ഈസ്റ്റര്‍ ദിന സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരിക, ശ്രീലങ്കന്‍ സഭ കരിദിനം ആചരിച്ചു.
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ഓഗസ്റ്റ് 2021
ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതില്‍ ശ്രീലങ്കന്‍ ഗവണ്മെന്റിന്റെ കഴിവുകേടിനെതിരെ ശക്തമായ പ്രതിഷേധം. ക്രൈസ്തവര്‍ തങ്ങളുടെ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ശ്രീലങ്കന്‍ കത്തോലിക്ക സഭ ഓഗസ്റ്റ് 21 ന് സൈലന്റ് ബ്ലാക് പ്രൊട്ടസ്റ്റ് ഡേ ആചരിച്ചു. ദേവാലയങ്ങളിലും ബിസനസ്സ് സ്ഥാപനങ്ങളിലും ഓഫീസുകളിലും തെരുവുകളിലും കരിക്കൊടി ഉയര്‍ത്തി. ചില സ്ഥലങ്ങളില്‍ മുസ്ലിം, ബുദ്ധമത വിശ്വാസികളും ക്രൈസ്തവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കരിങ്കൊടി ഉയര്‍ത്തി. രണ്ടുവര്‍ഷം മുമ്പ് ആദ്യസ്ഫോടനം നടന്ന സമയമായ രാവിലെ 8.45 ന് ദേവാലയമണികള്‍ മുഴങ്ങി. വിശ്വാസികളെ പങ്കെടുപ്പിക്കാതെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തി.
കൊളംബോയിലെ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാല്‍കം രഞ്ജിത് സ്ഫോടനത്തിനുപിന്നിലുള്ള യഥാര്‍ത്ഥ കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. വളരെ വലിയ ഗൂഡാലോചനയാണ് ഇസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിനുപിന്നില്‍ നടന്നതെന്ന് വെളിപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ ഗവണ്മെന്റ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യന്‍ ഇന്റലിജന്‍സ് സര്‍വീസ് അധികാരികള്‍ക്ക് നാല് പ്രാവിശ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധികാരികള്‍ അത് മറച്ചുവെച്ചു, ജനങ്ങളെ കൊലയ്ക്ക് വിട്ടുകൊടുത്തു. . അധികാരികള്‍ അവരുടെ അധികാരം ഉപയോഗിച്ച് ഭീകരാക്രമണത്തിനു പിന്നില്‍ നടന്ന ഗൂഡാലോചന മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നു എന്നല്‍, ദൈവം അത് മറച്ചുവെയ്ക്കാന്‍ അവരെ അനുവദിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗൂഡാലോചന വെളിച്ചത്തുകൊണ്ടുവരണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കൊളംബോയില്‍ ആര്‍ച്ചുബിഷപ്പിന്റെ വസതിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ തൗഹീദ് ജാമാത്ത് എന്ന ഇസ്ലാമിക ഭീകരഗ്രൂപ്പിലെ ചാവേറുകളാണ് 2019 ഈസ്റ്റര്‍ ദിനത്തില്‍ 3 ദേവാലയങ്ങളിലും 3 ലക്ഷ്വറി ഹോട്ടലുകളിലും സ്ഫോടനം നടത്തിയത്. അക്രമത്തില്‍ 269 പേര് കൊല്ലപ്പെട്ടു. 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 26 പേര് അറസ്റ്റിലായെങ്കിലും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
Send your feedback to : onlinekeralacatholic@gmail.com