മിശ്രവിവാഹ രജിസ്ട്രേഷന് നോട്ടീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കിയ നടപടി ദുരൂഹം
ഡോ. വര്‍ഗീസ് വള്ളിക്കാട്ട് - ജൂലൈ 2020
സ്പെഷല്‍ മാര്യേജ് ആക്ടിന്റെ ദുരുപയോഗത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും വാക്താവുമായ ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ് രജിസ്ട്രേഷന് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചുള്ള പൊതുമരാമത്ത് രജിസ്ട്രേഷന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ജൂലൈ 24 ന് പുറപ്പെടുവിച്ച അറിയിപ്പ് തികച്ചും അശാസ്ത്രിയവും വിവേകരഹിതവുമാണ്.
രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ വിവാഹിതരാകുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണമെന്നു നിര്‍ദ്ദേശിച്ചിരുന്നതിന്റെ വെളിച്ചത്തിലാണ് തീരുമാനം എന്നാണ് അറിയിപ്പിലെ വിശദീകരണം. മിശ്രവിവാഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് ലഭിച്ചതിനെത്തുടര്‍ന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇടപെടാനിടയായ സംഭവുമായി ബന്ധപ്പെട്ട് ഒരു യുവാവിന്റെ പരാതിയിലാണ് ഈ നടപടി എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിനു കൂടുതല്‍ വ്യക്തത നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്. അത്തരത്തില്‍ വ്യക്തിവിവരങ്ങള്‍ ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം അനാവശ്യമായ രഹസ്യാത്മകത രജിസ്ട്രേഷന് നടപടികള്‍ക്ക് ആവശ്യമാണെന്ന് വരുത്തുന്നതിന്റെ കാരണം ദുരൂഹമാണ്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹം എന്നത് രഹസ്യമായ നടപടിയല്ല. മാതാപിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ അറിയാതെ വിവാഹം നടത്തണം എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ നിഗൂഡമായ മറ്റു ചില ലക്ഷ്യങ്ങള്‍ക്കൂടി ഉണ്ടായിരിക്കാനുള്ള സാധ്യതകളാണുള്ളത്.
പ്രായപൂര്‍ത്തിയായെന്ന ഒറ്റക്കാരണത്താല്‍ വധൂവരന്മാര്ക്ക് ഇക്കാര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും അതിനാല്‍ വിവാഹവിവരം സൂക്ഷിക്കുന്നത് യുക്തമാണെന്നും അഭിപ്രായപ്പെടുന്നവര്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും പ്രണയക്കുരുക്കുകളും കാണാന്‍ കൂട്ടാക്കത്തവരാണ്.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വിവിധ ജില്ലകളിലും ദേശങ്ങളിലുമുള്ളവര്‍ തമ്മിലുള്ള മിശ്രവിവാഹങ്ങളും രഹസ്യസ്വഭാവത്തോടുകൂടിയ വിവാഹങ്ങളും വിവാഹത്തിനുപിന്നില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതകളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവാഹനോട്ടീസ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. മാറിയ സാഹചര്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ സുതാര്യമായ രീതിയിലേക്ക് ഇത്തരം കാര്യങ്ങള്‍ പരിഷ്ക്കരിക്കേണ്ട സ്ഥാനത്ത് മറിച്ചുചിന്തിക്കുന്നത് ശരിയല്ല.
വിവാഹങ്ങല്‍ സുതാര്യമാണെന്നും ദുരുദ്ദേശ്യപരമല്ലെന്നും ഉറപ്പുവരുത്തുന്നതിനായി വധൂവരډന്മാരുടെ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ വ്യക്തമായി വിവരം ധരിപ്പിക്കാനും വധൂവരന്മാര്ക്ക് കൗണ്‍സിലിംഗിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. വിവാഹങ്ങള്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടതാണോ എന്ന് ശരിയായി നിരീക്ഷിക്കുകയും ആവശ്യമായ ചോദ്യാവലിയും സാക്ഷ്യപത്രവും രജിസ്ട്രേഷന്റെ ഭാഗമായി ഉള്‍പ്പെടുത്തുകയും വേണം.
മിശ്രവിവാഹങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷനും റിപ്പോര്‍ട്ടും നിയമവിധേയമായി നിര്‍ബന്ധിതമാക്കേണ്ടതും അനിവാര്യമാണ്. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോമുകള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കാനും കമ്പ്യൂട്ടറൈസേഷ് പൂര്‍ണമായി നടപ്പാകാനുമുള്ള നടപടികളും ആവശ്യമാണ്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചുളള വിവാഹവുമായി ബന്ധപ്പെട്ട് സ്വീകരിച്ച അനാരോഗ്യകരമായ തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്നും കാലാനുസൃതവും സമൂഹം അവശ്യപ്പെടുന്നതുമായ പരിഷ്ക്കരണങ്ങള്‍ വരുത്താനുമുള്ള നടപടികള്‍ ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെടുന്നു.
Send your feedback to : onlinekeralacatholic@gmail.com