സി. ജെരാര്‍ഡ് - ലോകത്തെ പ്രചോദിപ്പിച്ച നൂറു വനിതകളിലൊരാള്‍
ജെയ്സണ്‍ പീറ്റര്‍ - നവംബര്‍ 2019
ഒരു വര്‍ഷം കൂടി കടന്നുപോകുകയാണ്. 2019 കടന്നുപോകുമ്പോള്‍ ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച 100 വനിതകളുടെ ഒരു പട്ടിക ബിബിസി പുറത്തുവിട്ടിരിക്കുകയാണ്. ബിബിസിയുടെ വനിതകളുടെ പട്ടികയില്‍ കഴിഞ്ഞ 35 വര്‍ഷമായി നിശബ്ദവമായ സേവനത്തിലൂടെ മാനവരാശിയെ സ്വാധീനിച്ച സിംഗപ്പൂരില്‍ നിന്നുള്ള സി. ജെരാര്‍ഡ് ഫെര്‍ണാണ്ടസ് കന്യാസ്ത്രിയുമുണ്ട്. സഭയുടെ സാധാരണ മിഷന് പ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന, കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു മിഷന് പ്രവര്‍ത്തനത്തിനാണ് സി. ജെരാര്‍ഡ് ജീവിതം മാറ്റിവെച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരോടൊപ്പം അവരെ മാനസാന്തരപ്പെടുത്താനായി ജീവിതം മാറ്റിവെക്കുക, അതും ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ. ലോകത്തിലെ ഏറ്റവും അഭിശപ്തരായ മനുഷ്യരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍. കൊടുംകുറ്റവാളികളായിരുന്ന അവരുടെ ആത്മാവിന് ദൈവത്തിന്റെ മടിത്തട്ടിലേക്ക് മടക്കിക്കൊണ്ടുവരുവാനായി, മരണത്തെ നേരിടുവാനായി, ആത്മാനുതാപത്തോടെ ദൈവത്തിലേക്ക് നോക്കുവാനായി സി. ജെരാര്‍ഡ് അവര്‍ക്കൊപ്പം നടന്നു. അവര്‍ക്കുവേണ്ടി നിരന്തരം മുട്ടില്‍ വീണു. ആഴ്ചതോറും ജയിലിലെത്തി അവരെ ആശ്വസിപ്പിച്ചു. തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനമായിരുന്നു സി. ജെരാര്ഡിനെ വ്യത്യസ്തയാക്കിയത്.
ബ്ലാക്ക് ഷീപ്
സി. ജെരാര്ഡിന് 81 വയസുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് സി. തന്റെ ജയില്‍ മിഷന് വിരാമമിട്ടത്. 35 വര്‍ഷത്തോളം ഇരുമ്പഴികള്‍ക്കുള്ളിലെ വധശിക്ഷ കാത്തുകഴിയുന്ന കൊടും കുറ്റവാളികളുടെ ഹൃദയത്തിന്റെ അറകളിലേക്ക് വെളിച്ചം വീശുകയായിരുന്നു സി.ജെരാര്‍ഡ്. അവളുടെ സേവനം ലോകം അറിഞ്ഞതേയില്ല. കാരണം ആരും അറിയാതെ, വളരെ രഹസ്യമായും നിശബ്ദമായും ആയിരുന്നു സിസ്റ്റര്‍ തന്റെ ജോലി ചെയ്തിരുന്നത്.
1981 ല്‍ സിംഗപ്പൂരിനെ പിടിച്ചുകുലുക്കിയ പ്രമാദമായ ഒരു കൊലക്കേസായിരുന്നു. ആന്‍ഡ്രിയാന്‍ ലിമും ഭാര്യ കാതറിന് താനും മറ്റൊരു വനിതയും ചേര്‍ന്ന് രണ്ട് കുഞ്ഞുങ്ങളെ മന്ത്രവാദത്തിനായി കുരുതികഴിച്ചത്. 3 കുറ്റവാളികളെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സി. ജെരാര്ഡിനെ ആ വാര്‍ത്ത വല്ലാതെ അസ്വസ്ഥയാക്കി. സിസ്റ്ററിന് കൊല്ലപ്പെട്ട ഒരു കുഞ്ഞിനെയും കാതറിന് താന്‍ എന്ന കുറ്റവാളിയുടെ പിതാവിനെയും അടുത്തറിയാമായിരുന്നു.
വേദനയോടെ സി. ജെരാര്‍ഡ് ജയിലിലെ കാതറിന് ഒരു കത്തെഴുതി. ആറുമാസത്തിനുശേഷം കാതറിന് സി. ജെരാര്ഡിന് മറുപടിയെഴുതി. അതില്‍ അവസാനം ഇങ്ങനെ കുറിച്ചിരുന്നു-എന്ന് ബ്ലാക് ഷീപ്. വേദനയോടെ സി. ജെരാര്‍ഡ് അവളെ കാണാന്‍ ജയിലിലെത്തി. സിസ്റ്റര്‍ എന്ന വിധിച്ചില്ലല്ലോ, ദയവായി എന്നെ ഒരു ഹൃദയപരിവര്‍ത്തനത്തിനായി എന്നെ സഹായിക്കുവെന്ന് കാതറിന്റെ കണ്ണുകള്‍ തന്നോടെ കെഞ്ചുന്നതായി സി. ജെരാര്ഡിന് തോന്നി.
നഷ്ടപ്പെട്ട ആടിനെ തേടി
ബൈബിളില്‍ നഷ്ടപ്പെട്ട ഒരാടിനെ തേടി ബാക്കി 99 നെയും വഴിയില്‍ നിര്‍ത്തിപ്പോയ നല്ലയിടയന്റെ കഥ വളരെ ഹൃദയസ്പര്‍ശിയാണ്. എന്നാല്‍, രണ്ടു കുഞ്ഞുങ്ങളെ കൊന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നഷ്ടപ്പെട്ടുപോയ ഒരാടിനെ തേടി പോകുവാന്‍ സാധാരണഗതിയില്‍ ഒരിടയനും തയാറാകുകയില്ല.
എന്നാല്‍, സിസ്റ്റര്‍ പറയുന്നു കാതറിന്റെ ഹൃദയത്തിലെ പ്രതീക്ഷ എന്നെ മാറ്റിമറിച്ചു. മോശമായ ഒരു വ്യക്തിയെ നന്നാക്കുക എന്നതായിരുന്നില്ല തുടക്കം. മറിച്ച് ആര്‍ക്കും വേണ്ടാത്ത ഒരു വ്യക്തിയുടെ കണ്ണിലെ പ്രതീക്ഷ, അതാണ് തന്നെ മാറ്റിയത് സി. ജെരാര്‍ഡ് ഓര്‍മ്മിക്കുന്നു.
ജയിലില്‍ ആദ്യമായി അവളെ കാണനെത്തിയ അന്നുമുതല്‍, കാതറിന്റെ കഴുത്തില്‍ തൂക്കുകയര്‍ വീഴുന്നതുവരെ ഏഴു വര്‍ഷം സി. അവള്‍ക്കൊപ്പം നടന്നു, പ്രാര്‍ത്ഥനയോടെ. സിംഗപ്പൂരില്‍ വധശിക്ഷ കൂടിയതോടെ, സി. ജെരാര്ഡിന്റെ ജീവിതം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്ക്കൊപ്പമായി. 35 വര്‍ഷം അവള് കൊടുംകുറ്റവാളികളുടെ വ്യത്യസ്തമായ കഥകള്‍ കേട്ടു. മരണം കാത്ത് കഴിയുന്ന അവരെ മരണത്തെ സ്വീകരിക്കുവാന്‍ ഒരുക്കി. കൊലക്കയര്‍ അവരുടെ കഴുത്തില്‍ മുറുകുന്നതിനുമുമ്പ് മരണത്തെ സ്വീകരിക്കുവാന്‍ സിസ്റ്റര്‍ അവരെ ഓരോരുത്തരെയും തയാറാക്കിക്കഴിഞ്ഞിരുന്നു. പാപത്തിന്റെ ഇരുളില്‍ നിന്നും ദൈവത്തിന്റെ വെളിച്ചത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിച്ച ഒരോ കുറ്റവാളിയെയും സിസ്റ്റര്‍ അനുധാവനം ചെയ്തു. ഒരാത്മാവിനെപോലും നഷ്ടപ്പെടുത്താന്‍ സിസ്റ്റര്‍ തയാറായിരുന്നില്ല. അനുതാപത്തിലേക്ക് നയിക്കാന്‍ കഴിയാത്തവിധം കാഠിന്യമുള്ള ഒരു കുറ്റവാളിയുമില്ലെന്ന് സിസ്റ്റര്‍ ജെരാര്‍ഡ് തിരിച്ചറിഞ്ഞിരുന്നു.
വിശുദ്ധ പരിവേഷം വേണ്ട
നീണ്ട 35 വര്‍ഷക്കാലം സിസ്റ്റര്‍ സേവനം ചെയ്തത് നിശബ്ദമായും രഹസ്യമായും ആയിരുന്നു. സിസ്റ്റര്‍ ജെരാര്ഡിന്റെ ശിഷ്യയായ ഒരു ജേണലിസ്റ്റാണ് ആദ്യമായി ഈ കഥ ലോകത്തിനുമുമ്പിലെത്തിച്ചത്. ദയവായി തനിക്കൊരു വിശുദ്ധപരിവേഷം നല്കരുതെന്നുമാത്രമാണ് സി. ജെരാര്ഡിന്റെ അപേക്ഷ. ദൈവസേവനത്തിനുവേണ്ടി നാം ഭാവനയില്‍ പോലും കാണാത്തിടത്തേയ്ക്ക് ദൈവത്തിന് നമ്മെ നയിക്കാനാകും എന്നാണ് സി. ജെരാര്‍ഡ് പറയുന്നത്. ദൈവത്തിന്റെ പ്രകാശം കടന്നുചെല്ലാന്‍ കഴിയാത്ത ഒരു തമോഗര്‍ത്തവും മനുഷ്യഹൃദയത്തിലില്ല. നാം മാറ്റത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു, ദൈവത്തിന്റെ കരുണ കൊടുംപാപത്തെക്കാള് വളരെ വലുതാണ് താനും.... 81 ന്റെ പടിവാതിലില്‍ നിന്നുകൊണ്ട് സി. ജെരാര്‍ഡ് പുഞ്ചിരിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com