നാല് പോയിന്റ്, നാല് മിനിറ്റ് പ്രസംഗം കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ പാപ്പയായി
ഡോ. റോയ് പാലാട്ടി സി.എം.ഐ - മാർച്ച് 2020
മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ഈസ്റ്റര്‍ ഞായര്‍ പ്രസംഗത്തിനുളള കുറിപ്പും തയാറാക്കി വത്തിക്കാന്‍ കൊട്ടാരത്തില്‍ പുതിയ പാപ്പയ്ക്കുള്ള തിരഞ്ഞെടുപ്പിനായി എത്തിയ കര്‍ദ്ദിനാള്‍ എങ്ങനെ പാപ്പയായി. മാര്‍ച്ച് 13 ന് പേപ്പസിയുടെ ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഫ്രാന്‍സിസ് പാപ്പയുടെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണങ്ങളിലേക്ക് ഒരു അന്വേഷണം.
മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളെയും സഭാ വൃത്തങ്ങളിലെ രഹസ്യചര്ച്ചകളെയും മാറ്റിമറിച്ച് അന്നേവരെ പൊതുജനം കേള്‍ക്കാത്ത ഈ പേര് എങ്ങനെ കോണ്‍ക്ലേവിലെത്തി.
ദൈവനിശ്ചയം എന്ന ഒരൊറ്റ വാക്കുമതിയാവും ഉത്തരം. എങ്കിലും നാള്‍വഴികള്‍ നോക്കിക്കാണുന്നത് ദൈവനിശ്ചയത്തിന്റെ രഹസ്യങ്ങളെ പിടികിട്ടാന്‍ ഉപകരിച്ചേക്കും. സഭയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പയുടെ രാജി. 2013 ഫെബ്രുവരി 28 നായിരുന്നു അത്. ആധുനിക സഭയുടെ ചരിത്രത്തില്‍ കഴിഞ്ഞ ആറു നൂറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. ബനഡിക്ട് 16-ാമന്‍ പാപ്പയുടെ രാജി സഭയില്‍ വലിയൊരു വിഭജനം സൃഷ്ടിക്കുമെന്ന് ചിലര്‍ കരുതി.
സഭയുടെ വിശ്വാസത്തിന്റെ കാവലാളായ കര്‍ദ്ദിനാള്‍ റാറ്റ്സിംഗറുടെ മാറ്റം വലിയൊരു അനാഥത്വവും സഭയിലുണ്ടാക്കി. ഇനി വിശ്വാസകാര്യങ്ങളിലുള്ള സംശയങ്ങള്‍ക്ക് ആരു മറുപടി തരും. സത്യത്തില്‍, ദൈവവഴികള്‍ വ്യത്യസ്തമായിരുന്നു. പിതാക്കډാര്‍ക്ക് രാജിവെക്കുന്നതിന് തടസമില്ലെന്നും പുതിയ വഴിച്ചാലുകള്‍ തീര്‍ക്കാന്‍ മാറിനില്‍ക്കുന്നത് നല്ലതാണെന്നും ആ വിശ്വപുരുഷന്റെ നിലപാട് ലോകത്തിനും സഭയ്ക്കും വെളിപ്പെടുത്തി.
ഇതിനിടെ കോണ്‍ക്ലേവിന്റെ മണിമുഴങ്ങി. ആരാകും പുതിയ പാപ്പ. കോണ്‍ക്ലേവ് ആരംഭിക്കുന്നതിനുമുമ്പ് സഭയെക്കുറിച്ചും പാപ്പയെക്കുറിച്ചുമുള്ള സ്വപ്നങ്ങല്‍ പങ്കിടാന്‍ കര്‍ദ്ദിനാള്‍മാര്‍ ഒരുമിച്ചുകൂടാറുണ്ട്. ജനറല്‍ കോണ്‍ഗ്രിഗേഷന്‍സ് എന്നാണത് അറിയപ്പെടുക. സഭ വളരെ പെട്ടെന്ന് ജാഗ്രതയോടെ ഇടപെടേണ്ട മേഖലകളെക്കുറിച്ചും വിമര്‍ശനാത്മകമായ അവലോകനത്തിന്റെ സാധ്യതകളെക്കുറിച്ചുമെല്ലാം അവിടെ ചര്‍ച്ച ചെയ്യും.
കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയുടെ ഊഴമെത്തി. രാവിലെ ഭക്ഷണമേശയില്വെച്ചിരുന്ന ടിഷ്യു പേപ്പറിലാണ് പോയിന്റുകള്‍ എഴുതിയിരുന്നത്. പരസ്പരപൂരകമായ നാല് പോയിന്റുകള്‍, നാല് മിനിറ്റില്‍ പങ്കുവെച്ചു. സുവിശേഷവത്ക്കരണമെന്നാല്‍ അപ്പസ്തോലിക തീക്ഷണത എന്നര്‍ത്ഥം എന്ന തലക്കെട്ടും കൊടുത്തു.
പോയിന്റ് വണ്‍
സുവിശേഷവത്ക്കരണത്തിന് സഭ അവളില്‍നിന്നും പുറത്തേക്കിറങ്ങണം. പാപത്തിന്റെയും രോഗത്തിന്റെയും അനീതിയുടെയും അജ്ഞതയുടെയും മുറിവേറ്റ് പാര്ശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നവരിലേക്ക് അവളിറങ്ങണം.
പോയിന്റ് ടു
സഭ അവളില്‍നിന്ന് പുറത്തേക്ക് വരുന്നില്ലെങ്കില്‍ അവള് സുവിശേഷവത്ക്കരണ മേഖലകളിലേക്ക് എറിയപ്പെടുന്നില്ലെങ്കില് അവള് പെട്ടെന്ന് രോഗിയാകും. സ്വന്തം കാര്യംമാത്രം നോക്കി നടക്കുന്ന സഭയാകും അപ്പോള്‍. തന്നിലേക്കുമാത്രം നോക്കിയിരിക്കുന്ന സഭയ്ക്ക് ഉത്തമോദാഹരണം വചനത്തിലെ കൂനുപിടിച്ച സ്ത്രീയാണ്.
കൂനുപിടിച്ചവര്ക്ക് തന്നിലേക്ക് മാത്രം നോക്കിയിരിക്കാനേ കഴിയൂ. പരിസരത്തേക്ക് മിഴിയുയര്‍ത്താതെ കഴിയുന്നവള്‍. സഭാസ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇത്തരം ഒരു ദുരാത്മാവ് കയറിയിട്ടുണ്ട്. ഇത് സ്വയം സ്നേഹത്തിന്റെ മോശപ്പെട്ട വഴികളില്‍ കുടുക്കും.
വെളിപാടിന്റെ പുസ്തകത്തില്‍ നമ്മുടെ ഹൃദയവാതിലില്‍ മുട്ടുന്ന യേശുവിനെ കാണുന്നുണ്ട്. പുറത്തുനിന്ന് അകത്തേക്ക് കയറാന്‍ മുട്ടുന്ന യേശു (വെളി. 3.20). എനിക്ക് തോന്നുന്നു ഇന്ന് ക്രിസ്തു വാതിലില്‍ മുട്ടുന്നത് നമ്മില്‍നിന്ന് പുറത്തുകടക്കാനാണ്.
നമ്മിലെ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകരാന്‍ നമ്മെത്തന്നെ വിട്ടുകൊടുക്കുന്ന സഭയാകണം വരുംകാലത്തേത്. സ്വയത്തിലേക്ക് തിരിഞ്ഞിരിക്കുന്ന സഭയ്ക്കോ സഭാമക്കള്ക്കോ സുവിശേഷവത്ക്കരണത്തില്‍ ഇടപെടാന്‍ കഴിയില്ല.
പോയിന്റ് ത്രീ
തന്നിലേക്കുമാത്രം തിരിഞ്ഞിരുന്നാല്‍ സഭ ജീര്‍ണിക്കും. കാലാകാലങ്ങളില്‍ വെളിപ്പടുത്തിക്കിട്ടുന്ന ദൈവികരഹസ്യങ്ങളോട് പ്രതികരിക്കാന്‍ നമുക്കാകണം. അല്ലെങ്കില്‍ വലിയ അപകടത്തില്‍ നാം ചാടും. ഒരു തരം ആത്മീയ ഭൗതികത നമ്മെ നശിപ്പിക്കും. മറ്റൊരൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍, രണ്ടുതരം സഭാമുഖങ്ങളെ നമുക്ക് കാണാം.
ഒന്ന്, തന്നില്‍ നിന്നും പുറത്തിറങ്ങി സുവിശേഷവത്ക്കരണ ശുശ്രൂഷയില്‍ വ്യാപരിക്കുന്ന സഭ. മറ്റൊന്ന്, സുഖങ്ങള്‍ തേടുന്ന ലൗകായിക സഭ. സുവിശേഷവത്കരണത്തിന്റെ സഭ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുപോകും. എന്നാല്‍, ലൗകായിക സഭയാകട്ടെ ജിവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അവളിലും അവള്‍ക്കുവേണ്ടിയും മാത്രമായിരിക്കും. ആത്മാക്കളുടെ രക്ഷയ്ക്കായി, സുവിശേഷീകരണ ചെയ്തികളില്‍ സാധ്യമാകുന്ന മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകുന്ന സഭയാണ് എന്റെ സ്വപ്നം.
പോയിന്റ് ഫോര്‍
ആരാകണം പുതിയ പാപ്പ?
നിരന്തരം ക്രിസ്തുമുഖത്തെ ധ്യാനിക്കുന്നവനാകണം അദ്ദേഹം. വാത്സല്യമുള്ള ഒരമ്മയെപ്പോലെയാകണം അയാള്‍. ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി ഇറങ്ങിത്തിരിക്കുന്നവനുമാകണം. സുവിശേഷവത്ക്കരണത്തില്‍ സംരക്ഷണവും മധുര്യവും അസ്വദിക്കുന്നവനുമാകണം.
നാലുമിനിട്ടുകൊണ്ട് നാലുകാര്യം പറഞ്ഞ് കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ കസേരയിലിരുന്നു. തൊട്ടടുത്ത കസേരയില്‍ ഇരുന്നിരുന്നത് ക്യൂബയിലെ കര്‍ദ്ദിനാളും ഫ്രാന്‍സിസ്കന്‍ മിഷനറിയുമായ കര്‍ദ്ദിനാള്‍ ജെയ്മ ലൂക്കാസ്. കര്‍ദ്ദിനാള്‍ ബെര്ഗോളോയോയോട് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു: താങ്കളായിരിക്കും അടുത്ത പോപ്പ്.
മീറ്റിംഗില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഈ പ്രഭാഷണം എഴുതി തയാറാക്കിയതായിരുന്നോ എന്ന് കര്‍ദ്ദിനാള്‍ ലൂക്കാസ് അന്വേഷിച്ചു. കാപ്പികുടി കഴിഞ്ഞപ്പോള്‍ അവിടെ കിടന്ന കൈ തുടയ്ക്കുന്ന ടിഷ്യു പേപ്പറില്‍ എഴുതിയാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞു ബര്‍ഗോളിയോ. കര്‍ദ്ദിനാള്‍ ലൂക്കാസ് ആ കടലാസുകഷ്ണങ്ങള്‍ വാങ്ങിച്ചെടുത്തു. ഫ്രാന്‍സിസ് പാപ്പയായി കര്‍ദ്ദനാള്‍ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രത്യേകം അനുവാദം വാങ്ങിയാണ് കര്‍ദ്ദിനാള്‍ ലൂക്കാസ് ഇത് പ്രസിദ്ധീകരിച്ചത്.
നാല് മിനിട്ട് പ്രസംഗം ഒരാളെ പാപ്പയാക്കി എന്ന് ആലങ്കാരികമായി പറയാം. ആ പ്രസംഗം ജീവിക്കുയാണ് അദ്ദേഹം കഴിഞ്ഞ വര്‍ഷങ്ങളില്‍. അടുത്തയിടെ പുറത്തിറക്കിയ ദൈവത്തിന്റെ പേര് കരുണ എന്നാണ് എന്ന ഗ്രാന്ഥം ദൈവശുശ്രൂഷയുടെ വഴികളില്‍ ഒരു റഫറന്‍സ് ഗ്രന്ഥമാണ്. കാരണം കണ്ടെത്തി മാപ്പുകൊടുക്കാനും കുമ്പസാരക്കൂട്ടിലേക്ക് വരുന്നവരെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് പാപമോചനം നല്‍കാനും നിര്‍ബന്ധിക്കുന്ന വാക്കുകളാണതിന്റെ ഉള്ളടക്കം.
ഇടവകയുടെ പുറത്തും ദൈവാലയത്തിന്റെ പുറത്തുമുള്ള ആടുകളെ ചേര്‍ത്തുപിടിക്കാന്‍, മുറിവ് വെച്ചുകെട്ടാന്‍ ഒരു മൊബൈല്‍ ഹോസ്പിറ്റലാവുക എന്നത് പുരോഹിതര്‍ക്ക് വലിയ വെല്ലുവിളിയാണ്. ദൈവാലയത്തില്‍ വരുന്നവരെ സേവിക്കുക എന്നതിനൊപ്പം ചിലപ്പോള്‍ അതിലുപരി, വരാത്തവര്‍ക്കായി ഇറങ്ങിത്തിരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ ഗ്രന്ഥം കരുണയുടെ പുത്തന്‍ വഴികളെ നമുക്ക് മുമ്പില്‍ തുറന്നിടുന്നു.
കാരുണ്യത്തിന്റെ നാളുകള്‍ക്കുശേഷം കോപത്തിന്റെ ഒരു കാലം കാത്തിരിക്കുന്നുണ്ടാകാം. അതുനുമുമ്പ് ദൈവകരുണയില്‍ കാലുറപ്പിക്കാം. ദൈവകരുണയുടെ കാവലാളായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം.
Send your feedback to : onlinekeralacatholic@gmail.com