ലോക്ഡൗണിലും പതിവു തെറ്റിച്ചില്ല, വി. ജന്വാരിയൂസിന്റെ കട്ടപിടിച്ച രക്തം വീണ്ടും ദ്രാവക രൂപത്തിലായി
ജെയ്സണ്‍ പീറ്റര്‍ - മേയ് 2020
കൊറോണ ലോക്ഡൗണ്‍ കാലത്തും പതിവു തെറ്റിയില്ല. ഇറ്റലിയിലെ നേപ്പിള്‍സില്‍ സൂക്ഷിച്ചിരിക്കുന്ന വി. ജന്വാരിയൂസിന്റെ രക്തം വീണ്ടും ദ്രവകരൂപത്തിലായി. ഓരോ വര്‍ഷവും മൂന്ന് പ്രാവശ്യമാണ് വി. ജാനുവാരിയൂസിന്റെ രക്തം ദ്രാവകരൂപത്തിലാകുക. മെയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയുടെ തൊട്ടുമുമ്പുള്ള ശനിയാഴ്ചയാണ് പതിവുപോലെ വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിലായത്. മെയ് രണ്ടാം തിയതിയാണ് അത്ഭുതം നടന്നതെന്ന് കര്‍ദ്ദിനാള്‍ ക്രെസന്സിയോ സെപെ സാക്ഷ്യപ്പെടുത്തുന്നു. നേപ്പിള്‍സിനെ പലപ്രവശ്യം പ്ലേഗില്‍ നിന്നും കോളറിയില്‍ നിന്നും രക്ഷിച്ച വിശുദ്ധനാണ് ജാന്വാരിയൂസ്. അദ്ദേഹം നേപ്പിള്‍സിന്റെ യഥാര്‍ത്ഥ ആത്മാവാണെന്നും കര്‍ദ്ദിനാള്‍ സെപെ ഓര്‍മ്മിപ്പിച്ചു.
ഇറ്റലിയിലെ നേപ്പിള്‍സ് കത്തീഡ്രലില്‍ രണ്ടു ഗ്ലാസ് വയല്സില് സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ കട്ടപിടിച്ച രക്തമാണ് ഓരോ വര്‍ഷവും മൂന്ന് പ്രാവശ്യം ദ്രാവകരൂപത്തിലാകുക. വിശുദ്ധന്റെ തിരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 19, 1631 ല്‍ മൗണ്ട് വെസൂവിയൂസ് പൊട്ടിത്തെറിച്ച ഡിസംബര്‍ 16, മെയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയുടെ തൊട്ടുമുമ്പുള്ള ശനിയാഴ്ച എന്നിങ്ങനെ വര്‍ഷത്തില്‍ മൂന്ന് തവണയാണ് കട്ടപിടിച്ച രക്തം ലായനിരൂപത്തിലാകുക. 1631 ല്‍ വെസൂവിയൂസ് അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിന്നും നേപ്പിള്‍സിനെ വിശുദ്ധന് അത്ഭുതകരമായി രക്ഷിച്ചുവെന്നാണ് ചരിത്രം. ആ ഓര്‍മ്മദിനമാണ് ഡിസംബര്‍ 16. ഇതിനുപുറമെ, 2015 മാര്‍ച്ച് 21 ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേപ്പിള്‍സ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും രക്തം ദ്രാവകരൂപത്തിലായിരുന്നു. 1848 ന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ രക്തം ദ്രാവകരൂപത്തിലായത്. എല്ലാ വര്‍ഷവും സംഭവിക്കുന്നതും ശാസ്ത്രത്തിന് അതീതമാണെങ്കിലും ഈ അത്ഭുതത്തിന് സഭയുടെ ഔദ്യോഗികമായ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം.
വിശുദ്ധ ജന്വാരിയൂസ് നേപ്പിള്‍സിലെ ബിഷപ്പായിരുന്നു. എ.ഡി 305 ല്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് അദ്ദേഹം രക്തസാക്ഷിത്വമകുടം ചൂടിയത്.
ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കിരാതമായ ക്രൈസ്തവ പീഡനകാലത്ത് ജന്വാരിയൂസ് അനേകം വിശ്വാസികളെ ഒളിപ്പിച്ച് ജീവന് രക്ഷിച്ചുവെന്നാണ് പാരമ്പര്യം. അവസാനം അധികാരികള്‍ അത് കണ്ടുപിടിക്കുകയും അദ്ദേഹത്തെ മരണത്തിന് വിധിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് വച്ച് വധിക്കപ്പെട്ട അദ്ദേഹത്തിന്റെ രക്തം വിശ്വാസിയായിരുന്ന എവുസേബിയ എന്ന വനിത ശേഖരിച്ചു. നേപ്പിള്‍സിലെ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന ഈ രക്തമാണ് എല്ലാവര്‍ഷവും പ്രത്യേക ദിവസങ്ങളില്‍ മാത്രം ഉരുകി ദ്രാവകരൂപത്തിലാകുകയും വീണ്ടും കട്ടപിടിക്കുകയും ചെയ്യുന്നത്. 1389 ലായിരുന്നു ആദ്യമായി ഈ അത്ഭുതം ശ്രദ്ധിക്കകപ്പെട്ടത്.
നേപ്പിള്‍സില്‍ അദ്ദേഹത്തിന്റെ തിരുന്നാള്‍ വലിയ ആഘോഷമാണ്. നേപ്പിള്‍സ് അറിയപ്പെടുന്നത് തന്നെ സിറ്റി ഓഫ് ബ്ലഡ് എന്നാണ്. ബ്ലഡ് ഡോണര്‍മാരുടെയും ഗോള്ഡ്സ്മിത്തുകളുടയെും ഹൃദ്രോഗികളുടെയും സംരക്ഷകനാണ് വി. ജാന്വാരിയൂസ്.
Send your feedback to : onlinekeralacatholic@gmail.com