ഒരു രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
ആസ്സാമിലെ ചെറുകിട തേയില കര്‍ഷകരുടെ ജീവിതം മാറ്റിമറിച്ചതെങ്ങനെ?
ജോര്‍ജ് കെ.ജെ. - നവംബര്‍ 2024
കര്‍ഷകരുടെ ഉന്നമനത്തിനായുളള പല രൂപതകളിലെയും പ്രസ്ഥാനങ്ങള്‍ക്ക് അല്പായുസ്സാണ്. അത്തരം പ്രസ്ഥാനങ്ങളില്‍ നല്ലൊരു പങ്കും പാതിവഴിയില്‍ ഇടറി വീഴുകയും പണവും സമയവും നഷ്ടമായവര്‍ ശിഷ്ടകാലം സഭയെ പഴിച്ചും സോഷ്യല്‍ മീഡിയകളില്‍ സഭയെ തെറിവിളിച്ചും അരിശം തീര്‍ക്കുകയുമാണ് പതിവ്. എന്നാല്‍ ആവശ്യമായ പഠനങ്ങള്‍ നടത്തി, വേണ്ട സജ്ജീകരണങ്ങളോടെ നടത്തിയാല്‍, ഒരു രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് എങ്ങനെ അവരുടെ കീഴിലുള്ള ചെറുകിട കര്‍ഷകരുടെ കണ്ണീരൊപ്പുവാനും അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുവാനും സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഗോഹട്ടിയില്‍ നിന്നും ഏകദേശം 300 കിലോമീറ്റര്‍ ദൂരെ, ആസ്സാമിലെ ഒരു കുഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന തേസ്പൂര് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഗര്ബാരി ടീ ഫാക്ടറിയുടെയും കഥ. അത് ഇന്ത്യയിലെ സര്‍വ കര്ഷകസംഘങ്ങള്ക്കുമുള്ള വിജയത്തിന്റെ സുവിശേഷമാണ്.
ലോകത്തിലെ ഏറ്റവും മികച്ച ചായപ്പൊടി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആസ്സാം. നല്ല രുചിയുള്ള ആസ്സാം ചായ ഉത്പാദിപ്പിക്കുന്നവരായിരുന്നുവെങ്കിലും അവിടുത്തെ ചെറുകിട തേയില കര്‍ഷകരുടെ ജീവിതത്തിന് ഒടുക്കത്തെ കയ്പും ചവര്‍പ്പുമായിരുന്നു. കാരണം ചെറുകിട കര്‍ഷകര്‍ അസംഘടിതരും നിരക്ഷരുമായിരുന്നു. അവര്‍ക്കുവേണ്ടി ശബ്ദമുയര്ത്തുവാനോ, അവരെ സംഘടിപ്പിച്ച് നിര്‍ത്തുവാനോ ആരുമില്ലായിരുന്നു. അവര്‍ നുള്ളിക്കൊണ്ടുവരുന്ന കൊളുന്തുകള്‍ ചില്ലക്കാശിനുവാങ്ങാനായി ഇടനിലക്കാര്‍ കാത്തുനിന്നു. പലപ്പോഴും ചില്ലറ പൈസയ്ക്ക് കൊടുക്കാന്‍ കഴിയാതെ കര്‍ഷര്‍ വേദനയോടെ തങ്ങളുടെ തേയിലക്കെട്ടുകള് വഴികളിലുപേക്ഷിച്ച് കണ്ണീരോടെ വിടുകളിലേക്ക് മടങ്ങിയിരുന്നു. അവരുടെ വേദനയും ദുഖവും കണ്ട് മടുത്തപ്പോഴാണ് തേസ്പൂര് രൂപതയിലെ വൈദികനായിരുന്ന ഫാ. സെബാസ്റ്റ്യന്‍ കെ.വി. അവരെ സംഘടിപ്പിച്ച് ഒരു തേയില ഫാക്ടറി തുടങ്ങിയാലെന്താണെന്ന് ആലോചിച്ചത്. തേയിലയ്ക്കല്ലേ വിലകുറവ്, ചായപ്പൊടി ആക്കി വിപണിയിലെത്തിച്ചാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വില കിട്ടുമല്ലോ എന്ന് അദ്ദേഹം മാറി ചിന്തിച്ചു.
2016 ലായിരുന്നു തേസ്പൂര് രൂപതയിലെ ഫാ. സെബാസ്റ്റ്യന്‍ കെ.വി ചെറുകിട കര്‍ഷരുടെ ഉന്നമനത്തിനായി തേസ്പൂര് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപം കൊടുത്തത്. പാവപ്പെട്ടവരും നിരാലംബരുമായ ചെറുകിട തേയിലകര്ഷകരുടെ കണ്ണീരൊപ്പുകയായിരുന്നു ലക്ഷ്യം. അദ്ദേഹം തേസ്പൂര് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ ഒരു ആധുനിക തേയില ഫാക്ടറി തുറക്കാന്‍ തീരുമാനിച്ചു. ആധുനിക സംവിധാനങ്ങളുള്ള ആ ഫാക്ടറിയില്‍ വൈകാതെ, കര്‍ഷകരുടെ തേയില സംഭരിച്ച് സംസ്ക്കരിച്ച് ലോകപ്രശസ്തമായ തേയില ഉത്പാദിപ്പിക്കുവാന്‍ തുടങ്ങി. അങ്ങനെ സ്ഥാപിതമായ നഗര്ബാരി ടീ ഫാക്ടറി കര്‍ഷകരുടെ വിധി മാറ്റിയെഴുതി.
സാമ്പത്തികമായ ലാഭം മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് അന്തസും നീതിയും ഉറപ്പാക്കുന്നതോടൊപ്പം സുസ്ഥിരജീവിത മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിനും അദ്ദേഹം ലക്ഷ്യം ഇട്ടു. അദ്ദേഹം ചെറുകിട കര്‍ഷകര്‍ക്ക് ഓര്‍ഗാനിക് ഫാംമിംഗ് പരിശീലനം നല്കി, സെല്‍ഫ് ഹെല്പ് ഗ്രൂപ്പുകള്‍ സ്ഥാപിച്ചു. ഉന്നത ഗുണനിലവാരമുള്ള ചായപ്പൊടി വിപണിയിലെത്തിച്ച് അവരുടെ വരുമാനം ഉറപ്പാക്കി. ലാഭവിഹിതം കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്നവിധത്തില്‍ അദ്ദേഹം കമ്പനിയെ മാറ്റിയെടുത്തു.
'ഇപ്പോള്‍ ഞങ്ങള്‍ നിസാഹയരല്ല. ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വിലകിട്ടുന്നു. നഗര്ബാരി ഫാക്ടറി തുറന്നതോടെ ഞങ്ങളുടെ ജീവിതം ശരിയ്ക്കും മാറി.' നഗര്ബാരി ഫാക്ടറിക്ക് സ്ഥിരമായി തേയില നല്കുന്ന അന്തോണി ഇസ്ലാരി എന്ന കര്ഷകന് പറയുന്നു. ഇന്ന് അദ്ദേഹത്തെപ്പോലെ ഏതാണ്ട് 2200 ഓളം ചെറുകിട കര്‍ഷകര്‍ ടി.എസ്.എസ്.എസിന്റെ നഗര്ബാരി ടീ ഫാക്ടറിയില്‍ തങ്ങളുടെ ഓര്‍ഗാനിക് കൃഷിരീതികള്‍ പിന്തുടരുന്ന ചെറുകിട തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന തേയില നല്കുന്നു. ഫാക്ടറിയില്‍ നിന്നും സീസണായാല്‍ എല്ലാ ദിവസവും വൈകുന്നേരം ഒരു വാഹനം അവരുടെ തോട്ടങ്ങളിലൂടെ കടന്നുപോയി കൊളുന്ത് കളക്റ്റ് ചെയ്ത് ഫാക്ടറിയിലെത്തിക്കും. ഇടനിലക്കാരില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് തന്നെ തേയിലയ്ക്ക് നല്ല വില നല്കാന് കഴിയുന്നു. ദിവസം 8000 കിലോഗ്രാമോളം വിവിധതരത്തിലുള്ള ചായപ്പൊടി നഗര്ബാരി ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്നു. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയാണ് തേയിലയുടെ സീസണ്.
ഞങ്ങളുടെ സൊസൈറ്റി നിലകൊള്ളുന്നത് നീതിക്കും, സമാധാനത്തിനും വികസനത്തിനും വേണ്ടിയാണ്. ആരും സഹായിക്കാനില്ലാത്ത, സാധാരണ കര്‍ഷകരെ മതത്തിനും ജാതിക്കും അതീതമായി ഒരുമിച്ച് നിര്‍ത്തുവാനും അവരുടെ ജീവിതം മെച്ചപ്പെടുത്തുവാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നതതെന്ന് ഇപ്പോള്‍ നഗര്ബാരി ടീ ഫാക്ടറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. ലാസറസ് ഗുരിയ കേരള കാത്തലിക് ഓണ്‍ലൈനിനോട് പറഞ്ഞു.
സലേഷ്യന്‍ വൈദികനും നോര്‍ത്ത് ഈസ്റ്റ് റീജിയണില്‍ കാല്‍നൂറ്റാണ്ടോളമായി സേവനനിരതനുമായ ഫാ. ഡോമിനിക് വി.ടി. പറയുന്നു... അവനി ടീ വളരെ പോപ്പുലറാണ്. ഇതാണ് ഒരു രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയ്ക്ക് എങ്ങനെ ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാന്‍ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം. ഇതാണ് സുസ്ഥിര വികസനം. തേയിലയ്ക്ക് നല്ല വില മാത്രമല്ല ലാഭവിഹിതവും കര്‍ഷകരിലേക്ക് ലഭിക്കുന്നതിനാല്‍ അവര്‍ വളരെ ഹാപ്പിയാണു താനും. നാം ഒരു കപ്പു ചായ കുടിക്കുമ്പോള്‍ നമ്മുടെ മുഖത്ത് മാത്രമല്ല കര്‍ഷകരുടെ മുഖത്തും പുഞ്ചിരി വിടരുന്നു...തേസ്പൂര് രൂപതയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം തന്നെ...'
ക്വാളിറ്റി ടീ ബ്രാന്‍ഡ് (സി.ടി.സി-ബ്ലാക് ടീ) അവാര്‍ഡ്
കമ്പനി ആരംഭിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ നഗര്ബാരി ഫാക്ടറിയുടെ അര്‍ച്ചന എന്ന ബ്രാന്‍ഡ് ക്വാളിറ്റി ടീ ബ്രാന്‍ഡ് അവാര്‍ഡ് കരസ്ഥമാക്കി. ലോകപ്രശസ്തമായ ഹോംങ്കോംഗ് ഇന്റര്‍നാഷണല്‍ ടീ ഫെയറില്‍ വെച്ച് ബ്ലാക് ടീ (സി.ടി.സി) കാറ്റഗറിയില്‍, ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളോട് മത്സരിച്ച് ആസാമിലെ ഒരു കുഗ്രാമത്തില്‍ നിന്നും വന്ന ബ്രാന്‍ഡ് അവാര്‍ഡ് നേടിയതോടെ അവരുടെ ചായപ്പൊടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. വൈകാതെ, ഉന്നത ഗുണനിലവാരം ഉള്ള മറ്റൊരു പ്രീമിയം ബ്രാന്‍ഡ് അവനി സി.ടി.സി ടീ എന്ന പേരില്‍ അവര്‍ വിപണിയിലെത്തിച്ചു. നല്ല സ്വാദും നറുമണവും ഒത്തുചേരുന്ന അവനി പ്രീമിയം ഗോള്‍ഡ് സി.ടി.സി. ടീയും പെട്ടെന്നു തന്നെ പോപ്പുലറായി. കട്ടന്‍ ചായ ഇഷ്ടപ്പെടുന്നവര്‍ക്കും പാല്‍ചായ കുടിക്കുന്നവര്‍ക്കും അവനി ഒരു പോലെ പ്രിയങ്കരമായി. നല്ല കടുപ്പവും ഉന്മേഷദായകമായ നറുമണവും ഒത്തുചേരുന്ന ഗാര്ഡന് ഫ്രഷ് ചായപ്പൊടിക്ക് ആവശ്യക്കാര്‍ ഏറെയാണ്.
മിനിസ്ട്രി ഓഫ് മൈക്രോ, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസിന്റെ സപ്പോര്‍ട്ടും ആസ്സാം ഡോണ്‍ ബോസ്കോ യൂനിവേഴ്സിറ്റിയുടെ സാങ്കേതികസഹായവും ഈ പ്രോജക്റ്റിനുണ്ട്. കര്‍ഷകരെ കൂടുതല്‍ ശക്തരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, ളര കര്‍ഷകരുടെ സാമ്പത്തിക ഉന്നമനം മാത്രമല്ല, കര്‍ഷകര്‍ക്ക് ശക്തിയും ശബ്ദവും അന്തസ്സും നേടിയെടുക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഈ പ്രോജക്റ്റിന്റെ വിജയം എന്നും ഫാ. ലാസറസ് പറയുന്നു.
(അവനി പ്രീമിയം ഗോള്‍ഡ് സി.ടി.സി. ടീ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്. ആവശ്യമുള്ളവര്‍ 82814 20325 ലേക്ക് വാട്സാപ്പ് ചെയ്യുക.)
Send your feedback to : onlinekeralacatholic@gmail.com