മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ടിന്റെ പുതിയ ഭേദഗതി: ആറുമാസം വരെയുള്ള ഗര്‍ഭസ്ഥശിശുക്കളെ കൊല്ലാം
ഫാ. ഷീന്‍ പാലക്കുഴി - മാര്‍ച്ച് 2021
ആറുമാസം വരെയുള്ള കുഞ്ഞുങ്ങളെ കൊല്ലാന്‍ അനുവാദം നല്കുന്ന പുതിയ നിയമഭേദഗതി രാജ്യസഭയും പാസ്സാക്കി. ഇനി ഗര്‍ഭപാത്രങ്ങള്‍ കൂട്ടകുരുതിപ്പാടങ്ങള്.
ലോകത്ത് ഏറ്റവും കൂടുതല്‍ നരഹത്യ നടക്കുന്നത് അബോര്ഷന് വഴിയാണ്. 2019 ല്‍ മാത്രം ലോകത്ത് നാലേകാല്‍ കോടി കുഞ്ഞുങ്ങളാണ് അബോര്ഷന് വഴി കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം ഏതാണ്ട് 116000കുഞ്ഞുങ്ങള്‍. ഒരു മണിക്കൂറില്‍ 5000 ത്തോളം.ഒരു മിനിട്ടല്‍ 80 ല്‍ അധികം. ലോകത്തെ മുഴുവന്‍ ബാധിച്ച കോവിഡ് 19 മഹാമാരി പോലും ഇതുവരെ 26 ലക്ഷം പേരുടെ ജീവനേ കവര്ന്നിട്ടുള്ളു എന്നോര്‍ക്കണം.
ഈ കൂട്ടക്കുരുതിയ്ക്ക് കുടപിടിക്കുന്ന ഒരു കരിനിയമ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നു. അതാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ടിന്റെ പുതിയ ഭേദഗതി.
1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് പ്രകാരം അമ്മയുടെ ഉദരത്തില്‍ 20 ആഴ്ചവരെ പ്രായമുള്ള കുഞ്ഞിനെ നശിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ 20 എന്നുള്ളത് 24 ആഴ്ചയായി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാന്‍ വഴിയൊരുക്കുന്ന ഒരു ഭേദഗതി പ്രാബല്യത്തില്‍ വന്നിരിക്കുന്നു. കഴിഞ്ഞവര്‍ഷം ലോകസഭ അംഗീകരിച്ച ഭേദഗതിയാണ് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ രാജ്യസഭയും പാസ്സാക്കിയത്.
ഇനി ഉദരത്തിലുള്ള കുഞ്ഞുങ്ങളെ ആറുമാസം വരെ കൊല്ലാം. അവര്‍ വ്യക്തികളല്ല, വെറും മാംസപിണ്ഡങ്ങള്‍ മാത്രം. അവര്‍ക്കു ജീവിക്കാനുളള അവകാശമില്ല. ഉണ്ടെങ്കില്‍ തന്നെ അതു മറ്റൊരാള്‍ക്കു തീരുമാനിക്കാം.
അതിര്‍ത്തി കാക്കുന്ന സൈനികരുടെ സൗഹൃദവും ജീവിതസംഘര്‍ഷങ്ങളും പ്രമേയമാക്കിയ പിക്കറ്റ് 43 എന്ന ഒരു ചലച്ചിത്രമുണ്ട്.
ഇന്ത്യാ പാക് അതിര്‍ത്തിയിലെ സംഘര്‍ഷഭൂമി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ കുടുംബത്തിന്റെ സ്നഹവാത്സല്യങ്ങളുടെ തണലിലേക്കു മടങ്ങിയെത്തുന്ന ഒരു പാക്കിസ്ഥാന് സൈനികന്. ഒഴിവുദിനങ്ങള്‍ അവസാനിച്ച് തിരികെപ്പോരും നേരത്ത് അയാള്‍ തന്റെ പ്രിയതമയുടെ ഉദരത്തില്‍ കാതുചേര്‍ത്തുവെച്ച്, പിറക്കാന്‍ പോകുന്ന തന്റെ കുഞ്ഞിനോട് യാത്ര പറഞ്ഞ്, യുദ്ധഭൂമിയിലേക്ക് നടന്നു മറയുന്ന കണ്ണുനനയിക്കുന്ന ഒരു രംഗമുണ്ടതില്‍.
ഒരിക്കല്‍ പോലും അയാളാ കുഞ്ഞിനെ കണ്ടിട്ടില്ല. പിറന്ന ശേഷം ഇനി കാണാന്‍ ഭാഗ്യമുണ്ടാകുമോ എന്നുമറിയില്ല. തനിക്കുമാത്രം മനസ്സിലാവുന്ന ഏതൊക്കെയോ മുറിഞ്ഞ ശബ്ദങ്ങളിലൂടെ അയാളെ അപ്പാ എന്ന് ആ കുഞ്ഞ് ഒരിക്കല്‍പ്പോലും വിളിച്ചിട്ടില്ല. കുഞ്ഞുമിഴികള്‍ പാതിതുറന്ന് ഒരു പാല്‍പ്പുഞ്ചിരി സമ്മാനിച്ചിട്ടില്ല. പക്ഷേ, അയാളെ സംബന്ധിച്ച് അവളുടെ ഉദരം പേറുന്നത് വെറുമൊരു മാംസപിണ്ഡമല്ല, നാളെ അവര്‍ക്കു തണലായി മാറേണ്ട അയാളുടെ ജീവനുള്ള കുഞ്ഞിനെത്തന്നെയാണ്. പൂവണിഞ്ഞ അയാളുടെ സ്വപ്നങ്ങളെത്തന്നെയാണ്.
അങ്ങനെയെങ്കില്‍ ഒരു കാര്യം ചോദിക്കട്ടെ, ആയാള്‍ എപ്പോള്‍ മുതലാണ് ആ കുഞ്ഞിന്റെ ആ പിതാവായത്?
അമ്മയുടെ ഉദരത്തില്‍ ഉരുവായ നിമിഷം മുതല്ക്കു തന്നെ, ഒരു പക്ഷേ അതിനും മുമ്പേ മാതൃപിതൃ പുത്ര ബന്ധങ്ങളുടെ അദൃശ്യമായൊരു നൂലിഴകൊണ്ട് അവര്‍ കൂട്ടിയിണക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവാം. ദൈവം പറഞ്ഞതാണു ശരി. അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു. അപ്പനെന്നും അമ്മയെന്നും മക്കളെന്നുമൊക്കെയുള്ള ഐഡന്റിറ്റി രൂപമെടുക്കുന്നത് ഉദരത്തെക്കാള്‍ മുമ്പ് ഹൃദയത്തിലാണ്. ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക് രക്തബന്ധത്തിന്റെയും സ്നേഹവാത്സല്യങ്ങളുടെയും അവബോധ രഹസ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ദേവാലയമാണ് അമ്മയുടെ ഉദരം. അപ്പോള്‍ ഭ്രൂണഹത്യ എന്നു പറയുന്നത് ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു മുഴനീക്കം ചെയ്യുന്ന പ്രവൃത്തിയല്ല, ഒരു മനുഷ്യ ജീവനെ ജീവിക്കാന്‍ അനുവദിക്കാത്ത കൊടുംക്രൂരതയാണ്.
ഈ ഭൂമിയില്‍ ദൈവസാന്നിദ്ധ്യമുള്ള, ഏറ്റവും പരിശുദ്ധവും സുരക്ഷിതവുമായ ഒരിടം ഏതാണെന്നു ചോദിച്ചാല്‍ അതൊരമ്മയുടെ ഉദരമാണെന്നായിരുന്നു ആദ്യമൊക്കെ കരുതിയിരുന്നത്. അത് എപ്പോള്‍ വേണമെങ്കിലും തിരുത്തപ്പെടാവുന്നൊരു ബോധ്യമാണെന്ന് പിന്നീടു മനസ്സിലായി. കാരണം ക്രിസ്തു പറയും പോലെ ഏതു ദേവാലയവും അശുദ്ധമാക്കപ്പെടുകയും കല്ലിേډല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുകയും ചെയ്യുന്ന കാലം വരുന്നു, അല്ല അത് വന്നു കഴിഞ്ഞു.
ഈ നിയമഭേദഗതി മാതൃദേവാലയത്തെ കുരുതിക്കളമാക്കാനുള്ള ഗൂഡാലോചനയുടെ ലേറ്റസ്റ്റ് അപ്ഡേറ്റാണ്. എന്തിനും ഏതിനും അപ്ഡേറ്റുകളുളള ഇ-കാലത്ത് കുടുംബവും ബന്ധങ്ങളും മതവും വിശ്വാസങ്ങളും ജീവിശൈലികളും ചിന്തയും സ്വഭാവവും മൂല്യങ്ങളും നിലപാടുകളുമെല്ലാം വരുംവരായ്കള്‍ നോക്കാതെ പുതിയ കാലത്തിന്റെ പകിട്ടിനൊപ്പിച്ചു തിരുത്തിയെഴുതാന്‍ ഒരു തലമുറ മുഴുവന്‍ നിര്ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ടെക്നോളജികളിലേക്കും ഉത്പന്നങ്ങളിലേക്കും സൗകര്യങ്ങളിലേക്കും സംസ്ക്കാരങ്ങളിലേക്കും അനുദിനം അപ്ഗ്രേഡ് ചെയ്തു സായൂജ്യമടയാന്‍ ശീലിച്ച മനുഷ്യന്റെ കാലം.
കത്തോലിക്കസഭ വളരെ വ്യക്തമായി അന്നും ഇന്നും പഠിപ്പിക്കുന്നത്, ഗര്‍ഭധാരണത്തിന്റെ ആദ്യനിമിഷം മുതല്‍ മനുഷ്യജീവന് ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നാണ്. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതല്‍ മനുഷ്യന് ഒരു വ്യക്തിയുടെ അവകാശങ്ങളുണ്ട്. ജീവിക്കാനുള്ള അവകാശം അതില്‍പ്പെട്ടതാണ്. മനപൂര്‍വ്വം ഭ്രൂണഹത്യനടത്തുന്നതും അതിനു കൂട്ടുനില്ക്കുന്നതും പാപമാണ് ( സിസിസി 2270). ജീവനെ ബഹുമാനിക്കാത്ത ഒരു സാമ്രാജ്യവും ഒരു സംസ്ക്കാരവും അധികകാലം നിലനിന്നിട്ടില്ല. നിങ്ങളെടുത്ത വാള് തന്നെ നിങ്ങളുടെ നാശത്തിനു കാരണമാകും.
മനുഷ്യന് മുളപൊട്ടുന്ന ജീവപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നൊരായുധം, അമ്മയുടെ ഉദരഭിത്തികളില്‍ നിന്ന്, ഒരു പൂവിറക്കുന്ന ലാഘവത്തോടെ പറിച്ചെടുക്കുന്നത് തുടിക്കുന്ന ഒരു ജീവനെത്തന്നെയാണ്. അപ്പോള്‍ നിലവിളിച്ചൊന്നു കരയാനോ ഒന്നു നൊമ്പരപ്പെടാനോ കഴിയാതെ തീര്‍ത്തും നിസ്സഹായരായി മരണത്തിനു കീഴടങ്ങുന്ന ഉദരഫലങ്ങളോടുള്ള ഈ ക്രൂരത, പ്രതികരിക്കാനും പ്രതിരോധിക്കാനും ശേഷിയുള്ളവനോട് എന്നതിനേക്കാള്‍ ഏത്രയോ മൃഗീയമാണ്. ബോധപൂര്‍വ്വം ചെയ്യുന്ന ഇത്തരം ഹത്യകള്‍ കൊലപാതകവും പാപവുമല്ലെന്ന് ഇനിയും വറ്റാത്ത അലിവിന്റെ ഉറവകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നൊരാള്‍ക്ക് നെഞ്ചില്‍ കൈവച്ചു പറയാനാകുമോ?
ലോകത്ത് നടക്കുന്ന ഭ്രൂണഹത്യകളുടെ മൂന്നിലൊന്ന് ഇന്ത്യയിലാണ്. ലോകത്ത് ആകമാനം നാലേകാല്‍ കോടി കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതില്‍ ഒന്നരക്കോടിയും ദൈവവിശ്വാസികളുടെ ഇന്ത്യയിലാണ്.
സത്യത്തില്‍ അബോര്ഷനില് കൊല്ലപ്പെടുന്നത് ഒരാളല്ല. രണ്ടുപേരാണ്. കുഞ്ഞുമാത്രമല്ല, അമ്മയും കൂടിയാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മാത്രമല്ല കുഞ്ഞ് ഉരുവാകുന്നത്, ഹൃദയപാത്രത്തിലും കൂടിയാണ്. കുഞ്ഞുവളരുന്നത് ശാരീരികമായി മാത്രമല്ല, അമ്മയുമായുള്ള സ്നേഹത്തിലും ബന്ധത്തിലും കൂടിയാണ്. കുഞ്ഞ് അമ്മയെ ഭക്ഷിച്ചുവളരുന്നു എന്നു പറയുമ്പോള്‍ അമ്മയുടെ വികാരവിചാരങ്ങള്‍ കൂടിയാണ് അത് ആഹരിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്ന് ഏടുത്തുകളയുമ്പോള് ആത്മാവില്‍ നിന്നുകൂടി നീക്കം ചെയ്യേണ്ടിവരും.
പിറക്കാനും ജീവിക്കാനും അവകാശം നിഷേധിക്കപ്പെട്ട കുഞ്ഞിപ്പൈതങ്ങളുടെ നിലയ്ക്കാത്ത തേങ്ങലുകളും തോരാത്ത കണ്ണീരും പ്രതികാരത്തിനായി ദൈവമുമ്പാകെ നിലവിളിച്ചു കരയുന്ന രക്തവും മാനവരാശിയുടെ തലയ്ക്കുമീതെ ഡെമസ്തനീസിന്റെ വാളുപോലെ എന്നുമുണ്ടാവും. എപ്പോള്‍ വേണമെങ്കിലും ശരിസ്സുപിളര്ക്കാന് പാകത്തിന്...
(കടപ്പാട്-സോഷ്യല്‍മീഡിയ)
Send your feedback to : onlinekeralacatholic@gmail.com