ചാവറയച്ചനില്ലാതെ കേരള നവോത്ഥാനമോ?
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
- ജൂലൈ 2022
അക്ഷരജ്ഞാനത്തിന്റെ തീ കൊളുത്തി അജ്ഞതയെ ദഹിപ്പിക്കാനിറങ്ങിയ, കേരള നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമമില്ലാതെ നവോത്ഥാന ചരിത്രമെഴുതി ചരിത്രത്തെ പിന്നില്‍ നിന്നു കുത്തിയത് ആരാണ്? അവിശ്വസനീയമായ ഈ തമസ്ക്കരണം നടത്തിയിരിക്കുന്നത് കേരള പാഠാവലി ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലാണ്. സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ നവകേരള സൃഷ്ടിക്കായി എന്ന എട്ടാം അദ്ധ്യായത്തിലാണ് കേരളത്തിന്റെ നവോത്ഥാന നായകരെ അവതരിപ്പിച്ചിരിക്കുന്നത്. ഹാ കഷ്ടം! അതില്‍ ഒന്നാം സ്ഥാനത്ത് വരേണ്ട ചാവറയച്ചനെ പടിക്കുപുറത്താക്കിയിരിക്കുന്നു.
കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.ഇ.ആര്‍ടി) തയാറാക്കിയ പാഠപുസ്തകത്തില്‍ മഹാരഥന്മാരായ വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, കെ.പി. കറുപ്പന്, വാഗ്ഭടാനന്ദന്, അയ്യന്‍കാളി, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, പൊയ്കയില്‍ കുമാര ഗുരുദേവന് എന്നിവരെക്കുറിച്ചു വിശദമായും വി.ടി. ഭട്ടതിരിപ്പാട്, എം.ആര് ഭട്ടതിരിപ്പാട്, സനാ ഉള്ള സയ്യിദ് മക്തി തങ്ങള്‍ എന്നിവരെക്കുറിച്ചു ഹ്രസമായ വിവരണങ്ങളുമുണ്ട്. ഇവര്‍ക്കൊക്കെ മുമ്പ് അടിമവ്യവസ്ഥയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കേരളത്തില്‍ ജനിച്ച്, വിദ്യാഭ്യാസത്തെ നവോത്ഥാനത്തിന്റെ രാജവീഥിയാക്കിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കീഴ്ജാതിക്കാരായി അകറ്റിനിര്ത്തപ്പെട്ടിരുന്നവര്ക്കും വിദ്യാഭ്യാസം നല്കാന്, സവര്‍ണര്‍ ഉള്‍പ്പെടെയുള്ള അധികാരസ്ഥാനങ്ങളെ വെല്ലുവിളിച്ച ആ മഹാരഥനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കാലക്രമമനുസരിച്ചുപോലും ആ പട്ടികയില്‍ ഒന്നാമത്തെ പേരാകുമായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങനെ വന്നാല്‍, സ്വഭാവികമായും പ്രഥമസ്ഥാനീയനാകുമായിരുന്ന അദ്ദേഹത്തെ നവോത്ഥാനനായകനെന്നോ അല്ലാത്തപക്ഷം നവോത്ഥാനനായകരുടെ നായകനെന്നോ വിളിക്കേണ്ടിവരും. അതിലുള്ള അസഹിഷ്ണുതയാണോ പാഠപുസ്തകം തയാറാക്കിയവരെ ഈ നീചകൃത്യത്തിനു പ്രേരിപ്പിച്ചത്? അതല്ല, അറിവില്ലായ്മകൊണ്ടു സംഭവിച്ചതാണെങ്കില്‍, ഇത്തരം അജ്ഞാനികളായ ചരിത്രപണ്ഡിതരാണോ നമ്മുടെ പാഠപുസ്തക നിര്‍മാതാക്കളും സംവിധായകരും എന്നു ചോദിക്കേണ്ടിവരും.
ചാവറയച്ചനെക്കുറിച്ച് എടുത്തപറയേണ്ട മറ്റൊരു കാര്യമുണ്ട്. അദ്ദേഹം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി മാത്രം പ്രവര്ത്തിച്ചയാളായിരുന്നില്ല. ജാതിയോ മതമോ നോക്കാതെ എല്ലാവര്ക്കും വിദ്യാഭ്യാസം നല്‍കുന്നതിലൂടെയാണു കേരളത്തിന്റെ നവോത്ഥാനം സാധ്യമാക്കേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ മതേതര-പുരോഗമനചിന്തയും പ്രവര്‍ത്തനശൈലിയും.
ശ്രീനാരായണഗുരു ജനിക്കുന്നതിന് 51 വര്‍ഷം മുമ്പ്1805 ഫെബ്രുവരി 10ന് ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം. പാലയ്ക്കല്‍ തോമ മല്പാന്, പോരൂക്കര തോമ മല്പാന് എന്നവര്‍ക്കൊപ്പം സിഎംഐ സഭയും പിന്നീട് മാന്നാനത്ത് സെമിനാരിയും സ്ഥാപിച്ച അദ്ദേഹം മാന്നാനത്ത് അച്ചടിയന്ത്രം സ്ഥാപിച്ചു. അതേ വര്‍ഷം തന്നെയാണ് മാന്നാനത്ത് സീറോ മലബാര്‍ സഭയുടെ ആദ്യസ്കൂള് സ്ഥാപിക്കപ്പെട്ടത്. ആ സംസ്കൃത സ്കൂളില്‍ താഴ്ന്ന ജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന കുട്ടികളെ സവര്ണക്കൊപ്പമിരുത്തി പടിപ്പിക്കാന്‍ ധീരത കാണിച്ചു. ഇതൊക്കെ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു 101 വര്‍ഷം മുമ്പായിരുന്നെന്നും ഓര്‍ക്കണം. കേരള സുറിയാനി കത്തോലിക്കരുടെ വികാരിജനറാളായതിനുശേഷം അദ്ദേഹം നടത്തിയത് വിദ്യാഭ്യാസ വിപ്ലവമായിരുന്നു. ഇന്നും പള്ളികളോടു ചേര്‍ന്നുള്ള പള്ളിക്കൂടങ്ങളുടെ തുടക്കം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിലാണ്. ചാവറയച്ചനു മുമ്പുതന്നെ മലബാറിലും തിരുവിതാംകൂറിലും എല്ലാ ജാതിക്കാരെയും ഒന്നിച്ചിരുത്തി വിദ്യാവെളിച്ചം പകര്‍ന്ന ക്രൈസ്തവ മിഷനറിമാരെയും വിസ്മരിച്ചുകൂടാ. അതിന്റെ വെളിച്ചം കണ്ണു തെളിക്കാത്ത എത്ര സാംസ്ക്കാരിക-രാഷ്ട്രീയ-സാമുദായിക നേതാക്കളുണ്ടിവിടെ? എന്നിട്ടാണീ കൃതഘ്നത.
വിശക്കുന്ന കുട്ടികള്‍ പഠിക്കാനെത്തില്ലെന്നു തിരിച്ചറിഞ്ഞ ചാവറയച്ചന് വസ്ത്രം, ഭക്ഷണം, പുസ്തകം എന്നിവയെല്ലാം സൗജന്യമായി നല്കി. ആ ക്രാന്ത ദര്ശിയുടെ പാത പിന്തുടര്ന്നാണ് പിന്നീട് സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്താനുള്ള ശിപാര്‍ശ ദിവാന് സി.പി. രാമസ്വാമി അയ്യര്‍ 1936 നവംബര്‍ 26 ന് തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിച്ചതെന്ന് കേരള ചരിത്രകാരനായ എ. ശ്രീധരമേനോന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജാതിമതഭെദമെന്യേ സ്ത്രീകള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി 1868 ല്‍ ബോര്‍ഡിംഗ് സ്കൂള്‍ സ്ഥാപിച്ചു. അച്ചടിയന്ത്രം സ്ഥാപിച്ചതുകൂടാതെ സാഹിത്യരംഗത്തും അദ്ദേഹം തിളങ്ങിയിരുന്നു. മഹാകാവ്യമായ ആത്മാനുതാപം, മലയാളത്തിലെ ആദ്യഖണ്ഡകാവ്യം-അനസ്താസ്യയുടെ രക്തസാക്ഷ്യം, ഇടയനാടകങ്ങള് എന്നിവയുള്‍പ്പെടെയുള്ള രചനകള്‍ വിലപ്പെട്ടതായതിനാലാണ് കേരള സാഹിത്യ അക്കാദമിയുടെ ചുവരില്‍ ചാവറയച്ചന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മലയാളത്തിന്റെ സാംസ്ക്കാരിക നായകന് സുകുമാര്‍ അഴിക്കോട് ചാവറയച്ചനെക്കുറിച്ച് പറഞ്ഞത് -പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആദരപൂര്‍വ്വം അനുസ്മരിക്കപ്പെടുന്നുണ്ടെങ്കില്‍ ആ വ്യക്തി പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടും സൃഷ്ടിച്ചയാളായിരിക്കും. അങ്ങനെയുള്ളവരെയാണ് യുഗസൃഷ്ടാക്കള് എന്നുവിളിക്കുന്നത്.-എന്നാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 27, മാര്‍ച്ച് 5 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വെബിനിവേശം എന്ന കോളത്തില്‍ രാംമോഹന്‍ പാലിയത്ത് കുറിച്ചിരിക്കുന്നത് -ഭൂമിയില്‍ സൂര്യന്റെ പ്രതീകമായാണ് അഗ്നി കരുതപ്പെടുന്നത്. അതുപോലെ യേശുക്രിസ്തുവിന്റെ കേരളത്തിലെ പ്രതിനിധിയായി കാണാവുന്ന കുര്യാക്കോസ് ഏലിയാസ് ചാവറയിലാണ് കേരളീയ നവോത്ഥാനം തുടങ്ങുന്നതെന്നു പറയാം -എന്നാണ്. ചാവറയച്ചനുശേഷമാണ് കാള്‍മാര്‍ക്സ് ഉള്‍പ്പെടെയുള്ളവരുടെ ജനനം എന്നും അദ്ദേഹം തുടര്‍ന്നുപറയുന്നു.
ചാവറയച്ചനെന്ന നവോത്ഥാന നായകനെക്കുറിച്ചു പറയാന്‍ ഇവിടെ സ്ഥലപരിമിതിയുണ്ട്. പക്ഷേ, നവോത്ഥാനനായകരുടെ നിരയില്‍ പ്രഥമസ്ഥാനീയനാണ് ഈ സന്യാസിയെന്നു എസ് ഇ ആര്‍ടിയെയും പാഠപുസ്തകം തയാറാക്കിയവരെയും ബോധ്യപ്പെടുത്താന്‍ ഇതുമതി. അക്ഷന്തവ്യമായ ഈ തെറ്റ് തിരുത്തുക തന്നെ വേണം.
(കടപ്പാട്:എഡിറ്റോറിയല്‍-ദീപിക)
Send your feedback to : onlinekeralacatholic@gmail.com