കുരിശുമായി സ്വവര്‍ഗ്ഗാനുരാഗികളുടെ പരേഡ് തടഞ്ഞ പയ്യന്
ജെയ്സണ്‍ പീറ്റര്‍ - സെപ്റ്റംബര്‍ 2019
യാക്കൂബ് ബാരിലയാണ് ഇപ്പോള്‍ പോളണ്ടിലെ കത്തോലിക്കസഭയുടെ താരം. മുതിര്‍ന്നവര്‍ മടിച്ചുനിന്നപ്പോള്‍ വെറും 15 കാരനായ അവനൊറ്റയക്കാണ് ആയിരക്കണക്കിന് വരുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ പരേഡിനുമുമ്പില് ഉയര്‍ത്തിപ്പിടിച്ച കുരിശും അതില്‍ ചുറ്റിയ കൊന്തയുമായി അവരുടെ മുമ്പില്‍ അചഞ്ചലനായി നിന്നുകൊണ്ട് അവരെ തടഞ്ഞത്. ഒടുവില്‍ പോലീസെത്തി അവനെ അവിടെനിന്നും പിടിച്ചുമാറ്റുന്നതുവരെ.
1920 ല്‍ വാര്‍സോയില്‍ ബോള്ഷെവിക്സുമായുള്ള പോരാട്ടത്തിനിടയില്‍ കുരിശുമായ കടന്നുചെന്ന ഫാ. സ്കൊരുപ്കോയായിരുന്നു യാക്കൂബിന്റെ പ്രചോദനം.
ഏതായാലും യാക്കൂബിന്റെ ഒറ്റയാള്‍ പോരാട്ടം മാധ്യമങ്ങളിലും സമൂഹത്തിലും വന്‍ ചര്‍ച്ചയായി കഴിഞ്ഞു. അവനെ പിടിച്ചുമാറ്റാന്‍ വന്ന പോലീസിനോട് അവന് പറഞ്ഞു. ഞാനിവിടെ കുരിശുമായി നില്‍ക്കുന്നത് എന്റെ വിശ്വാസം സംരക്ഷിക്കുവാനാണ്. ഞാന്‍ മാറില്ല. നിങ്ങള്‍ക്കുവേണമെങ്കില്‍ എന്നെ ഇവിടെ നിന്നു പിടിച്ചുമാറ്റാം.
യാക്കൂബ് കത്തോലിക്കനും സ്വരാജ്യസ്നേഹിയും മാതൃഭക്തനും സഭാസ്നേഹിയുമെന്നുമാണ് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, അവിടുത്തെ പ്ലോക് യൂത്ത് കൗണ്‍സിലിന്റെ കൗണ്‍സിലറുമാണ്.
ആദ്യം താന്‍ മോശക്കാരനാകുമെന്ന് വിചാരിച്ച് ഇതുപോലൊരു പ്രതികരണം വേണ്ടെന്നുവെച്ചതായിരുന്നു. പക്ഷേ, ഔര്‍ ലേഡി ഓഫ് സ്റ്റക്കോവ മാതാവിന്റെ രൂപത്തെ സ്വവര്‍ഗാനുരാഗികള്‍ അപമാനിക്കുന്നതായി കണ്ടതുകൊണ്ടാണ് താന്‍ ഇത്തരമൊരു സാഹസത്തിനുമുതിര്ന്നതെന്നും അവന് പറഞ്ഞു.
പ്ലോക്കിലെ ഇടവക വികാരിയില്‍ നിന്നുമാണ് അവന് കുരിശ് സംഘടിപ്പിച്ചത്. കഴിയുന്നത്ര ആളുകള്‍ ഇതു കാണണം എന്നു തന്നെയായിരുന്നു എന്റെ ആഗ്രഹം. കാരണം അവര്‍ ഇത്തരത്തിലുള്ള തിന്മയെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്.
സ്വവര്ഗ്ഗാനരാഗികളെ സംരക്ഷിക്കുന്ന പോലീസിനു മുമ്പിലാണ് അവന് ചെന്നത്. പോലീസ് അവനെ നീക്കം ചെയ്തതോടെ അവന് കുരിശുമായി വഴിയരികിലിരുന്ന് മാതാവേ രക്ഷിക്കണേ എന്ന പ്രാര്‍ത്ഥന ചൊല്ലുവാന്‍ തുടങ്ങി. കാരണം മാതാവാണ് പരിശുദ്ധിയുടെ പര്യായം അതുകൊണ്ടാണ് താന്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചതെന്നും യാക്കൂബ് അനുസ്മരിച്ചു. പോലീസ് അവനോട് പ്രതിഷേധം അവസാനിപ്പിക്കാവാന് ആവശ്യപ്പെട്ടു. അവന് പറഞ്ഞു. ഇല്ല. കാരണം
ഈ സ്വവര്‍ഗ്ഗാനുരാഗികളുടെ പരേഡില്‍ പങ്കെടുക്കുന്നവര്‍ പരസ്യമായി എന്റെ വിശ്വാസത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒടുവില്‍ പോലീസ് അവനെ പിടിച്ചുമാറ്റിയെങ്കിലും വിശ്വാസത്തിന് വലിയ സാക്ഷ്യമാണ് യാക്കൂബ് നല്‍കിയത്.
പലരും പറഞ്ഞു യാക്കൂബ് അത് ചെയ്തത് രാഷ്ട്രീയ നേട്ടത്തിനും പേരിനുമാണെന്ന്. അതൊന്നുമല്ലെന്ന് യാക്കൂബ് പ്രതികരിച്ചു. തനിക്ക് ഒരു പൊളിറ്റിക്കല്‍ കരിയറല്ല, തനിക്ക് ഒരു വൈദികനാകുവാനാണ് ഇഷ്ടം എന്നാണ് യാക്കുബ് പറയുന്നത്. നമ്മുടെ വിശ്വാസത്തെ അക്രമികളില്‍ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അവന് ട്വിറ്ററില്‍ കുറിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com