തീവ്രവാദികളെ പേടിക്കാതെ ബര്കിനോ ഫാസോയിലെ കന്യാസ്ത്രികള്‍
ഷേര്‍ളി മാണി - ഫെബ്രുവരി 2020
വെസ്റ്റ് ആഫ്രിക്കയിലെ ബര്കിനോ ഫാസോ എന്ന രാജ്യം ഇസ്ലാമിക തീവ്രവാദികളുടെ താവളമായി മാറിക്കഴിഞ്ഞു. ഒരു പക്ഷേ അടുത്ത സിറിയ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കപ്പെടാം. സ്കൂളുകള്‍ പകുതിയും അടഞ്ഞുകിടക്കുന്നു. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ അദ്ധ്യാപകരെ പോലും അവര്‍ കൊന്നുതള്ളി. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ സ്കൂളിലയക്കാന് മാതാപിതാക്കള്‍ ഭയക്കുന്നു. 2016 ല്‍ കൊല്ലപ്പെട്ടത് 80 ക്രൈസ്തവരായിരുന്നുവെങ്കല് 2019 ല്‍ കൊല്ലപ്പെട്ടത് 1800 ലധികം പേരാണ്. ഈ വര്‍ഷം മാത്രം ബര്കിനോ ഫാസയില് നിന്ന് ഓടിപോയത് 5 ലക്ഷത്തോളം ആളുകളാണ്. 1800 ലധികം സ്കൂളുകള്‍ അടച്ചുകഴിഞ്ഞു. എന്തിന് എപ്പോഴാണ് മരണം തങ്ങളെ തേടിവരിക എന്ന ഭയാശങ്കയിലാണ് അവിടുത്തെ ജനങ്ങള്‍. മരണം പടിവാതിലില്‍ കാത്തുനില്ക്കുമ്പോഴും അവിടുത്തെ ജനങ്ങളെ വിട്ട് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടുവാന്‍ എല്ലാ സാധ്യതകളുമുണ്ടായിട്ടും മരിക്കുകയാണെങ്കില്‍ അവിടുത്തെ ജനങ്ങള്‍ക്കൊപ്പം എന്ന ധീരോചിതമായ നിലപാടിലാണ് സിസ്റ്റേഴ്സ് ഓഫ് ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ എന്ന തദ്ദേശീയ സന്യാസിനി സഭാംഗങ്ങള്‍.
നിഷ്ഠൂരരായ ഭീകരരുടെ അക്രമങ്ങള്‍ക്കിടയിലും ഒരു ഭയവുമില്ലാതെ ക്രിസ്തുവിലാശ്രയിച്ചുകൊണ്ട് അഭയാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാകുകയാണ് ഈ പാവം കന്യാസ്ത്രിമാര്‍. അവിടുത്തെ ജനങ്ങളെ വിട്ടോടിപ്പോകാതെ അവര്‍ അവിടെ തന്നെ സേവനം ചെയ്യുന്നു. ഓരോ ദിവസവും അഭയാര്‍തഥികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. തീവ്രവാദികള്‍ പുരുഷന്മാരെ കൊന്നൊടുക്കുന്നതിനാല്‍ അമ്മമാരും കുഞ്ഞുങ്ങളും പ്രായമായവരുമാണ് ഓരോ ദിവസവും അഭയാര്‍ത്ഥികളായി എത്തിക്കൊണ്ടിരിക്കുന്നത്. 30 മുതല്‍ 60 വരെ അഭയാര്‍ത്ഥികളെ അവരുടെ ഭവനങ്ങളില്‍ ഓരോ ദിവസവും സ്വീകരിക്കുന്നു. ഔഗാഡുഗോ നഗരത്തിലെ അവരുടെ ഹൗസില്‍ ഏതാണ്ട് 600 പേരെ സ്വീകരിച്ചുകഴിഞ്ഞു.
ബര്കിനോ ഫാസയില് അക്രമത്തിന്റെ തീവ്രത ദിവസം തോറും കൂടിക്കൂടിവരികയാണെന്നും ഓരോ ദിവസവും അതിഭീകരമായ അവസ്ഥയിലൂടെയാണ് തങ്ങള്കടന്നുപോകുന്നതൈന്നും കോണ്‍ഗ്രിഗേഷന്റെ ജനറല്‍ സുപ്പീരിയറായ സി. പൗളിന് സവാഗാഡോ പറയുന്നു. ബാര്കിനോ ഫാസയിലെ ബാം പ്രദേശത്തുള്ള അവരുടെ കോണ്‍വെന്റിന്റെ ഏതാണ്ട് രണ്ടുകിലോമീറ്റര്‍ അകലെ വരെയെത്തിക്കഴിഞ്ഞു ഭീകരര്‍. പക്ഷേ, സിസ്റ്റേഴ്സിന് തെല്ലും ഭയമില്ല. മഠം പൂട്ടിപ്പോകാന്‍ മനസ്സുമില്ല.
ഇസ്ലാമിക തീവ്രവാദികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം കൊല്ലുകയാണ്. അതില്‍ ക്രൈസ്തവരും അക്രൈസ്തവരും പെടുന്നു. പക്ഷേ, മരണം പടിവാതില്‍ക്കലാണ് പതിയിരിക്കുന്നതെങ്കിലും തങ്ങള്‍ക്ക് തെല്ലും പേടിയില്ലെന്ന് സിസ്റ്റര്‍മാരായ സി. പൗളിനും മേരി ബെര്ണാഡറ്റയും പറയുന്നു. കാല്‍നൂറ്റാണ്ടിലേറെയായി അവര്‍ അവിടെ സേവനം ചെയ്യുന്നു. ഏതെങ്കിലും ഒരു ദിവസം തങ്ങളും വധിക്കപ്പെടുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ഏപ്പോഴും ഞങ്ങള്‍ ഒരുങ്ങിയിരിക്കുന്നു. ഓരോ ദിവസം ഞങ്ങള്‍ സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. തീവ്രവാദികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നു സി. പൗളിന് പറയുന്നു. ദൈവം ഞങ്ങളെ സഹായിക്കുമെന്നറിയാം. കാരണം ദൈവത്തിനുവേണ്ടിയാണല്ലോ ഞങ്ങള്‍ ഇവിടെ സേവനം ചെയ്യുന്നത്. വിശ്വാസത്തില്‍ ഞങ്ങള്‍ രക്തസാക്ഷിത്വം വരിച്ചുകഴിഞ്ഞു.
ബര്കിനോ ഫാസയില് എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെട്ടേക്കാമെങ്കിലും തങ്ങളുടെ ഒരു കോണ്വെന്റുപോലും പൂട്ടില്ല എന്ന ദൃഢനിശ്ചയത്തിലാണ് സിസ്റ്റര്മാര്. കാരണം അവിടുത്തെ ജനങ്ങള്‍ ഭയചകിതരാണ്. അപ്പോള്‍ സിസ്റ്റര്മാര് ഓടിപ്പോയാല്‍ പിന്നെ സാധാരണക്കാരുടെ കാര്യമെന്താകും. അവരെ ആരു നോക്കും. അവരെ ആശ്വസിപ്പിക്കുവാനും സാന്ത്വനിപ്പിക്കാനും ശക്തിപകരാനും ഞങ്ങളല്ലാതെ മറ്റരാണുള്ളത് സി. പൗളിന് ചോദിക്കുന്നു.
മാലിയില്‍ നിന്നും തങ്ങളുടെ സിസ്റ്റര്മാര് സുരക്ഷകാരണങ്ങളാല്‍ ഒഴിപ്പിക്കപ്പെട്ടിരുന്നു. എങ്കിലും ഏതുനേരവും അങ്ങോട്ട് മടങ്ങിപ്പോകുവാനുള്ള തയാറെടുപ്പിലാണ് അവര്‍. അവിടുത്തെ ജനങ്ങളോടൊപ്പം സഹിക്കുവാനും മരിക്കുവാനും തങ്ങളുടെ സിസ്റ്റര്മാര് ഒരുക്കമാണ് സി. പൗളിന് പറയുന്നു.
ഇസ്ലാമിക തീവ്രവാദികളുടെ അക്രമങ്ങള്‍ അവരുടെ വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തകയാണ് ചെയ്യുന്നതെന്നതാണ് ഏറ്റവും വലിയ അത്ഭുതം. വിശ്വാസികളുടെ ആത്മീയതയുടെ ഭീകരതയുടെ ഭീഷണയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്തൈക്കൊയാണെങ്കിലും ക്രൈസ്തവര്‍ അവരുടെ ദേവാലയങ്ങള്‍ ഉപേക്ഷിക്കുന്നില്ല, അവര്‍ കൂടുതല്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുകയാണ്.
ഔഗാഡുഗോ അതിരൂപതയിലെ 35 ഇടവകകളില്‍ അവര്‍ പ്രത്യേക പ്രാര്‍ത്ഥന ചെയ്ന്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ ആഴ്ചയും ഓരോ ഇടവകക്കാര് സമാധാനത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തും.
ദൈവപരിപാലനയിലാണ് തങ്ങള്‍ ആശ്രയിക്കുന്നത്. ദൈവം ഞങ്ങളെ സ്നേഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെ ഈ സഹനങ്ങളെ തരണം ചെയ്യാനുള്ള ശക്തിയും ദൈവം തരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു സിസ്റ്റര്മാര് പറയുന്നു.
1924 ലാണ് സിസ്റ്റേഴ്സ് ഓഫ് ഇമാക്കുലേറ്റ് കണ്‍സംപ്ഷന്‍ എന്ന സഭ സ്ഥാപിതമായത്. ബര്‍ക്കിനോ ഫാസയിലെ തദ്ദേശിയ സഭയായ അവര്‍ക്ക് ഇപ്പോള്‍ ടോഗോ, നൈജര്‍, ബെനിന്‍, ഐവറി കോസ്റ്റ്, മാലി, അള്‍ജീരിയ, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഭവനങ്ങളുണ്ട്. 463 സിസ്റ്റര്‍മാരും സേവനനിരതരാണ്. ബര്കിനോ ഫാസയിലെ 16 രൂപതകളില്‍ 13 രൂപതകളിലും ജീവവായു പോലെ അവരുണ്ട്.
Send your feedback to : onlinekeralacatholic@gmail.com