ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുവത്വ രഹസ്യങ്ങള്‍
ജെയ്സണ്‍ പീറ്റര്‍ - ജനുവരി 2020
സുദീര്‍ഘമായ 83 വര്‍ഷങ്ങളെ പ്രസരിപ്പുകൊണ്ടും ലാളിത്യം കൊണ്ടും ശ്രദ്ധേയമാക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുവത്വ രഹസ്യങ്ങള്‍
കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ 83 ന്റെ പടിവാതിലും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. വാര്‍ധക്യത്തെ അവഗണിച്ചുകൊണ്ട് ചുറുചുറുക്കോടെ മുന്നേറുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഏവര്‍ക്കും ഒരു അത്ഭുതം തന്നെയാണ്. 83 ന്റെ തികവിലും അദ്ദേഹത്തിന്റെ അനിതരസാധാരണമായ പ്രസരിപ്പിന്റെയും യുവചൈതന്യത്തിന്റെയും രഹസ്യമെന്തായിരിക്കും. അതെന്താണെറിയാന് പലര്‍ക്കും ആഗ്രഹം കാണും.
1936 ഡിസംബറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 21 ാമത്തെ വയസ്സില്‍ ഈശോസഭയില്‍ ചേര്‍ന്നു. 33-ാമത്തെ വയസ്സില്‍ വൈദികനായി. 55-ാമത്തെ വയസ്സില്‍ സഹായമെത്രാനും 61-ാമത്തെ വയസ്സില്‍ ബ്യൂവനോസ് ഐറിസിലെ ആര്ച്ചുബിഷപുമായി. 64-മത്തെ വയസ്സിലാണ് അദ്ദേഹത്തെ കര്‍ദ്ദിനാളായി വാഴിച്ചത്. 76 -ാമത്തെ വയസ്സില്‍ മാര്‍പാപ്പയുമായി. ഇത്രയൊക്കെ സംഭവിച്ചുവെങ്കിലും അദ്ദേഹത്തിന്റെ തനതായ എളിമയും ലാളിത്യവും നര്‍മ്മബോധവും ദൈവവുമായും മനുഷ്യരുമായും തന്നോടുതന്നെയും സമാധാനത്തില്‍ ജീവിക്കുവാനുള്ള പരിശ്രമവും അദ്ദേഹത്തിന്റെ ജീവിതം പ്രകാശപൂരിതമാക്കുന്നു.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ അദ്ദേഹത്തിനുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. തിരക്കിട്ട മീറ്റിംഗുകള്‍, കൂടിക്കാഴ്ചകള്‍, പൊതുദര്‍ശനങ്ങള്‍, യാത്രകള്‍ എന്നിങ്ങനെ തിരക്കേറിയ ഷെഡ്യൂളായിരിക്കും മാര്‍പാപ്പയക്ക് പൊതുവെ ഉണ്ടാകുക. ഇതിനെല്ലാം ഇടയില്‍ ഇത്ര പ്രസരിപ്പോടുകൂടി ചുറുചുറുക്കോടുകൂടി മുന്നേറുവാന്‍ അദ്ദേഹത്തിനെങ്ങനെ കഴിയുന്നുവെന്നതിന്റെ രഹസ്യമെന്താണെന്ന് നോക്കാം.
എല്ലാം ദൈവദാനം
എല്ലാം ദൈവത്തിന്റെ സമ്മാനമാണെന്നുള്ള തിരിച്ചറിവാണ് ആദ്യത്തെ രഹസ്യം. അതിനെക്കുറിച്ച് മാര്‍പാപ്പ തന്നെ പറയുന്നു: എന്റെ സമാധാനം ഏന്റെ ദൈവത്തിന്റെ സമ്മാനമാണ്. അതെന്നെ വിട്ടുപോകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
യൗസേപ്പിതാവിനോടുള്ള ഭക്തി
യേശുവിന്റെയും പരി. അമ്മയുടെയും കരംപിടിച്ച് എല്ലാ അപകടങ്ങളില്‍ നിന്നും അവരെ കാത്തുസൂക്ഷിച്ച യൗസേപ്പിതാവിനെയാണ് മാര്‍പാപ്പയും കാര്യങ്ങളെല്ലാം ഏല്പിച്ചിരിക്കുന്നത്. പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ മാര്‍പാപ്പ ഒരു കുറിപ്പെഴുതി വി. ജോസഫിന് സമര്‍പ്പിക്കുന്നു. ബാക്കി യൗസേപ്പിതാവ് നോക്കിക്കൊള്ളുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. മാര്‍പാപ്പയുടെ വി. ജോസഫിനോടുള്ള ഭക്തി ലോകപ്രശസ്തമാണ്. തീര്‍ച്ചയായും വി. യൗസേപ്പിതാവിന്റെ സംരക്ഷണത്തിലുള്ള വിശ്വാസം തന്നെയാണ് മാര്‍പാപ്പയുടെ ശാന്തതയുടെ രഹസ്യവും.
മാര്‍പാപ്പ സ്വന്തം കൈപ്പടയില്‍ കുറിപ്പെഴുതി തന്റെ റൂമിലുള്ള വി. യൗസേപ്പിതാവിന്റെ രൂപത്തിനുകീഴില് വെക്കും. അദ്ദേഹത്തിന്റെ റൂമിലുള്ള യൗസേപ്പിതാവിന്റെ പ്രതിമയ്ക്കുമുണ്ട് പ്രത്യേകത. അത് യൗസേപ്പിതാവ് ഉറങ്ങുന്ന പൊസിഷനിലുള്ളതാണ്. ഇതുപൊലൊരു രൂപത്തിനുമുണ്ട് കഥപറയാന്‍. വി. ജോസഫിന് ദൈവം എല്ലാ സന്ദേശങ്ങളും നല്‍കിയത് സ്വപ്നത്തിലായിരുന്നു. മേരി എന്ന കന്യകയെ ഭാര്യയായി സ്വീകരിക്കണമെന്നും ഹെറോദോസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഈജിപ്തിലേക്ക് പലായനം ചെയ്യുക എന്നുമൊക്കെയുള്ള സന്ദേശം ലഭിച്ചത് അദ്ദേഹത്തിന് ഉറക്കത്തിലായിരുന്നു. ഇപ്പോള്‍ എന്റെ കുറിപ്പുകള്‍ യൗസേപ്പിതാവിന്റെ തലയ്ക്കുകീഴെ ഒരു തലയിണ പോലെയായിട്ടുണ്ടെും വി. ജോസഫിന്റെ ഉറങ്ങുന്ന പ്രതിമ തനിക്ക് ഉറക്ക ഗുളികയേക്കാള്‍ ഫലപ്രദമാണെന്നും മാര്‍പാപ്പ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വി. ജോസഫിനോടുളള ഭക്തി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യുവാവായിരിക്കുമ്പോള്‍ തുടങ്ങിയതാണ്. 17ാമത്തെ വയസ്സില്‍ വൈദികനാകുവാനുള്ള ദൈവവിളി അദ്ദേഹത്തിന് ലഭിച്ചത് സെന്റ് ജോസഫ് ബസിലിക്കയില്‍ വെച്ചായിരുന്നു.
ദൈവത്തില്‍ വിശ്രമിക്കുക
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മറ്റൊരു രഹസ്യമാണ്. ദൈവത്തില്‍ വിശ്രമിക്കുക എന്നത്. ഓരോ ദിവസവും ദൈവത്തില്‍ വിശ്രമിക്കുവാന്‍ മാര്‍പാപ്പ സമയം കണ്ടെത്തുന്നു. വിശ്രമിക്കുക മാത്രമല്ല ദൈവത്തിനുപറയാനുള്ളത് കേള്‍ക്കാന്‍ കാതോര്‍ക്കുകയും ചെയ്യും. നാം ശാന്തരായിരിക്കുമ്പോള്‍ ദൈവം തന്റെ പദ്ധതികള്‍ വെളിപ്പെടുത്തിത്തരും. ദൈവത്തിലുള്ള വിശ്രമം നമ്മുടെ ആത്മാവിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഉത്തമമാണെന്നും മാര്‍പാപ്പ പറയുന്നു.
നേരത്തെ ഉറങ്ങും നേരത്തെ ഉണരും
ഓരോ ദിവസവും മാര്‍പാപ്പയ്ക്ക് കൃത്യമായ ടൈംടേബിളുണ്ട്. എന്തൊക്കെ വന്നാലും മാര്‍പാപ്പ രാത്രി 9 മണിക്ക് ഉറങ്ങാന്‍ പോകും. അതിരാവിലെ 4.30 ന് തന്നെ ഉണരും. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാല്‍ ഒരു ലഘുവിശ്രമവുമുണ്ട്. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഉറക്കത്തിലേക്ക് വഴുതിവീഴുക. വി. കൊച്ചുത്രേസ്യയും അങ്ങനെയായിരുന്നുവത്രെ. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറങ്ങിപ്പോയാലും കൊച്ചുത്രേസ്യയെ ദൈവത്തിനും വലിയ ഇഷ്ടമായിരുന്നു. അതുപോലെ തന്നെയാണ് മാര്പാപ്പയെയും. ഒരു ശിശു തന്റെ പിതാവിന്റെ കരങ്ങളിലെപോലെ ഓരോ വിശ്വാസിയും ദൈവത്തോടൊപ്പമായിരിക്കണം. പിതാവിന്റെ കൈകളില്‍ ഒരു ശിശുവിനെപ്പോലെ ആയിരിക്കുക എന്നുള്ളതാണ് ദൈവത്തിന്റെ അനുഗ്രഹം നേടാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം.
സ്ട്രെസ് നേരിടാന്‍ പ്രാര്‍ത്ഥന
സ്ട്രെസ് ഇല്ലാത്ത ജീവിതമില്ല. സ്ട്രെസിനെ നേരിടാന്‍ പ്രാര്‍ത്ഥനയാണ് ഏറ്റവും ബെസ്റ്റ് എന്ന് മാര്‍പാപ്പയ്ക്ക് നന്നായി അറിയാം. മാര്‍പാപ്പ ദിവസവും വളരെ നേരം പ്രാര്‍ത്ഥനയ്ക്കായി ചിലവഴിക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് തനിക്ക് തനതായ ശൈലിയുണ്ടെന്നാണ് മാര്‍പാപ്പ പറയുന്നത്. ദിവ്യബലിയും റോസറിയും മാര്‍പാപ്പയക്ക് പ്രിയംങ്കരമാണ്. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ബൈബിള്‍ വളരെയധികം വായിക്കും, അതോടെ സമാധാനം തന്റെ ഉള്ളില്‍ വളരുമെന്ന് മാര്‍പാപ്പ പറയുന്നു.
നര്‍മ്മബോധം
നര്മ്മബോധമില്ലെങ്കില് സന്തോഷകരമായി ജീവിക്കുവാന്‍ പ്രയാസമാണന്നും ജീവിതം ആസ്വദിക്കുന്നതിനും കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതിനും ഒരു ക്രിസ്ത്യാനിക്ക് അത്യാവശ്യം വേണ്ടത് നര്‍മ്മബോധമാണെന്നും മാര്‍പാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, വി. തോമസ് മൂറിന്റെ നല്ല നര്മ്മബോധത്തിനായുള്ള പ്രാര്‍ത്ഥന മാര്‍പാപ്പ സ്ഥിരമായി ചെല്ലാറുണ്ടത്രെ.
പാപത്തിന് നോ, ദൈവത്തോട് യെസ്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുവത്വത്തിന്റെ രണ്ടാമത്തെ രഹസ്യം അദ്ദേഹത്തിന്റെ ശുദ്ധമായ മനസാക്ഷിയാണ്. ഒരു മനുഷ്യനെ വയസനാക്കുന്നത് വര്‍ഷങ്ങളല്ല, പാപമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശാശ്വതമായ യുവത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പരിശുദ്ധ മറിയം. മാതാവിന്റെ യുവത്വം പ്രായത്തിലല്ല, സൗന്ദര്യം ബാഹ്യവുമല്ല, ഒരു കൈയില്‍ പുസ്തകവുമായി മാതാവ് ഒരു മാലാഖയുടെ മുന്നില്‍ നില്ക്കുന്ന പടം കണ്ടിട്ടുണ്ടാകാം. മാതാവിന്റെ കൈയിലുള്ള പുസ്തകം ബൈെബിളാണ്. മാതാവ് ദൈവത്തിന്റെ സ്വരം ശ്രവിച്ചു, അവിടുത്തോടൊപ്പം സമയം ചിലവഴിച്ചു. ദൈവത്തിന്റെ വചനമായിരുന്നു പരി. അമ്മയുടെ രഹസ്യം, അവള് വചനം ഹൃദയത്തില്‍ സൂക്ഷിക്കുകയും, ഉദരത്തില്‍ സ്വീകിരിക്കുകയും ചെയ്തു മാര്‍പാപ്പ പറയുന്നു. അതുകൊണ്ട് പാപത്തോട് നോ പറഞ്ഞ് ദൈവത്തോട് യെസ് പറയുന്ന ജീവിതമാണ് വേണ്ടതെന്ന് മാര്‍പാപ്പ പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com