പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച കരടുവിജ്ഞാപനങ്ങള്‍ ആശങ്കാജനകം
കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് - സെപ്തംബര്‍ 2020
മനുഷ്യനെയും അവന്റെ ജീവിതപ്രശ്നങ്ങളെയും വിലമതിച്ചുകൊണ്ടുള്ള പ്രകൃതിസംരക്ഷണനയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. മലബാര്‍ വന്യജീവി സങ്കേതം, കൊച്ചിയില്‍ മംഗളവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട എക്കോ സെന്‍സിറ്റീവ് സോണ്‍ കരട് വിജ്ഞാപനങ്ങള്‍ കേരളജനതയെ ആകമാനം ആശങ്കയില്‍ അകപ്പെടുത്തിയിരിക്കുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 74.22 ചതുരശ്ര കി.മി വിസ്തൃതിയുണ്ടെന്ന് വനംവകുപ്പ് അവകാശപ്പെടുന്ന താരതമ്യേന ചെറിയ വന്യജീവി സങ്കേതമായ മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതിന് പിന്നാലെ എറണാകുളത്ത് ഹൈക്കോടതിക്ക് പിന്നിലുള്ള 2.74 ഹെക്ടര്‍ വിസ്തൃതിയുള്ള മംഗളവനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിക്കുന്നതിനുളള പുതുക്കിയ കരട് വിജ്ഞാപനവും പുറത്തിറക്കിയിരിക്കുകയാണ്. കേരളത്തിലെ തീരദേശ ജനതയും ഇത്തരം ആശങ്കകളില്‍ അകപ്പെട്ടു തുടങ്ങിയിരിക്കുന്നു.
രണ്ട് ജില്ലകളിലായുള്ള 13 റവന്യൂ വില്ലേജുകളെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നതാണ് മലബാര്‍ വന്യജീവിസങ്കേതം സംബന്ധിച്ച കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും നിയമവശങ്ങളും പാലിക്കാതെയാണ് ഈ കരട് വിജ്ഞാപനം തയാറാക്കിയിരിക്കുന്നത് എന്നുളള പരാതികള്‍ വ്യാപകമാണ്. പ്രസ്തുത വിജ്ഞാപനമനുസരിച്ച് എക്കോ സെന്‍സിറ്റീവ് സോണ്‍ നിലവില്‍ വന്നാല്‍ അനേകം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ഈ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരും നിയമാനുസൃത സ്ഥലമുടമകളുമായ ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളെയും എണ്ണമറ്റ സ്ഥാപനങ്ങളെയും അത്യന്തം ഗുരുതരമായി അത് ബാധിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. മറ്റൊന്ന് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്ന മറ്റ് വന്യജീവി സങ്കേതങ്ങള്‍ ഉണ്ടായിരിക്കെ, ഈ വനമേഖലയെ ആദ്യം പരിഗണിച്ചതിന് പിന്നില്‍ ചില ഗുഢലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയാണ്.
ബഹുഭൂരിപക്ഷം കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന മലബാര്‍ വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് എന്ന പേരില്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കും വിധമുള്ള കര്‍ശനനിയന്ത്രണങ്ങള്‍ വന്നാല്‍ അനേകായിരം കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നിപതിക്കും എന്ന് തീര്‍ച്ചയാണ്.
കൃഷികള്‍ക്കും അത്യാവശ്യ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മറ്റുമുള്ള നിയന്ത്രണം മുതല്‍ കാര്‍ഷികാനുബന്ധ ചെറുകിട വ്യവസായങ്ങള്‍ക്കും കോഴി, ഡയറി, മത്സ്യഫാമുകള്ക്കുള്ള നിരോധനം വരെ പ്രാബല്യത്തില്‍ വന്നേക്കും. ഫലത്തില്‍ സ്ഥലവില്പന പോലും നടക്കാതെ എല്ലാമുപേക്ഷിച്ചുള്ള വലിയൊരു കുടിയിറക്കായിരിക്കും സമീപഭാവിയില്‍ നമുക്ക് കാണേണ്ടിവരിക. ഇത്തരം കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത് മൂലം സാധാരണജനങ്ങള്‍ കടുത്ത ദുരിതത്തില്‍ അകപ്പെട്ട അനുഭവങ്ങള്‍ ഗൂഡല്ലൂര്‍, മഹാബാലേശ്വര്‍ തുടങ്ങിയയിടങ്ങളില്‍ നമുക്ക് മുന്നില്‍ മാതൃകകളായുണ്ട്.
കേരളത്തിന്റെ പശ്ചാത്തലത്തില്‍ താരതമ്യേന കുറഞ്ഞ പ്രതിഷേധസ്വരങ്ങള്‍ മാത്രമുയരാനിടയുള്ള ഈ വന്യജീവിസങ്കേതത്തോടനുബന്ധിച്ച് ആരംഭിക്കുന്ന നിയന്ത്രണങ്ങള്‍ മറ്റ് വിവിധ പ്രദേശങ്ങളിലേക്കും ക്രമേണ വ്യാപിച്ചേക്കാം. ഈ വിഷയത്തിലുള്ള ആശങ്ക വ്യക്തമാക്കിക്കൊണ്ട് താമരശ്ശേരി രൂപതാദ്ധ്യക്ഷനും ഇന്‍ഫാം ദേശീയ രക്ഷാധികാരിയുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാടി രൂപതാദ്ധ്യക്ഷന് മാര്‍ ജോസ് പൊരുന്നേടം തുടങ്ങിയ മെത്രാډാര്‍ വിശദമായ സര്‍ക്കുലറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യനെയും അവന്റെ ജീവിതപ്രശ്നങ്ങളെയും വിലമതിച്ചുകൊണ്ടുള്ള പ്രകൃതിസംരക്ഷണമാണ് ആവശ്യം.
പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്നുള്ളത് നി്സതര്ക്കമാണ്. കാലഘട്ടം ആവശ്യപ്പെടുന്ന നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതായും വന്നേക്കാം. എന്നാല്‍ യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷകരും പരിസ്ഥിതി സ്നേഹികളുമായിരിക്കുന്ന പാവപ്പെട്ട കര്‍ഷകരെ വനം നശിപ്പിക്കുന്നവര്‍ എന്ന് മുദ്രകുത്തി നാടുകടത്താനുള്ള ഗൂഢശ്രമം അപലനീയമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ വായൂദൂരത്തില്‍ വനത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നതായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച കരട് വിജ്ഞാപനവും പിന്‍വലിക്കേണ്ടതാണ്. എക്കോ സെന്‍സിറ്റീവ് സോണിന്റെ പരിധി വനാതിര്‍ത്തിക്കുള്ളില്‍ മാത്രമായ ചുരുക്കണം. പരിസ്ഥിതി സംരക്ഷണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്ഷകദ്രോഹപരമാകാതെ നടപ്പാക്കാനുള്ള രീതികള്‍ സര്‍ക്കാര്‍ അവലംബിക്കണം. പ്രദേശവാസികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ജനസൗഹാര്‍ദ്ദപരമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ ഇപ്പോഴും വരുംകാലങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
മലബാര്‍ വന്യജീവി സങ്കേതം, മംഗളവനം പക്ഷി സങ്കേതം തുടങ്ങിയവയുമായി ബന്ധപ്പെട്ടുകൊണ്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നെങ്കിലും ഭാവിയില്‍ മറ്റ് വന്യജീവി സങ്കേതങ്ങളും വനമേഖലകളും തീരദേശവുമായി ബന്ധപ്പെട്ടും ഇത്തരം തീരുമാനങ്ങള്‍ ഉണ്ടായേക്കാം എന്ന സാധ്യതയെ കേരള സമൂഹം മുഴുവന്‍ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രകൃതിസൗഹാര്ദ്ദപരം എന്നതിനൊപ്പം ജനപക്ഷവുമായിരിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ പ്രബുദ്ധരായ കേരളസമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. മലബാര്‍ വന്യജീവി സങ്കേതം സംബന്ധിച്ചുള്ള കരട് വിജ്ഞാപനത്തിേډല്‍ അഭിപ്രായരൂപീകരണം നടത്താനും പരാതി സമര്‍പ്പിക്കാനുമുള്ള കാലാവധി പ്രസിദ്ധീകരണ തിയതിയായ ആഗസ്റ്റ് 5 മുതല്‍ 60 ദിവസമാണ്. ഏറിയ പങ്കും വനവും പരിസ്ഥിതി ദുര്ബലപ്രദേശങ്ങളുമുള്ള കേരളത്തെ സംബന്ധിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാനിടയുള്ള ഈ തീരുമാനം തിരുത്തുവാന്‍ കേരള ജനത ഒറ്റക്കെട്ടായി ഇടപെടേണ്ടതുണ്ട്. ഈ വിഷയത്തിലുള്ള കേരള കാത്തോലിക്ക സഭയുടെ ആശങ്കകള്‍ അറിയിക്കുന്നതോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ താമസംവിനാ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
Send your feedback to : onlinekeralacatholic@gmail.com