നോത്രദാമിലെ തിരുശേഷിപ്പുകള്‍
ജോര്‍ജ് .കെ. ജെ - മേയ് 2019
ഫ്രാന്‍സിന്റെ ആത്മാവായിരുന്നു നോത്രദാം കത്തീഡ്രല്‍. കലയും സാഹിത്യവും ചിത്രകലയുമെല്ലാം നറഞ്ഞുനിന്ന ഫ്രാന്‍സിന്റെ ഗതകാല പ്രൗഢിയുടെ നിത്യസ്മാരകമായിരുന്നു തീനാളങ്ങള്‍ കവര്‍ന്നെടുത്ത നോത്രദാം ദേവാലയം. വര്‍ഷം ഒ്ന്നേകാല്കോടി തീര്‍ത്ഥാടകരെത്തുന്ന നോത്രദാമിനെ തീവിഴുങ്ങിയപ്പോള്‍ ഫ്രാന്‍സിന് മൊത്തം തീപിടിച്ചുവെന്നായിരുന്നു പ്രസിഡന്റ് ഇമ്മാനവേല്‍ മാക്രോ വിലപിച്ചത്. കാരണം ഫ്രാന്‍സിന്റെ ആത്മാവായിരുന്നു നോത്രദാം.
ക്രിസ്തുമതം ഫ്രാന്സിലെത്തുന്നതിനുമുമ്പ് നോത്രദാമിന്റെ സ്ഥാനത്ത് ജൂപ്പിറ്റര്‍ ദേവന്റെ ക്ഷേത്രമായിരുന്നുവത്രെ. പിന്നീട് അത് ക്രിസ്ത്യന്‍ ബസിലിക്കയായി മാറി. നോത്രദാം പരിശുദ്ധകന്യാമറിയത്തിന്റെ നാമത്തിലുള്ള ദേവാലയമാണ്. നോത്രദാം എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം ഔവര്‍ ലേഡി എന്നാണ്. 1160 ലാണ് കത്തീഡ്രലിന്റെ പണി ആരംഭിച്ചത്. 1260 ല്‍ പണി ഏറെക്കുറെ പൂര്‍ത്തിയായി. പിന്നീട് ഓരോ കാലഘട്ടിത്തിലും അഴിച്ചുപണികളും കൂട്ടിച്ചേര്‍ക്കലുകളും നടന്നു.
1800 കളില്‍ വികടര്‍ ഹ്യൂഗോയുടെ നോത്രദാമിലെ കൂനന്‍ എന്ന നോവലിന്റെ വരവോടെയാണ് വിസ്മൃതിയിലാണ്ട ഈ ദേവാലയം വീണ്ടും ഓര്‍മ്മകളില്‍ നിറഞ്ഞത്.
ഇവിടെ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്റെ തിരുശേഷിപ്പുകളാണ്, ഭക്തിയും പാരമ്പര്യവും ഒത്തുചേരുന്ന ഈ ദേവാലയത്തെ ഫ്രഞ്ചുജനതയുടെ ആത്മാവും ജീവനുമാക്കി മാറ്റുന്നത്. ദേവാലയത്തിന്റെ ഉയരമുള്ള എടുപ്പുകളെല്ലാം തീയെടുത്തുവെങ്കിലും ക്രിസ്തുവിന്റെ തിരുശേഷിപ്പുകള്‍ കവരാന്‍ തീനാളങ്ങള്ക്കായില്ല എന്നതാണ് ആശ്വാസം.
ക്രിസ്തുവിന്റെ മുള്‍ക്കിരീടം
ക്രിസ്തുവിന്റെ മുള്‍ക്കിരീടം ആണു മുഖ്യ ആകര്‍ഷണം. ദൂഖവെളളിയാഴ്ച മാത്രമേ ഇത് പുറത്തെടുക്കു. നെപ്പോളിയന് ചക്രവര്‍ത്തി സമ്മാനിച്ച സ്വര്ണ്കവചത്തിനുള്ളിലാണ് മുള്‍ക്കിരീടം സൂക്ഷിച്ചിരിക്കുന്നത്. യേശുവിനെ തറച്ച കുരിശിന്റെ 24 സെന്റീമീറ്റര്‍ നീളമുളള കഷണം. കുരിശില്‍ തറയ്ക്കാന് ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന 3.5 ഇഞ്ച് നീളമുള്ള ആണി. യേശുവിനെ അടക്കം ചെയ്ത കല്ലറയുടെ ഭാഗങ്ങള്‍ എ്നിവയാണ് മറ്റു തിരുശേഷിപ്പികള്‍. 1270 ല്‍ കുരിശുയുദ്ധത്തിനുിടെ മരിച്ച ഫ്രാന്‍സിലെ രാജാവും പിന്നീടു വിശുദ്ധനുമായ സെന്റ് ലൂയിയുടെ വസ്ത്രത്തിന്റെ ഭാഗവും ഇവിടെ ഉണ്ടായിരുന്നു. നൂറ്റണ്ടുകള്‍ പഴക്കമുള്ള ഒട്ടേറെ അമൂല്യ കലാവസ്തുക്കളും പെയിന്റിംഗുകളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. ഇവയ്ക്കൊന്നും കേടുപാടുകള്‍ പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിഗോപുരം
ഐഫല്‍ ടവര്‍ 19-ാം നൂറ്റാണ്ടില്‍ പൂര്‍ത്തിയാകുന്നതുവരെ ഇവിടത്തെ ഇരട്ടമണി ഗോപുരങ്ങളായിരുന്നു ഫ്രാന്‍സിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. വടക്കന്‍ ഗോപുരം 1240 ലും തെക്കന്‍ ഗോപുരം 1250 ലും പൂര്‍ത്തിയായി. വടക്കന്‍ ഗോപുരത്തിലെ ഇമ്മാനുവേല്‍ എന്നുപേരുള്ള ഏറ്റവും വലിയ മണിക്ക് 13 ടണ്ണാണ് ഭാരം. രണ്ടു ഗോപുരങ്ങള്‍ക്കും 68 മീറ്ററാണ് ഉയരം. 3876 പടികളുണ്ട്. അതുകടന്ന് മുകളിലെത്തിയാല്‍ പാരീസ് നഗരം മുഴുവനായി കാണാം.
ദ ഗ്രേറ്റ് ഓര്‍ഗന്‍
ദ് ഗ്രേറ്റ് ഓര്‍ഗന്‍ എന്ന വിളിപ്പേരുള്ള പള്ളിയിലെ ഓര്‍ഗന്‍ 1403 ല്‍ ആണ് നിര്‍മ്മിച്ചത്. 5 കീ ബോര്‍ഡുകളുണ്ട്. 8000 പൈപ്പുകളാണ് ഓര്‍ഗനു ശബ്ദം നല്‍കുന്നത്. ചില പൈപ്പുകള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. കാലക്രമേണ പലപ്പോഴും അറ്റുകുറ്റപണിയും നവീകരണവും ഓര്‍ഗനില്‍ നടത്തിയിട്ടുണ്ട്. പാരീസ് ഭീകരാക്രമണത്തിനിരയായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു 2015 ല്‍ ലാട്രിയുടെ നേതൃത്വത്തില്‍ ഉജ്വല ഓര്‍ഗന്‍ വാദനം നടന്നിരുന്നു.
സ്തൂപിക
പാരീസിന്റെ കാവല്‍ വിശുദ്ധരായ ഡെനീസിന്റെയും ജനവീവിന്റെയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്തൂപിക പൂര്‍ണമായി കത്തിനശിച്ചു. പള്ളിയുടെ മധ്യത്തില്‍ നിന്ന് ആകാശത്തേക്ക് ഉയര്‍ന്നുനിന്ന സ്തൂപിക പലപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു. ഫ്രഞ്ച് വിപ്ലവകാലത്ത് നശിപ്പിക്കപ്പെട്ട ഇത് 1860 ല്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.
Send your feedback to : onlinekeralacatholic@gmail.com