ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം
ഫാ. ഡോ. ഇ.പി. മാത്യു എസ്.ജെ - ഒക്ടോബര്‍ 2020
മൂന്നു പതിറ്റാണ്ടിലേറെയായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജെസ്വിറ്റ് വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗോവ് കേസില്‍പ്പെടുത്തി എന്‍ ഐ എ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനമാണ്.
83 വയസ്സുള്ള ഫാ. സ്റ്റാന്‍ സ്വാമി ദളിത് സമൂഹങ്ങളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതി മനുഷ്യത്വരഹിതമായ പ്രതികാരനടപടിയായി വേണം കാണാന്‍.
ജൂലൈ 27 മുതല്‍ ജൂലൈ 30 വരെയും ഓഗസ്റ്റ് ആറിനും എന്‍ ഐ എ അദ്ദേഹത്തെ പതിനഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തീവ്ര ഇടതുപക്ഷ ശക്തികളുമായോ മാവോയിസ്റ്റുകളുമായോ യാതൊരു ബന്ധവുമില്ലെന്നു ഫാ. സ്റ്റാന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കംപ്യൂട്ടറില്‍ നിന്നു കണ്ടെത്തിയതായി എന്‍ ഐ എ ആരോപിക്കുന്ന ചില സോഷ്യല്‍ എക്സ്ട്രാക്റ്റുകള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും അദ്ദേഹം എന്‍ ഐ എയോടു വ്യക്തമായി പറഞ്ഞിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള വയോധികനായ വൈദികനെ അറസ്റ്റുചെയ്യുകയും മുംബൈയിലേക്കു കൊണ്ടുപോകുകയും ചെയ്തത് ആശങ്കാജനകമാണ്. ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ക്കും സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതും ഭരണകൂടത്തിന്റെ അനിഷ്ടത്തിനുകാരണമായതായി അറസ്റ്റിനു രണ്ടു ദിവസം മുമ്പു പ്രസ്താവനയില്‍ അദ്ദേഹം പറയുന്നുണ്ട്.
ഉത്തരേന്ത്യയിലെ ആദിവാസികളുടെയും ദളിതരുടെയും സമഗ്രമായ ഉന്നമനത്തിനായി ദശാബ്ദങ്ങളായി ഈശോ സഭാ വൈദികര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രക്തസാക്ഷിത്വം വരിച്ച അനേകം ഈശോസഭക്കാരുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന് ഈശോ സഭ എന്നും മുന്‍ഗണന നല്കുന്നു. ഈശോസഭയുടെ സാര്‍വദേശീയ സമ്മളനങ്ങളിലും ഈ മുന്‍ഗണനാ ദൗത്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. റാഞ്ചി, ഹസാരിബാഗ്, ഭൂവനേശ്വര്‍, ജംഷഡ്പൂര്‍ എന്നിവിടങ്ങളിലെ സാമൂഹിക-വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ നേര്‍സാക്ഷ്യങ്ങളാണ്. ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ആദിവാസികളുടെയും മറ്റു നിരാലംബരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതം ഇതേ പ്രതിബദ്ധതയുടെ ഭാഗമാണ്.
ആദിവാസി സമൂഹങ്ങളുടെ ഭൂമി-വനം തൊഴില്‍ അവകാശങ്ങള്‍ക്കായി ദശാബ്ദങ്ങള്‍ക്കു മുമ്പേ ഫാ. സ്റ്റാന്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം ആദിവാസി വിഭാഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചു ഗോത്ര ഉപദേശകസമിതി രൂപീകരിക്കാനുള്ള വ്യവസ്ഥ നടപ്പിലാക്കാത്തതിനെയും കോര്‍പറേറ്റുകള്‍ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ജാര്‍ഖണ്ഡിലെ ഭൂപരിഷ്കരണവും ഭൂമി ഏറ്റെടുക്കല്‍ നിയമവും ഭേദഗതി ചെയ്യാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ വിമര്‍ശിക്കുകയും വനാവകാശ നിയമം, പെസ, അനുബന്ധ നിയമങ്ങള്‍ എന്നിവയ്ക്കുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്യുന്നയാളാണ് ഫാ. സ്റ്റാന്‍.
സൗമന്യം സത്യസന്ധനും നിസ്വാര്‍ത്ഥനുമായ അസാധാരണനായ വ്യക്തിയായിട്ടാണ് ഞങ്ങള്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അറിയുന്നത്. അദ്ദേഹത്തിന്റെ സേവനത്തോടും ഞങ്ങള്‍ക്കു വളരെ ഉയര്‍ന്ന ആദരവാണുള്ളത്. ഭീമ കൊറേഗാവ് കേസ് അടിസ്ഥാനരഹിതവും മോദി സര്‍ക്കാര്‍ കെട്ടിച്ചമച്ചതുമാണെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.
ആദിവാസികളുടെയും ദളിതരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വരെ ലക്ഷ്യമിടുകയും ഉപദ്രവിക്കുകയും ചെയ്യുക, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അടിച്ചമര്‍ത്തുക എന്നിവയാണ് കേസിന്റെ പ്രധാനലക്ഷ്യമെന്നു കരുതാനാണു ന്യായം. ഭരണഘടനാ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനും വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനും കേന്ദ്രസര്‍ക്കാര്‍ എത്രത്തോളം തയാറാണെന്ന് ഭീമ കൊറേഗാവ് ഗൂഡാലോചന കേസ് തുറന്നുകാട്ടുന്നു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് ജാര്‍ഖണ്ഡിലെ മനുഷ്യ-ഭരണഘടനാ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമെതിരേയുള്ള ആക്രമണം കൂടിയാണ്. ജയിലിലടയക്കപ്പെട്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ഫോണ്‍ ചെയ്യാനോ നിയമസഹായം തേടാനോ ഉള്ള അവസരം കോവിഡ് മാനദണ്ഡത്തിന്റെ മറവില്‍ നിഷേധിച്ചിരിക്കുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള ഈ അറസ്റ്റിനെ അപലപിക്കുന്നതോടൊപ്പം ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
Send your feedback to : onlinekeralacatholic@gmail.com