ആഡംബര കാര്‍ ലേലം ചെയ്ത് കിട്ടിയ പണം കൊണ്ട് ഇറാക്കില്‍ നഴ്സറി സ്കൂള്‍ പണിത മാര്‍പാപ്പ
ബിനു പാരിയ്ക്കാപ്പിള്ളി - മാര്‍ച്ച് 2021
ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്ക് സമ്മാനമായി ലഭിച്ച ആഡംബര കാര്‍ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് ഇറാക്കിലെ കുട്ടികള്‍ക്ക് നഴ്സറി സ്കൂള്‍ പണിതുനല്കി. ലോകപ്രശസ്ത ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബ്രോഹിനിയാണ് 2017 ല്‍ മാര്‍പാപ്പയ്ക്ക് ഒരു കാര്‍ സമ്മാനമായി നല്‍കിയത്. ലാളിത്യത്തിന്റെ മൂര്‍ത്തീഭാവമായ ഫ്രാന്‍സിസ് മാര്‍പാപ്പ ആ കാര്‍ വലിയ തുകയ്ക്ക് ലേലം ചെയ്തു. ആ തുക ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് മാതൃകയായി.
മാര്‍പാപ്പ തന്റെ ലംബ്രോഹിന കാര്‍ വിറ്റുകിട്ടിയ പണം കൊണ്ട് ഇറാക്കിലെ നിനിവേ നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നശിപ്പിച്ചുകളഞ്ഞ നഴ്സറി സ്കൂളും ദേവാലയത്തോടുനുബന്ധിച്ചുള്ള ഒരു കെട്ടിടവും പണിതു നല്കി. അങ്ങനെ എന്റെ ഹൃദയം ഇറാക്കിലെ ക്രൈസ്തവരെ ഓര്‍ത്ത് നോവുന്നു എന്ന് പറഞ്ഞ മാര്‍പാപ്പ അവര്‍ക്ക് സാന്ത്വനവുമായി മാറി.
നിനിവേയിലെ ബാഷിഗ നഗരത്തിലാണ് ഭീകരര്‍ നശിപ്പിച്ചുകളഞ്ഞ വെര്‍ജിന്‍ മേരി കിന്റര്ഗാര്ട്ടന് പണികഴിപ്പിച്ചത്. അത് അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഉപകരിക്കുമെന്നും സിറിയന്‍ കാത്തലിക് ബിഷപ് യോഹാനാ ബുട്രോസ് മോഷെ പറഞ്ഞു.
ലേലം ചെയ്തുകിട്ടിയ തുകയില്‍ 2,40,000 ഡോളര്‍ മാര്‍പാപ്പ ഇറാക്കിലെ ക്രൈസ്തവരെ പുനരധിവസിപ്പിക്കുവാനായി കഠിനപ്രയത്നം ചെയ്യുന്ന എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയ്ക്ക് നല്കി അവരാണ് ആ പണമുപയോഗിച്ച് രണ്ട് കെട്ടിടങ്ങളും പണിപൂര്‍ത്തിയാക്കിയത്.
മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തിനുമുമ്പേ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് സംഘടനയുടെ ഡയറക്ടര്‍ അലസാന്‍ഡ്രോ മൊന്റേഡുറോ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ അക്രമം കൊണ്ട് പലായനം ചെയ്യപ്പെട്ട നിനിവേനഗരത്തിലെ 45 ശതമാനം ക്രൈസ്തവരും മടങ്ങിയെത്തിയെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വക്താക്കള്‍ വെളിപ്പെടുത്തി.
മാര്‍പാപ്പയ്ക്ക് കിട്ടിയ ലംബ്രോഹിനി ലേലം വിളിച്ചുകിട്ടിയ തുകയുടെ ഒരു ഭാഗം അദ്ദേഹം നല്‍കിയത് പോപ്പ് ജോണ്‍ 23-ാമന്‍ കമ്മ്യൂണിറ്റിയ്ക്കായിരുന്നു. മനുഷ്യക്കടത്തിലും വേശ്യാവൃത്തിയിലും പെട്ടവരെ പുനരധിവസിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തു നടത്തുന്ന സമൂഹമാണിത്. ബാക്കി തുക ആഫ്രിക്കയിലെ ജനതയ്ക്ക് മെഡിക്കല്‍സഹായം എത്തിക്കുന്നതിനുമായിരുന്ന മാര്‍പാപ്പ പങ്കിട്ടുനല്കിയത്.
Send your feedback to : onlinekeralacatholic@gmail.com