ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കുരിശിന്റെ വഴി
ജോര്‍ജ് .കെ. ജെ - ഏപ്രിൽ 2019
കാടും മലയും താണ്ടി, വളവുകളും ചെരിവുകളും കടന്ന് പതിനാറ് കിലോമീറ്റര്‍ നീളമുള്ള വയനാടന്‍ ചുരത്തിലൂടെ ഒരു കുരിശിന്റെ വഴി. നോമ്പുകാലത്തെ ഏറ്റവും പ്രചാരമേറിയ ഭക്താഭ്യാസമായി വയനാടന്‍ കുരിശിന്റെ വഴി മാറിക്കഴിഞ്ഞു. നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ അടിവാരത്തുനിന്ന് രാവിലെ 9.30ന് ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി മുകളിലെത്തുക ഉച്ചയക്ക് 3 മണിയോടെ. പാട്ടുപാടിയും കൊന്തചൊല്ലിയും ഓരോ സ്ഥലത്തും മുട്ടുകുത്തി പ്രാര്‍ത്ഥിച്ചും മുന്നോട്ടുപോകുന്ന ഈ കുരിശിന്റെ വഴി വളരെ പോപ്പുലറായിക്കഴിഞ്ഞു. നോമ്പുകാലത്ത് ഒരു പ്രാവശ്യമെങ്കിലും ഈ കുരിശിന്റെ വഴിയില്‍ പങ്കെടുക്കാത്തവര്‍ ചുരുക്കം.
1992 ല്‍ സി.എം. ഐ വൈദികനായ ഫാ. തോമസ് ടി തുണ്ടത്തിലാണ് ഈ കുരിശിന്റെ വഴിക്ക് ആരംഭം കുറിച്ചത്. അന്ന് കുരിശിന്റെ വഴി ആരംഭിച്ചപ്പോള്‍ താഴെനിന്ന് തുടങ്ങിയ പലരും മുകളിലെത്തിയില്ല. പാതിവഴിയില്‍ മടങ്ങി. അത്ര ദുസഹമായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇന്ന് 10 വയസ്സുള്ള കുട്ടികള്‍ മുതല്‍ 70 വയസ്സുള്ള വല്യമ്മമാര് വരെ വളരെ കൂളായി മലകയറുന്നു. കുഞ്ഞുങ്ങളുമായി മലകയറുന്നവരും കുറവല്ല. വയനാടന്‍ ചുരത്തിലെ കുരിശിന്റെ വഴി അനേകര്‍ക്ക് ആത്മീയ ഉണ്വ് പകരുന്നുവെന്നും അനുഗ്രഹങ്ങള്‍ ലഭിക്കുന്നുവെന്നും ഫാ. തുണ്ടത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഗാനങ്ങളും പ്രാര്‍ത്ഥനകളുമായി കുരിശിന്റെ വഴിയ്ക്ക് അദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കുന്നതും. ഓരോ ആഴ്ചയും കുരിശിന്റെ വഴിയക്ക് ലോകസമാധാനം മുതല്‍ കുടുംബങ്ങളുടെ വിശുദ്ധീകരണം വരെ വ്യത്യസ്തമായ നിയോഗങ്ങളുമുണ്ടാകും.
നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും ഈ കുരിശിന്റെ വഴിക്ക് ഭക്തജനപ്രവാഹമാണ്. കേരളത്തിലെ വിവിധ ഇടവകകളില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുപോലും ആളുകളെത്തുന്നു. പലര്‍ക്കും നോമ്പുകാലത്തെ ഈ കുരിശിന്റെ വഴി വലിയ അനുഭവമാണ്. മലമുകളിലെത്തിയാല്‍ സി.എം.ഐ ഭവനത്തില്‍ അവര്‍ക്കായി ദിവ്യബലിയും നേര്‍ച്ചക്കഞ്ഞിയും ഒരുക്കിയിട്ടുണ്ടാകും.
നോമ്പുകാലത്ത് ഓരോ വെള്ളിയാഴ്ചയും ലോകത്തിലെ ഏറ്റവും ദൈര്‍ഘമേറിയ കുരിശിന്റെ വഴിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് നൂറുകണക്കിന് വിശ്വാസികളാണ്. ദുഖവെള്ളിയാഴ്ച ആയിരക്കണക്കിന് വിശ്വാസികളാണ് ചുരത്തിലൂടെ കുരിശിന്റെ വഴി നടത്തുക. മലകയറുന്ന വിശ്വാസികള്‍ക്ക് വെള്ളവും ബ്രഡുമായി വഴിയോരങ്ങളില്‍ ഭക്തസംഘടനകളുണ്ടാകും.
Send your feedback to : onlinekeralacatholic@gmail.com