സൈലന്റ് നൈറ്റ് ഹോളി നൈറ്റ് ലോകത്തിലെ ഏറ്റവും പോപ്പുലറായ ക്രിസ്തുമസ് ഗാനം
ഷേര്‍ളി മാണി - ഡിസംബർ 2019
സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനത്തിന് പ്രായം 201. ലോകപ്രശസ്തമായ ഈ കരോള്‍ ഗാനം കംമ്പോസ് ചെയതത് 1818 ലെ ക്രിസ്തുമസ് തലേന്ന് ഓസ്ട്രിയായിലെ ഒരു സ്കൂളിലെ സംഗീത അദ്ധ്യാപകനായിരുന്ന ഫ്രാന്‍സ് ഗ്രൂബര്‍ ആയിരുന്നു. ഗാനത്തിന്റെ ഈരടികള്‍ രചിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തായ ഫാ ജോസഫ് മേഹറുമായിരുന്നു. വലിയ പാട്ടെഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ അകമ്പടിയില്ലാതെ തന്നെ അന്നത്തെ ക്രിസ്തുമസ് ദിനത്തില്‍ ഓസ്ട്രിയയിലെ സെന്റ് നിക്കോളാസ് ദേവാലയത്തില്‍ അര്‍ദ്ധരാത്രിയില്‍ തൂമഞ്ഞുപോലെ പെയ്തിറങ്ങിയ ഈ ഗാനം പെട്ടെന്നാണ് പ്രശസ്തമായത്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഇല്ലാതിരുന്നിട്ടുകൂടി ഈ ക്രിസ്തുമസ് ഗാനം ലോകമെങ്ങും നിശബ്ദ സംഗീതമായി. ആദ്യം കേള്‍ക്കുന്ന അതേ മാധുര്യത്തോടെ നാം ഇന്നും ആ ഗാനത്തിന് കാതോര്‍ക്കുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയതും കേട്ടതും ഡൗണ്‍ലോഡ് ചെയ്തതും റെക്കോര്‍ഡ് ചെയ്യപ്പെട്ടതുമായ ഗാനമാണ് സൈലന്റ് നൈറ്റ്. നൂറുക്കണക്കിന് ഭാഷകളിലേയ്ക്ക് ആ ഗാനം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. രണ്ടു നൂറ്റാണ്ടുകഴിഞ്ഞിട്ടും ഈ ഗാനത്തിന്റെ പ്രശസ്തിയെ വെല്ലാന്‍ ഇതുവരെയും മറ്റൊരു ഗാനത്തിനും കഴിഞ്ഞിട്ടില്ല. ആദ്യമായി ഈ ഗാനം മുഴങ്ങിയ ഓസ്ട്രിയയിലെ സെന്റ് നിക്കോളസിന്റെ നാമത്തിലുള്ള ദേവാലയം ഇന്ന് തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമാണ്. ആര്ന്സ്ഡോര്ഫില് ഗ്രൂബര്‍ പഠിപ്പിച്ചിരുന്ന സ്കൂളില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. 1818 നവംബര്‍ 24 ന് രാത്രിയിലാണ് അദ്ദേഹം ഈ വരികള്‍ക്ക് സംഗീതം നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു.
ക്രിസ്തുമസ് തലേന്ന് ദേവാലയത്തിലെ ഓര്‍ഗന്‍ എലി കരണ്ടതിനാല്‍ രാത്രിയിലെ കുര്‍ബാനയ്ക്ക് ക്രിസ്തുമസ് ഗാനം ഇല്ലാതായിപ്പോകുമോ എന്നു ഭയന്ന ഇടവക വികാരി ഫാ. ജോസഫ് താനെഴുതിയ ഈരടികളുമായി സ്കൂളിലെ സംഗീതാദ്ധ്യാപകനും സുഹൃത്തുമായ ഫ്രാന്‍സ് ഗ്രൂബറിന്റെ വീട്ടിലെത്തി എന്നതാണ് ഈ പാട്ടിന്റെ പിറവിയെക്കുറിച്ചുള്ള ഒരു കഥ. ഗ്രൂബറിന് താനെഴുതിയ പാട്ടിന്റെ ഈരടികള്‍ നല്കി ഗിത്താറില്‍ വായിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്യുവാന്‍ ഫാദര്‍ ജോസഫ് ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഗ്രൂബര്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കി.
രണ്ടുപേരും ചേര്‍ന്ന് 1818 ലെ രാത്രി കുര്‍ബാനയില്‍ ആ ഗാനം ആദ്യമായി ആലപിച്ചു.. പെട്ടെന്നു തന്നെ ഗാനം ഓസ്ട്രിയ മുഴവന്‍ പ്രചാരത്തിലായി. പ്രഷ്യയിലെ രാജാവ് ഫ്രെഡറിക് വില്‍ഹെം നാലാമന് ബെര്‍ലിന്‍ ഇംപീരിയല്‍ ദേവാലയത്തില്‍ വെച്ച് ആ ഗാനം കേട്ടു. ക്രിസ്തുമസിന് തന്റെ രാജ്യത്ത് മുഴുവന്‍ ആ ഗാനം ആലപിക്കാന്‍ ഉത്തരവിട്ടു. സംഗീതം നല്‍കിയവരുടെ പേരിന്റെ അകമ്പടി പോലുമില്ലാതെ ആ ഗാനം പോപ്പുലറായി. പിന്നീടാണ് അതിന്റെ യഥാര്‍ത്ഥ രചയിതാവിനെയും സംഗീതം നല്കിയ വ്യക്തിയെയും ലോകം അറിഞ്ഞത്. 1863 ലാണ് അതിന്റെ ഇംഗ്ലീഷ് ട്രാന്സലേഷന് പുറത്തിറങ്ങിയത്. ഓരോ ക്രിസ്തുമസിനും നാം കാതോര്‍ക്കുന്ന നിശബ്ദ സംഗീതമായി സൈലന്റ് നൈറ്റ് മാറി.
Send your feedback to : onlinekeralacatholic@gmail.com