്കേണ്ട. അവര്‍ ഈ തിന്മ തുടരാനാണ് സാധ്യത.
ഗവണ്മെന്റിന്റെ ക്രമസമാധാന, നിയമ സംവിധാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. കാരണം പ്രണയം, വിവാഹം എന്നിവയൊക്കെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേഖലകളാണ്. ഇക്കാര്യം തീവ്രവാദ സംഘടനകള്‍ക്കും അറിയാം. അതുകൊണ്ട് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പരിഹാരം നാം തന്നെ കണ്ടെത്തണം.
ഈ തിന്മയ്ക്കെതിരെ നാം ക്രിസ്തുവിന്റ മാര്‍ഗ്ഗത്തില്‍ പോരാടണം. ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍ മാത്രം. അല്ലെങ്കില്‍ യേശു കൂടെ ഉണ്ടാകില്ല. ക്രിസ്തുവിന്റെ അരൂപിയില്‍ വെറുപ്പിന് സ്ഥാനമില്ല. അതുകൊണ്ട് വെറുപ്പ് വര്‍ദ്ധിപ്പിക്കുന്നതോ ഒരു സമൂദായത്തെ മുഴുവന്‍ വെറുക്കുന്നതോ, വെറുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതോ ആയ യാതൊന്നും നമ്മുടെ എഴുത്തിലോ സംസാരത്തിലോ വരാന്‍ പാടില്ല. അത് ക്രിസ്തുവിന്റെ അരൂപിയല്ല. വെറുപ്പ് വളരുമ്പോള്‍ പിശാചാണ് സന്തോഷിക്കുന്നത്.
പ്രശ്നത്തന് ഹ്രസ്വകാല-ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്തണം. ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെങ്കില്‍ ആദ്യം അതിന്റെ കാരണം അന്വേഷിക്കണം. കാരണങ്ങള്‍ പലതുണ്ടാകാം. തീവ്രവാദസംഘടനകള്‍ ഗൂഢലക്ഷ്യത്തോടെ നമ്മുടെ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നു. ഇത് ഒരു കാരണമാണ്. എന്നാല്‍ ഇത് മാത്രമല്ല കാരണം. വേറെയും കാരണങ്ങളുണ്ട്. സാമൂഹ്യ, സാമ്പത്തിക, ആത്മീയ മേഖലകളില്‍ വന്നിരിക്കുന്ന മാറ്റം, സാമൂഹ്യ സമ്പര്‍ക്ക മാധ്യമ മേഖലയിലെ കുതിച്ചു ചാട്ടം തുടങ്ങി ഒട്ടനവധി കാരണങ്ങളുണ്ട്. ഇതെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പെണ്‍കുട്ടികളെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ സമൂദായത്തില്‍ വന്നിട്ടുള്ള വലിയൊരു സാമൂഹിക മാറ്റം നാം ശ്രദ്ധിക്കാതെ പോകരുത്. എന്താണ് ആ സാമൂഹിക മാറ്റം? അത് നമ്മുടെ സമുദായത്തിലെ ആണ്‍കുട്ടികളുടെ തിരോധാനമാണ്... എവിടെപ്പോയി നമ്മുടെ ആണ്‍കുട്ടികള്‍? നമ്മുടെ പെണ്‍കുട്ടികള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രം നാം നിലിവളിച്ചാല് മതിയോ? നമ്മുടെ സമുദായത്തില്‍ ആണ്‍കുട്ടികള്‍ ഇന്ന് ചിത്രത്തില്‍ പോലും ഇല്ല. ഇന്ന് നമ്മുടെ സമൂദായത്തിലെ വീക്കര്‍ ജെന്‍ഡര്‍ ആണ്‍കുട്ടികളാണ്.
അവരിന്ന് ഇടയിനില്ലാത്ത ആടുകളെപ്പോലെയാണ്.വീട്ടിലും സ്കൂളിലും സഭയിലും ആണ്‍കുട്ടികള്‍ ശ്രദ്ധിക്കപ്പെടുന്നില്ല. പണ്ടൊക്കെ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ പോകുമ്പോള്‍ ഗ്രൂപ്പ് ആക്ടിവിറ്റീസ് നടത്താന്‍ കുട്ടികളെ സ്റ്റേജിലേക്ക് ക്ഷണിക്കുമ്പോള്‍ പറഞ്ഞുതീരേണ്ട താമസം ആണ്‍കുട്ടികള്‍ റെഡി. അന്നൊക്കെ വളരെ കഷ്ടപ്പെട്ടായിരുന്നു കുറച്ചു പെണ്‍കുട്ടികളെ സ്റ്റേജില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് നേരെ തിരിച്ചായി കാര്യങ്ങള്‍. പെണ്‍കുട്ടികള്‍ റെഡി. തീര്‍ച്ചയായും പെണ്‍കുട്ടികള്‍ക്കുണ്ടായ വളര്‍ച്ചയില്‍ നമുക്ക് സന്തോഷിക്കാം. എന്നാല്‍ ആണ്‍കുട്ടികളെ വളര്ത്തിയെടുക്കുന്നതിനെപ്പറ്റി നാം ഗൗരവ്വപൂര്‍വ്വം ചിന്തിക്കണം. സാധാരണ പെണ്‍കുട്ടികള്‍ കൗമാര പ്രായത്തില്‍ ഏറ്റവും സ്മാര്‍ട്ട് ആയ ആണ്‍കുട്ടികളിലേക്കാണ് ആകര്‍ഷിക്കപ്പെടുക. (ഓപ്പസിറ്റ് സെക്സ് അട്രാക്ഷന്). അതില്‍ നമ്മുടെ ആണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ അത് ഒരു ഗൗരവതരമായ കാര്യമല്ലേ?
ഗാര്‍ഹിക സഭയെ പ്രോത്സാഹിപ്പിക്കണം. സന്യാസത്തിലേക്കും പൗരോഹിത്യത്തിലേക്കും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പത്തിലൊന്ന് താല്പര്യം പോലും കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നാം കാണിക്കുന്നില്ല. അതൊക്കെ അങ്ങ് നടന്നോളും എന്ന മനോഭാവമാണ്. നാം ആരും വിവാഹത്തെപ്പറ്റി അവരോട് സംസാരിക്കുന്നില്ല. ഒരു വ്യക്തിയുടെ ശരീരവും മനസ്സും ഒരു ഇണയുടെ കൂടിച്ചേരലിലേക്ക് ഏറ്റവും അധികം പ്രേരിപ്പിക്കുന്ന 18-23 വയസ്സിനുള്ളില്‍ തന്നെ വിവാഹം കഴിക്കാന്‍ ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
പ്രത്യേകം ശ്രദ്ധിക്കുക. ഇന്നത്തെ പെണ്‍കുട്ടികള്‍ക്കിഷ്ടം യുവത്വത്തിന്റെ പ്രസരിപ്പും പ്രണയഭാവങ്ങളൊക്കെയുള്ള പ്രായം കുറഞ്ഞവരെയാണ്. അല്ലാതെ ജോലിയും കാറും വീടും ഒക്കെയുള്ള 30 കാരനെയും 35 കാരനെയും അല്ല എന്നത് കേരളത്തിലെ ഒരു ലക്ഷത്തോളം അവിവാഹിതരായ ക്രിസ്ത്യന്‍ യുവാക്കന്മാര്ക്ക് എങ്കിലും അറിയാം.
നമ്മുടെ മതബോധന മേഖലയെക്കുറിച്ച് ആത്മവിമര്‍ശനം നടത്തേണ്ടതുണ്ട്. ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ വിദ്യാഭ്യാസം കൊടുക്കണം എന്ന് കത്തോലിക്കരുടെ അത്ര അറിയാവുന്ന മറ്റൊരു സമൂഹം ഇല്ല എന്നു പറയാം. ഇന്ത്യയിലെ ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 3 എണ്ണം നമ്മുടേതാണ്. എന്നിട്ടും നമ്മുടെ മതബോധനം ശരാശരിയിലും താഴെയാണെന്നത് നാം ചിന്തിക്കേണ്ട വസ്തുതയാണ്.
നാം തന്നെ നടത്തുന്ന സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് മുറിയില്‍ നിന്നും വരുന്ന കുട്ടി വേദപാഠം പഠിക്കുന്നത് പത്ത് ക്ലാസും ഒരുമിച്ചിരിക്കുന്ന പാരിഷ് ഹാളില്‍ അല്ലെങ്കില്‍ വരാന്തകളില്‍ ആയിരിക്കും. അപ്പോള്‍ എന്തായിരിക്കും ആ കുട്ടി ചിന്തിക്കുക? സ്വഭാവികമായി ആ കുട്ടി ഇങ്ങനെ ചിന്തിക്കും. ഓ വേദപഠനം ഇങ്ങനെയൊക്ക മതി.
വലിയ തുക മുടക്കി നാം പള്ളികള്‍ പണിയും. എന്നാല്‍ നാളെ പള്ളിയില്‍ വരേണ്ട പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ 10 ക്ലാസ് മുറികള്‍ പണിയാന്‍ നാം തയാറല്ല. സിലബസും അദ്ധ്യാപനവും കാലത്തിനനനുസരിച്ച് നവീകരിക്കേണ്ടതുണ്ട്. വചനം പ്രഘോഷിക്കുക എന്ന സഭയുടെ അടിസ്ഥാന ലക്ഷ്യം ഏറ്റവും ആദ്യവും ഏറ്റവും മികച്ച രീതിയിലും ആദ്യം നിര്വഹിക്കപ്പേടേണ്ടത് വേദപാഠ ക്ലാസുകളിലാണ്.
യുവജന സംഘടനകള്‍ക്ക് ഇടവകയില്‍ പ്രവര്‍ത്തിക്കാന്‍ വേദിയൊരുക്കണം. അവര്‍ക്ക് കുറെ ക്ലാസുകള്‍, പ്രോഗാമുകള് നടത്തുക എന്നതിനെക്കാളും അവരുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്ന വേദികളായി അത് മാറണം.
കപടപ്രണയം നടിച്ച് മറ്റ് മതങ്ങളിലെ പെണ്‍കുട്ടികളെ തട്ടിയെടുത്ത് മതം മാറ്റുന്ന ഈ ഹീനകൃത്യത്തിന് ലൗവ് ജിഹാദ്, പ്രണയവല തുടങ്ങിയ പേരുകള്‍ അനുചിതമാണെന്ന് തോന്നുന്നു. സ്നേഹം കൊണ്ട് യുദ്ധം ചെയ്തത് ക്രിസ്തു മാത്രമാണ്. തന്നെയുമല്ല നമ്മുടേത് സ്നേഹത്തിന്റെ മതവുമാണ്. പ്രണയം എന്നുള്ളതും ദൈവം നല്‍കിയിട്ടുള്ള മനോഹരമായ വികാരമാണ്. നാം ഇന്നു കാണുന്നത് കൂടുതലും കാമം അല്ലെങ്കില്‍ ആസക്തിയാണ്. അതുകൊണ്ട് ഈ തിന്മയ്ക്ക് ഒരു പുതിയ പേര് നല്‍കണം. കപട സ്നേഹക്കെണി എന്നോ, കപട പ്രണയവല എന്നോ പേര് നല്‍കാവുന്നതാണ്.
Send your feedback to : onlinekeralacatholic@gmail.com