സാത്താന്റെ പേടിസ്വപ്നമായ പുരോഹിതന്
ജോര്‍ജ് .കെ. ജെ - ജനുവരി 2020
ലോകപ്രശസ്തനായ എക്സോര്‍സിസ്റ്റും അഥവാ ഭൂതോച്ഛാടകനും എഴുത്തുകാരനും യോഗയുടെയും ഹാരിപോട്ടറിന്റെയും കടുത്ത വിമര്‍ശകനുമായിരുന്നു ഫാ. ഗബ്രിയേലെ അമോറത്ത്. പതിറ്റാണ്ടുകളോളം പിശാചുബാധിതരെ സുഖപ്പെടുത്തിക്കൊണ്ടും പൈശാചികബന്ധനങ്ങളെക്കുറിച്ച് ലോകത്തെ ബോധവത്ക്കരിച്ചുകൊണ്ടും സംഭവബഹുലമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഭൂതോച്ഛാടനത്തില്‍ കത്തോലിക്കസഭയിലെ അവസാനത്തെ വാക്കായിരുന്നു അദ്ദേഹം.
70,000 ലധികം ഭൂതോച്ഛാടനകര്മ്മങ്ങള് അദ്ദേഹം നടത്തിയിട്ടുണ്ട്. കത്തോലിക്കസഭയിലെ ഏറ്റവും അനുഭവസമ്പന്നനായ ഭൂതോച്ഛാടകനായിരുന്ന അദ്ദേഹം 2016 ല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ഹിറ്റ്ലറും സ്റ്റാലിനും പിശാചുബാധിതരായിരുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. അടുത്തകാലത്ത് കുപ്രസിദ്ധി നേടിയ ഇസ്ലാമിക് സ്റ്റേറ്റും സാത്താന്റെ കരവേലയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റോം രൂപതയിലെ അറിയപ്പെടുന്ന ഭൂതോച്ഛാടനും 1990 ല്‍ സ്ഥാപിതമായ അസോസിയേഷന് ഓഫ് എക്സോര്‍സിസ്റ്റിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് ആളുകളെ പൈശാചികബന്ധനത്തില്‍ നിന്നും സാത്താന്റെ നിവേശനത്തില്‍ നിന്നും രക്ഷിച്ച അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പകുളാണ് ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി എന്ന പുസ്തകം. 2002 ല്‍ മെഡ്ജുഗാരോയില്വെച്ച് ഫാ. ഡാരിയോ ഡോഡിഗിന് അദ്ദേഹം നല്കിയ അഭിമുഖം ഇന്നും എന്നും കാലികപ്രസക്തമാണ്.
എന്താണ് എക്സോര്‍സിസം?
പിശാച് ബാധയില്‍ നിന്നോ, പിശാചിന്റെ സ്വാധീനത്തില്‍ നിന്നോ, പിശാച് ഉണ്ടാക്കിവിടുന്ന തിന്മയില്‍നിന്നോ ഒരു വ്യക്തിയെ മോചിപ്പിക്കുന്നതിന് സഭയുടെ പരമാധികാരത്തോടെ, വൈദികനോ ബിഷപ്പോ നടത്തുന്ന പൊതുപ്രാര്ത്ഥനയാണിത്.
സാത്താന് എങ്ങനെയാണ് ക്രൈസ്തവരെ സ്വാധീനിക്കുക?
സാത്താന്റെ സ്വാധീനം ഭയങ്കരമാണ്. സാത്താന് രണ്ട് വിധത്തിലാണ് പ്രവര്‍ത്തിക്കുക. സാധാരണപ്രവര്ത്തി മനുഷ്യനെ തിന്മ ചെയ്യുന്നതിനായി പ്രേരിപ്പിക്കുകയാണ്. എല്ലാ മനുഷ്യരും ജനനം മുതല്‍ മരണം വരെ സാത്താന്റെ പ്രലോഭനത്തിലാണ്. സാത്താന് അവരെ നിരന്തരമായി തിന്മ ചെയ്യുവാന്‍ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുയാണ്. ക്രിസ്തു, മനുഷ്യപ്രകൃതിയെടുത്തതിനാല്, സാത്താന്റെ പരീക്ഷണത്തിന് വിധേയനായി. ഇതിനുപുറമെ, പലവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാന്‍ സാത്താന് കഴിയും. അതായത് സാത്താന് ഒരു വ്യക്തിയില്‍ നിവേശിക്കുന്നതുവരെ അത് ചെന്നെത്തിയേക്കാം.
പൈശാചികബാധയില് നിന്ന് എങ്ങനെയാണ് സ്വയം രക്ഷിക്കാന്‍ സാധിക്കുക?
പൈശാചികബന്ധനത്തെ എങ്ങനെ ഒഴിവാക്കാന്‍ കഴിയുമെന്ന് നമുക്ക് ചിന്തിക്കാം. ദൈവവരപ്രസാദവരാവസ്ഥയില് ജീവിക്കുകയാണ് പ്രധാനം, പ്രാര്‍ത്ഥനയില്‍ വിശ്വസ്തരായിരിക്കുക, പിശാചിന് വാതില്‍ തുറന്നുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, പ്രത്യേകിച്ചു മന്ത്രതന്ത്രവിദ്യകളില്‍ ഏര്‍പ്പെടാതിരിക്കുക. മാജിക്, സ്പിരിറ്റിസം, സാത്താനിസം എന്നിവയാണ് പ്രധാനപ്പെട്ട ഒക്കള്‍ട്ടിസം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെതന്നെ മാറ്റിവെക്കുന്ന വ്യക്തി സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴടങ്ങേണ്ടിവരും.
മുമ്പത്തൊക്കളും സാത്താന്റെ സ്വാധീനം ഇന്ന് ലോകത്തില്‍ കൂടുതലാണോ?
ഇന്ന് സാത്താന് സ്വതന്ത്രമായ കരങ്ങളാണുള്ളത്. പക്ഷേ, ഇത് സാത്താന് മുമ്പത്തെക്കാളും കൂടുതല്‍ ശക്തി ഉണ്ട് എന്ന് അര്‍ത്ഥമാക്കുന്നില്ല, എന്നാല്‍ സാത്താന് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. നാം ഇന്ന് വളരെ കുറഞ്ഞ വിശ്വാസമുള്ളവരാണ്. വിശ്വാസം കുറയുമ്പോള്‍ അന്ധവിശ്വാസം വര്‍ദ്ധിക്കുന്നു. നാം ദൈവത്തെ ഉപേക്ഷിക്കുമ്പോള്‍, സാത്താന് വാതില്‍ തുറക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ മാധ്യമങ്ങള്‍ സാത്താനുവേണ്ടി ഒത്തിരികാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്നതില് യാതൊരു സംശയവുമില്ല.ചില അധാര്‍മ്മികമായ ഷോകള്‍, അക്രമങ്ങള്‍ അമിതമായി കാണിക്കുന്ന സിനിമകള്‍, ഹൊറര്‍, സെക്സ്. ഇതിനെല്ലാം പുറമെ, മാധ്യമങ്ങള്‍ മന്ത്രവാദങ്ങള്‍ക്കും മറ്റും വേണ്ട കവറേജുകള്‍ നല്കുന്നു.
സാത്താനെതിരെയുള്ള ഏറ്റവും വലിയ പ്രവൃത്തിയാണോ എക്സോര്‍സിസം? അതിനെക്കാള്‍ വലുതെന്തെങ്കിലും ഉണ്ടോ?
മാനസാന്തരം. ഞങ്ങളുടെ അടുത്തേയ്ക്ക് വരുന്ന ആളുകളോട് ഞാന്‍ ആദ്യം ആവശ്യപ്പെടുന്നത് ദൈവകൃപയില്‍ ജീവിക്കുവാനാണ്, കൂദാശപരമായ ജീവിതം നയിക്കുക, പ്രാര്‍ത്ഥനാ ജീവിതം നയിക്കുക. അതിനുശേഷം അവരോടു സൗഖ്യപ്പെടുത്തലിന്റെയും വിമോചനത്തിന്റെയും പ്രാര്‍ത്ഥന സ്വീകരിക്കുവാന്‍ ആവശ്യപ്പെടുന്നു. അത് കരിസ്മാറ്റിക് റിന്യുവലില് പ്രാക്ടീസ് ചെയ്യുന്ന പ്രാര്‍ത്ഥനയാണ്. അത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്കുശേഷം, ആ വ്യക്തിയ്ക്ക് ഒന്നെങ്കില്‍ മോചനമുണ്ടായിട്ടുണ്ടാകും. ഇല്ലെങ്കില്‍ അയാള്‍ക്ക് എക്സോര്‍സിസം ആവശ്യമുണ്ടായിരിക്കും. അപ്പോള്‍ മാത്രമാണ് നാം അതിന് മുതിരുക. ഓര്‍മ്മിക്കുക, എക്സോര്‍സിസം എന്നത് പെട്ടെന്നുതന്നെ ഉത്തരം കിട്ടിക്കൊള്ളണമെന്നില്ലാത്ത പ്രാര്‍ത്ഥനയാണ്. ചിലപ്പോള്‍, ഒരു വ്യക്തിക്ക് മോചനം കിട്ടണമെങ്കില്‍ വര്‍ഷങ്ങളോളം എക്സോര്‍സിസം നടത്തേണ്ടതുണ്ട്.
എക്സോര്‍സിസം ദൈവനാമത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ പ്രവര്‍ത്തിയാണോ?
തത്വപരമായി അതെ. എന്നിരുന്നാലും, മറ്റുചിലകാര്യങ്ങളും ദൈവത്തിന്റെ മുമ്പില്‍ വളരെ പ്രസക്തമാണ്. എക്സോര്‍സിസം ഒരു പ്രാര്‍ത്ഥനയാണ്. മറ്റ് എല്ലാ പ്രാര്‍ത്ഥനകളും പോലെതന്നെ, വിശ്വാസം കൂടുംന്തോറും അതിന്റെ ഫലദായകത്വവും കൂടന്ന പ്രാര്‍ത്ഥനയാണ്.വിശ്വാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് വിശുദ്ധര്‍ പലരെയും ഭുതോച്ഛാടകരല്ലാതിരുന്നിട്ടുകൂടി പിശാചില്നിന്ന് മോചിപ്പിച്ചുവന്ന് നാം വായിക്കുന്നത്.
സാധാരണ പിശാചിനെക്കുറിച്ചും അവന്റെ പ്രവൃത്തികളെക്കുറിച്ചും സംസാരിക്കുമ്പോള്‍ നമുക്ക് പേടി തോന്നാറുണ്ടല്ലോ
അത് എക്സോര്സിസത്തെക്കുറിച്ച് നമുക്ക് പരിചയമില്ലാത്തതുകൊണ്ടാണ്. സാത്താന്റെ അസാധാരണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പല വൈദികരും വിശ്വസിക്കുന്നില്ല. ഒരു ബിഷപ്പ് അവരോട് അങ്ങനെ ചെയ്യാന്‍ പറയുമ്പോള്‍ അവര്‍ക്ക് ഭയമാണ്. അവര്‍ ചിന്തിക്കുന്നത് ഞാന്‍ ചെകുത്താനെ സമാധാനത്തില്‍ വിട്ടാല്‍ അവന് എന്നെയും സമാധാനത്തില്‍ വിടുമല്ലോ, ഞാന്‍ അവനോട് ഏറ്റുമുട്ടിയാല്‍ അവന് എന്നോടും ഏറ്റുമുട്ടുമല്ലോ എന്നാണ്. അത് തെറ്റാണ്. നാം സാത്താനോട് കൂടുതല്‍ യുദ്ധം ചെയ്യുന്തോറും, അവന് നമ്മെ കൂടുതല്‍ ഭയപ്പെടും.
മെഡ്ജുഗരോയിലെ സന്ദേശത്തില്‍ മാതാവ് പറഞ്ഞിരുന്നു സാത്താന് വളരെ ശക്തനാണ്, അതുകൊണ്ട് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും മുഴുകി മാനസാന്തരപ്പെടുവാന്‍.
അതെ. അത് സത്യമാണ്. ഒരു ഇറ്റാലിയന്‍ മാഗസിനില്‍, മാതാവ് പിശാചിനെക്കുറിച്ച് പറയുന്നതിനെക്കുറിച്ച് ഞാന്‍ പരമാര്‍ശിച്ചിരുന്നു. മാതാവ് ഇതിനെക്കുറിച്ച് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. പിശാച് ശക്താനാണെന്ന് മാതാവ് അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. അവന് മാതാവിന്റെ പദ്ധതികളെ തകിടം മറിയ്ക്കാന് വെമ്പുകയാണെന്നും. മാതാവ് നമ്മോട് പ്രാര്‍ത്ഥിക്കുക... പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക എന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളു.
തന്റെ സന്ദേശത്തില്‍ മാതാവ്, ജപമാലയെക്കുറിച്ചും ദിവ്യകാരുണ്യാരാധനയെക്കുറിച്ചും, കുരിശിനുമുമ്പിലെ പ്രാര്‍ത്ഥനയെക്കുറിച്ചും പറയുന്നു. യുദ്ധം പോലും പ്രാര്‍ത്ഥനയിലൂടെ നിര്‍ത്താനാകുമെന്ന് മാതാവ് പറഞ്ഞിട്ടുണ്ടല്ലോ?
അതെ. പ്രാര്ത്ഥനയിലുടെ, നമുക്ക് യുദ്ധങ്ങള്‍ പോലും തടയാനാകും. ഫാത്തിമയുടെ തുടര്‍ച്ചയാണ് മെഡ്ജുഗാരോ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഫാത്തിമയിലെ അമ്മയുടെ വാക്കുകളനുസരിച്ച്, നാം പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധം ഉണ്ടാകുമായിരുന്നില്ലത്രെ. മെഡ്ജുഗാരോയിലും മാതാവ് സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. മാതാവ് തന്റെ പ്രത്യക്ഷീകരണത്തില്‍ ഓരോ സ്ഥലത്തും ഓരോ പേരിലാണ് സ്വയം വെളിപ്പെടുത്തുന്നത്. ലൂര്‍ദ്ദില്‍,അമലോത്ഭവയായി വെളിപ്പെടുത്തി, ഫാത്തിമയില്‍ ജപമാലറാണിയായി, മെഡ്ജുഗരോയില് സമാധാനത്തിന്റെ രാജ്ഞിയായും. നാം മാതാവിന്റെ വാക്കുകള്‍ ഓര്‍മ്മിക്കണം ..മിര്‍...മിര്‍..മിര്‍.. (സമാധാനം..സമാധാനം..സമാധാനം). അത് മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ തുടക്കത്തില്‍തന്നെ ആകാശത്തില്‍ എഴുതപ്പെട്ടിരുന്നു. മാനവരാശി യുദ്ധത്തിലേയ്ക്ക് തിരിയുമ്പോള്‍ മാതാവ് പ്രാര്‍ത്ഥനയാണ് ക്രൈസ്തവരോട് ആഹ്വാനം ചെയ്യുന്നത്.
മാതാവ് തന്റെ സന്ദേശത്തില്‍ അടിവരയിട്ടു പറയുന്നത് ഉപവാസത്തെയാണ്, അതാകട്ടെ പലപ്പോഴും കത്തോലിക്കസഭ മറന്നുകഴിഞ്ഞു. മാതാവ് പറയുന്നത് സുവിശേഷത്തില്‍ പറയുന്ന ഉപവാസം തന്നെയാണ്. ഉപവാസവും പ്രാര്‍ത്ഥനയും വഴിയെ നമുക്ക് സാത്താനെ ഓടിക്കാനാകു..
അത് ശരിയാണ്. ഫാത്തിമയില്‍ ആദ്യവും പിന്നെ മെഡ്ജുഗരോയിലും മാതാവ് ഉപവാസത്തെയും പ്രാര്‍ത്ഥനയെയും കുറിച്ച് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നു.അത് വളരെ പ്രധാനമാണ് എന്ന് ഞാന്‍ കരുതുന്നു, ഇന്നത്തെ മനുഷ്യര്‍ ഉപഭോഗാസക്തിയില്‍ മുഴുകിയവരാണ്. മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള ത്യാഗം എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്നാണ് ചിന്തിക്കുന്നത്. ക്രൈസ്തവജീവിതത്തില്‍ പ്രാര്‍ത്ഥനയല്ലാതെ, നമുക്ക് തപസാര്ന്ന ജീവിതചര്യയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഞാന്‍ ഉദാഹരണം നല്‍കാം.. ഇന്ന് കുടുംബങ്ങള്‍ വളരെ എളുപ്പത്തില്‍ തകര്‍ന്നുപോകുന്നു. അവര്‍ വിവാഹം ആഘോഷിക്കുന്നു, പക്ഷേ, വേഗം വിവാഹമോചനം നേടുന്നു. അതിന് കാരണം ത്യാഗം അനുഷ്ഠിക്കാന്‍ നാം തയാറല്ല എന്നതാണ്. ഒരുമിച്ച് ജീവിക്കുന്നതിന് നമ്മുടെ പങ്കാളിയുടെ കുറവുകള്‍ സ്വീകരിക്കുവാനും നാം തയാറാകണം. ത്യാഗമനസ്സ് ഇല്ലാതെപോകുന്നതിനര്ത്ഥം നാം നയിക്കുന്ന ക്രിസ്തീയജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ നയിക്കുന്നില്ലെന്നാണ്. അബോര്ഷന് തന്നെ നോക്കുക, മക്കളെ വളര്‍ത്താനും പഠിപ്പിക്കാനും മനസ്സില്ലാത്തതിനാല്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു. അതാണ് വിവാഹബന്ധങ്ങള്‍ തകരുവാന്‍ കാരണം. കാരണം ജീവിതത്തില്‍നിന്ന് ത്യാഗം അകന്നുപോകുന്നു. ത്യാഗം അനുഷ്ഠിക്കാന്‍ നാം തയ്യാറായാല്‍ മാത്രമെ നമുക്ക് ക്രൈസ്തവജീവിതം നയിക്കാനാകു..
Send your feedback to : onlinekeralacatholic@gmail.com