വിശ്വാസത്തിന് ദൃഡതയേകിയ കാന്തമാലിലെ രക്തസാക്ഷികള്‍
ഷേര്‍ളി മാണി - ഒക്ടോബർ 2019
കാന്തമാല്‍ രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്നിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇപ്പോഴും ഏവരെയും അതിശയിപ്പിക്കുന്നത് കാന്തമാലിലെ അവശേഷിക്കുന്ന ക്രൈസ്തവരുടെ അതിതീക്ഷണമായ വിശ്വാസമാണ്. നിരന്തരമായ ഭീഷണിയും പീഡനങ്ങളും നിലനില്‍ക്കുന്നുവെങ്കിലും കാന്തമാലിലെ ക്രൈസ്തവരില്‍ ഒരാള്‍ പോലും തങ്ങളുടെ വിശ്വാസം ത്യജിക്കാന്‍ തയാറായിട്ടില്ലെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ ആന്റോ അക്കര വെളിപ്പെടുത്തുന്നു. കാന്തമാലിലെ സംഘര്‍ഷഭൂമിയിലേക്ക് എത്തിപ്പെട്ടതുമുതല്‍ അവരെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും എഴുതുകയും മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവരുടെ വിശ്വാസം അതിശയകരമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് ആന്റോ അക്കര പറയുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടെങ്കിലും വീടുകളും ദേവാലയങ്ങളും ചുട്ടെരിച്ചെങ്കിലും ഭീക്ഷണകള്ക്കുമുമ്പില് തലകുനിക്കാന്‍ ഒരു ക്രൈസ്തവനും തയാറായില്ല. ഇന്നും തുടരുന്ന ഭീഷണികള്ക്കുമുമ്പിലും ഒരു ക്രൈസ്തവന് പോലും മുട്ടുകുത്തിയിട്ടില്ല എന്നതാണ് സത്യമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
2008 ഓഗസ്റ്റ് 23 നായിരുന്നു കാന്തമാലില്‍ സംഘടിതമായ ക്രൈസ്തവപീഡനം അരങ്ങേറിയത്. സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചത് ക്രിസ്ത്യാനികളാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് വര്‍ഗ്ഗീയവാദികള്‍ പൊതുവെ സമാധാനപ്രിയരായ ക്രൈസ്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. ക്രിസ്റ്റ്യാനിറ്റി കാന്തമാലില്‍ നിരോധിച്ചിരിക്കുന്നുവെന്ന് ആക്രോശിച്ചുകൊണ്ടാണ് അവര്‍ ക്രൈസ്തവര്‍ക്കെതിരെ തിരിഞ്ഞത്. ജീവന് വേണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുവാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, കാന്തമാലിലെ ക്രൈസ്തവര്‍ അതൊന്നും ചെവിക്കൊണ്ടില്ല. നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാം, പക്ഷേ, ഞങ്ങള്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുകയില്ല അവര്‍ ഒന്നടങ്കം പറഞ്ഞു. അമ്പലങ്ങളില്‍ ചെന്ന് ഹിന്ദുമതത്തിലക്ക് മാറാന്‍ അന്ത്യശാസനം കൊടുത്തപ്പോള്‍ അവര്‍ കാടുകളിലേക്ക് ഓടിപ്പോയി. ജീവന് രക്ഷപ്പെട്ടെങ്കിലും പലരുടെയും വീടുകളും സ്വത്തുക്കളും അവര്‍ തീയിട്ടു നശിപ്പിച്ചു. 300 ലധികം ദേവാലയങ്ങളും, 6000 ക്രൈസ്തവ ഭവനങ്ങളും ചൂട്ടെരിച്ചു. 56000 പേര്‍ക്ക് വിശ്വാസം ഒഴിച്ച് സര്‍വ്വവും നഷ്ടപ്പെട്ടു. മതം മാറില്ല എന്ന് വാശിപിടിച്ചവരെ അവര്‍ ജീവനോടെ ചുട്ടുകൊന്നു, ചിലരെ ജീവനോട് കുഴിച്ചിട്ടു, മറ്റുചിലരെ കഷ്ണം കഷണമാക്കി, അക്കര പറയുന്നു. അവരെയെല്ലാം വധിച്ചത് ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കാന്‍ സന്നദ്ധമല്ല എന്ന് പറഞ്ഞതുകൊണ്ടുമാത്രമായിരുന്നു.
കാന്തമാലില്‍ ഏകദേശം 20 ശതമാനം ക്രൈസ്തവരുണ്ടായിരുന്നു. നൂറോളം ആളുകള്‍ കൊല്ലപ്പെട്ടുവെങ്കിലും പോലീസ് കണക്കില്‍ 32 പേരെയുള്ളുവത്രെ. കാരണം മൃതദേഹം കണ്ടെത്തിയവരെ മാത്രമേ പോലീസ് മരിച്ചതായി പരിഗണിക്കു. ബാക്കിയുള്ളവരെ കാണാനില്ല എന്ന ലേബലിലേക്ക് അവര്‍ മാറ്റി ആന്റോ പറയുന്നു.
ആന്റോ അക്കരയെഴുതിയ 21-ാം നൂറ്റാണ്ടിലെ ആദിമക്രൈസ്തവര്‍ എന്ന പുസ്തകത്തില്‍ 5 ക്രൈസ്തവരെക്കുറിച്ച് പ്രത്യേകം പറയുന്നു. അവരിലൊരാളാണ് ചെറുപ്പക്കാരനായ ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍. പാസ്റ്റര്‍മാരുടെ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തോട് വര്‍ഗ്ഗീയവാദികള്‍ ക്രൈസ്തവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും വിദൂരമായ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങരുതെന്നും പലരും പറഞ്ഞെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. യാത്രാമധ്യെ ജനങ്ങള്‍ ബസ് തടഞ്ഞ് അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി. മതം മാറുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം നിരസിച്ചു. അവര്‍ അദ്ദേഹത്തെ കഴുത്തുവരെ മണ്ണില്‍ കുഴിച്ചിട്ടു. വീണ്ടും ചോദിച്ചു. മതം മാറുന്നുവോ, അദ്ദേഹം പറഞ്ഞു. ഇല്ല. അവര്‍ വലിയൊരു കല്ലെടുത്തിട്ട് അദ്ദേഹത്തിന്റെ തല തകര്‍ത്തു. കാന്തമാലിലെ വിശുദ്ധ സ്റ്റീഫന്‍ എന്നാണ് ആന്റോ അക്കര അദ്ദേഹത്തെ വിശേഷപ്പിക്കുന്നത്.
എന്നാല്‍ ഈ പീഡനങ്ങളെല്ലാം കാന്തമാലിലെ സഭയെ തകര്‍ത്തുവെന്നു കരുതിയാല്‍ തെറ്റി. പലരും ആ അഗ്നിപരീക്ഷയെ അതിജീവിച്ചുകഴിഞ്ഞു. അതില്‍ രണ്ടുപേരാണ് ഫാ. തോമസ് ചെല്ലനും സിസ്റ്റര്‍ മീനയും. സിസ്റ്റര്‍ കൂട്ടബലാത്സംഗത്തിനിരായായി. സിസ്റ്റര്‍ അതിനുശേഷം ഡല്‍ഹിയിലെത്തി. മാധ്യമങ്ങള്‍ക്കുമുമ്പില്‍ താന്‍ നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തി. പോലീസുകാര്‍ തന്റെ പരാതി കേള്‍ക്കുവാന്‍ പോലും തയാറായില്ലെന്നും സി. മീന വെളിപ്പെടുത്തിയിരുന്നു.
ഒരു പക്ഷേ, ദൈവം ഈ കാന്തമാലിലെ ജനതയോടൊപ്പം സഹിക്കുവാന്‍ എന്നെ അനുവദിച്ചതായിരിക്കാം. ശബ്ദമില്ലാത്ത ഇവര്‍ക്കുവേണ്ടി ശബ്ദിക്കുവാന്‍ എന്നെ നിയോഗിച്ചതാകാം സിസ്റ്റര്‍ മീന അനുസ്മരിക്കുന്നു. ഇതുപോലൊരു എളിമപ്പെടുത്തലിന് തന്നെ വിട്ടുകൊടുത്തുകൊണ്ട് കാന്തമാലിലെ വിശ്വാസികളുടെ സഹനത്തില്‍ പങ്കുചേരാന്‍ ദൈവം അനുവദിച്ചതിന് സി. മീന നന്ദി പറയുന്നു.
കാന്തമാലിലേക്ക് നിരന്തരമായ യാത്രകളും ക്രൈസ്തവരെക്കുറിച്ച് വിശദമായ പഠനങ്ങളും നടത്തിയ ആന്റോ അക്കര പറയുന്നു... 2008 ഓഗസ്റ്റ് 23 ന് ശേഷം കാന്തമാലില്‍ ഒരു ക്രൈസ്തവന് പോലും മതം ഉപേക്ഷിച്ചില്ല. അതാണ് ഭരതസഭയുടെ സത്യത്തിന്റെ നിമിഷം. മറിച്ച് അനേകം പേര് രക്തസാക്ഷികളായ ക്രൈസ്തവരുടെ സാക്ഷ്യം കണ്ട് കത്തോലിക്കസഭയിലേക്ക് വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കട്ടക് -ഭുവനേശ്വര്‍ അതിരൂപതയിലെ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവയുടെ വാക്കുകളും ആന്റോ അക്കരയുടെ വാക്കുകളെ സാധുകരിക്കുന്നതാണ്. കാന്തമാലില്‍ ക്രിസ്റ്റ്യാനിറ്റി വളരുകയാണെന്ന് ആര്‍ച്ചുബിഷപ് സാക്ഷ്യപ്പെടുത്തുന്നു.
അവര്‍ നമ്മുടെ സഹോദരങ്ങളെ ചുട്ടുകൊന്നു, അവരുടെ വീടുകളും ദേവാലയങ്ങളും ചുട്ടെരിച്ചു. പക്ഷേ, പരിശുദ്ധാത്മാവിന്റെ സ്നഹോഗ്നി യേശുവിനോടും സഭയോടുമുള്ള സ്നേഹത്താല്‍ അവരെ ജ്വലിപ്പിച്ചു അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഏതായാലും വിശ്വാസത്തിനുവേണ്ടി മരണം വരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുവാന്‍ അദ്ദേഹം വൈദികരെ നിയോഗിച്ചുകഴിഞ്ഞു. വരും കാലങ്ങളില്‍ കാന്തമാലിലെ രക്തസാക്ഷികളായി അവര്‍ മാറിയേക്കാം. തെര്‍ത്തുല്യന്‍ പറഞ്ഞതാണ് സത്യം രക്തസാക്ഷികളുടെ ചുടുനിണമാണ് ക്രൈസ്തവസഭയുടെ വിത്ത്.
Send your feedback to : onlinekeralacatholic@gmail.com