മകന് ദൈവവിളി സ്വീകരിച്ച് വൈദികനായി, അമ്മ ജോലി ഉപേക്ഷിച്ച് സിസ്റ്ററായി
ജെയ്സണ്‍ പീറ്റര്‍ - ജൂലൈ 2021
അമ്മയുടെ ഏക മകന് ദൈവവിളി സ്വീകരിച്ച് സന്യാസ വൈദികനായി. അമ്മയെ ആരു നോക്കും എന്ന മകന്റെ വിഷമം ദൈവം മനസ്സിലാക്കി, ദൈവം അമ്മയെ വിളിച്ചു. അമ്മ വിളികേട്ടു ജോലി ഉപേക്ഷിച്ച് കോണ്‍വെന്റില്‍ ചേര്‍ന്നു സിസ്റ്ററായി. ഫാ. ജോനാസ് മാഗനോ ഒലിവെയ്റ എന്ന ബ്രസീലിലെ പുരോഹിതന്റെ കഥയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മകനും അമ്മയും ഒരേ സന്യാസകുടുംബത്തിലാണെന്നതും രണ്ടുപേരും അടുത്തടുത്താണെന്നതും ഒരേ കാരിസമുള്ള സഭകളിലാണ് സേവനം ചെയ്യുന്നതെന്നതുമാണ് അതിനേക്കാള്‍ അതിശയകരം. ഈ ദൈവത്തിന്റെ ഒരു കാര്യം അല്ലേ.
മകന് സന്യാസത്തിനായി തിരഞ്ഞെടുത്തത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ ഇന്‍കാര്‍നേറ്റ് വേര്‍ഡ് എന്ന സഭയായിരുന്നു. അതേ സഭയുടെ വനിതവിഭാഗത്തിലാണ് അമ്മ ചേര്‍ന്നതും. ഏതായാലും അമ്മയുടെയും മകന്റെയും ദൈവവിളിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ ഫാ. ജോനാസ് തന്നെയാണ് പങ്കുവെച്ചതും. അസാധാരണമായ ഈ ദൈവവിളിയുടെ കഥ വേഗം വൈറലാവുകയും ചെയ്തു.
സ്പെയ്നിലെ എസിഐ പ്രന്‍സ എന്ന ന്യൂസ് ഏജന്‍സിക്ക് നല്കിയ സംഭാഷണത്തില്‍ ഫാ. ജോനസ് പറയുന്നത്....സന്യാസജീവിതം സ്വീകരിക്കുവാനുള്ള ആഗ്രഹം തന്റെ ഹൃദയത്തില്‍ അങ്കുരിച്ചത് എട്ട് വയസുള്ളപ്പോഴായിരുന്നുവെന്ന് അദ്ദേഹം പങ്കുവെച്ചു. അദ്ദേഹം അമ്മയോടൊപ്പം ദിവസവും ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. ഇടവകയിലെ വൈദികരുടെ ആത്മാര്‍ത്ഥതയും തീക്ഷണതയുമാണ് ദൈവവിളി സ്വീകരിക്കുവാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. മകന്റെ വൈദികനാകുവാനുള്ള ആഗ്രഹം പയ്യന്റെ ദിവാസ്വപ്നമാണെന്നായിരുന്നു. പക്ഷേ, ജോനാസിന് അത് തീക്ഷണമായ ആഗ്രഹം തന്നെയായിരുന്നു. എന്നാല്‍, അമ്മയാകട്ടെ മകനെ ഒന്നിനും നിര്‍ബന്ധിച്ചില്ല, ഈശോയ്ക്കിഷ്ടമുള്ളത് ചെയ്യാന്‍ അനുവദിച്ച മാതാവിനെപ്പോലെ അവന് പറയുന്നതുപോലെ ചെയ്യുക എന്ന അഭിപ്രായക്കാരിയായിരുന്നു അമ്മയെന്നും ഫാ. ജോനസ് പറയുന്നു.
ജോനായ്ക്ക് 13 വയസ്സുള്ളപ്പോഴായിരുന്നു അമ്മ സെന്റ് ഇഗ്നേഷ്യസ് ലയോള സ്പിരിച്വല്‍ റിട്രീറ്റിന് പോയത്. കൂടെ മകനെയും കൂട്ടി. ധ്യാനം സംഘടിപ്പിച്ച വൈദികര്‍ അമ്മയുടെ പ്രാര്‍ത്ഥന തടസ്സപ്പെടുത്താതിരിക്കാന്‍ മകനെ ഒപ്പം കൂട്ടി. അവരോടൊപ്പമുള്ള സഹവാസം അവന്റെ ദൈവവിളി തിരിച്ചറിയുവാനുള്ള അവസരമായിരുന്നു. അവിടുത്തെ റെക്ടര്‍ ഉറപ്പിച്ചു പറഞ്ഞു നിനക്ക് ദൈവവിളിയുണ്ട്.
ആ സംഭവം ജോനാസിന്റെ ദൈവവിളി ഒന്നുകൂടി ഉറപ്പിച്ചു. അവന് സെമിനാരിയില്‍ പോകാന്‍ തീരുമാനിച്ചു. അവന്റെ ഒരേയൊരു പേടി, ഏക മകനായതിനാല്‍ അമ്മയ്ക്ക് ആരുമില്ലല്ലോ. അമ്മയെ ആരു നോക്കും എന്നതായിരുന്നു. എന്നാല്‍, ദൈവത്തിന് അവന്റെ അമ്മയെക്കുറിച്ച് മറ്റൊരു പദ്ധതിയുണ്ടായിരുന്നു...
അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ ഇന്‍ കാര്നേറ്റ് വേര്‍ഡ് എന്ന സന്യാസസഭയുടെ വനിതാവിഭാഗമായ ദ സിസ്റ്റേര്‍സ് ഓഫ് ദ സേര്‍വന്റ്സ് ഓഫ് ദ ലോഡ് ആന്‍ഡ് ദ വെര്‍ജിന്‍ ഓഫ് മാട്ടറ, അദ്ദേഹത്തിന്റെ അമ്മയെ അവരുടെ സഭയില്‍ ചേരാന്‍ ക്ഷണിച്ചു. അമ്മ നേഴ്സ് ആയിരുന്നതിനാല്‍ ആ സന്യാസിനികളുടെ സംരക്ഷണയിലുള്ള മാനസികരോഗികളായവരെ പരിചരിക്കുന്നതിന് അത് നല്ലതാണെന്നും ജോനാസിന്റെ അമ്മ തിരിച്ചറിഞ്ഞു. മകന് മൈനര്‍ സെമിനാരിയില്‍ പോയി കഴിഞ്ഞ ഉടനെ അമ്മ കോണ്‍വെന്റിലും ചേര്‍ന്നു. കോണ്ടംപ്ലേറ്റീവ് ഓര്‍ഡറായ ആ സഭയില്‍ ചേര്‍ന്ന് അമ്മ ഇപ്പോള്‍ ഇറ്റലിയിലാണ് കഴിയുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 2020 ന് മകന് പഠനം പൂര്‍ത്തിയാക്കി വൈദികനായി. ഇപ്പോള്‍ റോമില്‍ സേവനം ചെയ്യുന്നു. അമ്മ ഇറ്റലിയിലെ കോണ്‍വെന്റിലാണ് സേവനം ചെയ്യുന്നതും. ഏതായാലും അച്ചന് സന്തോഷമായി അമ്മ അടുത്തുതന്നെയുണ്ടല്ലോ. എത്തൊക്കെ പറഞ്ഞാലും അമ്മയുടെ ദൈവവിളി ദൈവം തന്ന അതുല്യമായ സമ്മാനമാണെന്നും ഫാ. ജോനാസ് തറപ്പിച്ചുപറയുന്നു.
പലപ്പോഴും നാം ദൈവവിളിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പലരും പറയുന്നു..എന്റെ അമ്മ അല്ലെങ്കില്‍ അച്ചന് എന്റെ ദൈവവിളിക്കെതിരായിരുന്നു. എന്നാല്‍, എന്നെ സംബന്ധിച്ച് അങ്ങനെ അല്ലായിരുന്നു. അമ്മ എനിക്ക് കട്ട സപ്പോര്‍ട്ട് ആയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ പാതയില്‍ ഈശോയോടൊപ്പം സഞ്ചരിക്കുന്നുവെന്നു മാത്രമല്ല, ഒരേ സഭയില്‍ ഒരേ ചൈതന്യത്തോടെ പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഈ ഭാഗ്യം ആര്‍ക്കാണ് കിട്ടുക... ഫാ. ജോനാസ് ചോദിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com