വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാകാനുള്ള വിധിയില്‍ നിന്ന് മലയോര കര്‍ഷകരെ രക്ഷിക്കുക
മാര്‍ ആന്‍ഡ്രൂസ് താഴത്ത് - ജൂലൈ 2020
വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ നിന്നു കര്‍ഷകരെയും കൃഷിയിടങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കാനുള്ള സത്വരനടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ പൊതുകാര്യ കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമണം മൂലം ജീവന് നഷ്ടപ്പെടുന്ന കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും രോദനത്തിനു നേരെ ചെവിയടയ്ക്കുന്നത് പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാധാരണ കര്‍ഷകരുടെ ദയനീയമായ ജീവിതസാഹചര്യങ്ങളും കാര്‍ഷികമേഖലയിലെ പ്രതിസന്ധികളും പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും ആക്രമണങ്ങളും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മലയോരമേഖലകളില്‍ കര്ഷകന് കൃഷിചെയ്യുന്നതൊക്കെ ഏതാണ്ടു മുഴുവനായും കാട്ടുപന്നി, ആന, കുരങ്ങ് എന്നിവ നശിപ്പിക്കുകയാണ്. വിളവെടുപ്പിന് തയാറായ വിളകള്‍പോലും ഒരു രാത്രികൊണ്ടു നശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും നിസംഗതയും നിശബ്ദതയും പാലിക്കുന്നു. വിളകള്‍ നശിപ്പിക്കപ്പെട്ടാല്‍ കര്‍ഷകര്‍ക്കു ലഭിക്കുന്ന തുച്ഛമായ നഷ്ടപരിഹാരം നേടിയെടുക്കണമെങ്കില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തെക്കാള്‍ പണം ചെലവഴിക്കേണ്ടിവരുന്നു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന് നഷ്ടപ്പെട്ടത് ആയിരത്തിനടുത്ത് മനുഷ്യര്‍ക്കാണ്.
വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാകാനുള്ള വിധിയിലേക്ക് മലയോര കര്‍ഷകരെ എത്തിക്കാതിരിക്കാന്‍ ജനാധിപത്യസര്ക്കാര് അടിയന്തിര നടപടികള്‍ സ്വീകരിച്ചേ മതിയാകു.
കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യം ശാസ്ത്രീയമായി നിയന്ത്രിക്കേണ്ടതുണ്ട്. നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്ന കാട്ടുപന്നിയും സര്‍വവും നശിപ്പിക്കുന്ന കുരങ്ങുകളും കൃഷിയെ ഇല്ലായ്മ ചെയ്യുമെന്നുറപ്പാണ്.
കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പൊതുകാര്യ കമ്മീഷന് ആവശ്യപ്പെട്ടു.
Send your feedback to : onlinekeralacatholic@gmail.com