ക്രിസ്ത്യാനികളായതിന്റെ പേരില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ അഫ്ഗാനില്‍ നിന്നും ഇറ്റലിയിലേക്കു പലായനം ചെയ്ത അലി ഇഷാനിയുടെ കഥ
ബോബന് എബ്രാഹം - സെപ്തംബര്‍ 2021
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറ്റലിയിലെത്തിയ അലി ഇഷാനി എന്ന കത്തോലിക്കവിശ്വാസിയുടെ ജീവിതം സഹനത്തിന്റെ ഉലയിലൂതി തെളിയിച്ചതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും വിശ്വാസത്തിന്റെ പേരില്‍ ജീവന് നഷ്ടപ്പെടുമെന്നായപ്പോള്‍ സ്വന്തം സഹോദരനൊപ്പം പാലായനം ചെയ്യേണ്ടി വന്നും ബാലനായ അലിയ്ക്ക്. ഇറ്റലിയില്‍ പുതിയ ജീവിതം കണ്ടെത്തിയ അവന് ഇപ്പോള്‍ ഇറ്റലിയില്‍ അഭിഭാഷകനാണ്. 13-മത്തെ വയസ്സില്‍ ഒരു കുഞ്ഞിനു നേരിടേണ്ടി വന്ന സഹനങ്ങളുടെ ദുരിതക്കയങ്ങള്‍ നീന്തിക്കടന്നാണ് അവന് തന്റെ വിശ്വാസം സംരക്ഷിച്ചത്. ക്രിസ്തുവിന്റെ അനുയായി ആയതുകൊണ്ടുമാത്രം അഫ്ഗാനിസ്ഥാനില്‍ വെച്ച് ആ ബാലന്റെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടു. അലിയും സഹോദരനും ആ നിമിഷം അഫ്ഗാനിസ്ഥാനില്‍ നിന്നും ജീവനും കൊണ്ട് ഓടി. സഹോദരന് യാത്രമധ്യേ മരിച്ചു. എങ്കിലും അവന് യാത്ര തുടര്‍ന്നു. അന്ധാകാരാവൃതമായ ഒരു നാട്ടില്‍ നിന്നും ഇറ്റലിയിലെത്തിയ അവന് അവിടെ പുതിയ ജീവിതം ആരംഭിച്ചു.
അലിയുടെ അയല്വക്കക്കാരെല്ലാവരും മുസ്ലിം വിശ്വാസികളായിരുന്നു. അലിക്ക് അറിയില്ലായിരുന്നു തന്റെ മാതാപിതാക്കളും താനും ക്രിസ്തുമതവിശ്വാസികളാണെന്ന്. അവന് അറിയാതെയെങ്ങാനും ആ രഹസ്യം പുറത്തുവിട്ടാലോ എന്ന് ഭയന്ന് അവന്റെ മാതാപിതാക്കള്‍ ആ രഹസ്യം അവനോട് വെളിപ്പെടുത്തിയിരുന്നില്ല. അഫ്ഗാനില്‍ നിന്നും പീഡനമേറ്റുവാങ്ങി, ഇറ്റലിയിലെത്തിയ ക്രിസ്തുവിന്റെ അനുയായി ആയ അലിയുമായി എയ്ഡ് ദു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന പ്രതിനിധി റാഖ്വേല്‍ മാര്ട്ടിന് നടത്തിയ അഭിമുഖം...
താങ്കളുടെ കുടുംബം ക്രൈസ്തവ വിശ്വാസികളാണെന്ന് എങ്ങനെയാണ് അറിഞ്ഞത്?
എനിക്ക് 8 വയസ്സുള്ളപ്പോഴാണ്, സ്കൂളില്‍ വെച്ച് കൂട്ടുകാര്‍ ചോദിച്ചത് എന്തുകൊണ്ടാണ് എന്റെ പിതാവ് മോസ്ക്കില്‍ പോകാത്തതെന്ന്. പിതാവിനോട് അതു പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു ആരാണ് അത് പറഞ്ഞത്. ക്രൈസ്തവര്‍ ദേവാലയത്തിലാണ് പോകുന്നത്. കൂടുതലൊന്നും പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. താന്‍ അത് മറ്റാരോടെങ്കിലും വെളിപ്പെടുത്തുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.
എന്താണ് പിന്നീട് സംഭവിച്ചത്?
ഞങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്നും തിരികെ വന്നപ്പോള്‍ താലിബാന് ഞങ്ങളുടെ വീട് തകര്‍ത്തുകഴിഞ്ഞിരുന്നു. അവര്‍ എന്റെ മാതാപിതാക്കളെ കൊന്നു.. ഞാനും എന്റെ സഹോദരനും അഫ്ഗാനിസ്ഥാനില്‍ നിന്നും ജീവനും കൊണ്ട് ഓടി. എന്റെ ജ്യേഷ്ഠന് 16 വയസും എനിക്ക് 8 വയസുമായിരുന്നു. അഞ്ച് വര്‍ഷത്തോളം ഞങ്ങള്‍ യാത്രയിലായിരുന്നു. ടു നൈറ്റ് വി ലുക്ക് അറ്റ് ദ സ്റ്റാര്‍സ് എന്ന പുസ്തകത്തില്‍ ഞാന്‍ ആ അഗ്നിപരീക്ഷയെക്കുറിച്ച് എഴുതിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാന്, ഇറാന്, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ കടന്ന് ഞാന്‍ ഇറ്റലിയിലെത്തി. യാത്രമധ്യേ എന്റെ സഹോദരന് മരണത്തിനുകീഴടങ്ങി.
സഹോദരന് മുഹമ്മദിനൊപ്പം ഗ്രീസിന്റെ തീരത്തേക്ക് അവര്‍ ഒരു ബോട്ടില്‍ കയറി. പക്ഷേ, സഹോദരന് മറുകരയെത്താന്‍ കഴിഞ്ഞില്ല. ഒരു പെട്രോള്‍ കാനില്‍ തുങ്ങിക്കിടന്ന് അലി രക്ഷപ്പെട്ടു. ഈശോയെ നീ ഉണ്ട് എങ്കില്‍ എന്നെ മുങ്ങിച്ചാകുവാന്‍ അനുവദിക്കരുതെ എന്നായിരുന്നു എന്റെ ആ സമയത്തെ പ്രാര്‍ത്ഥന. ജ്യേഷ്ഠന് നഷ്ടമായതോടെ 11 കാരനായ അലി തനിച്ചായി, അവന് എങ്ങനെയോ ഇറ്റലിയിലെത്തി. അവിടെ എത്തിയ അവന് സാവധാനം നിയമം പഠിച്ചു. സമൂഹത്തില്‍ കഷ്ടപ്പെടുന്നവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും ഒപ്പം നില്ക്കുക ആയിരുന്നു അവന്റെ ലക്ഷ്യം.
അവന് ഒരിക്കലും തന്റെ അഫ്ഗാന് വേരുകള്‍ മറന്നില്ല. മുതിര്‍ന്നപ്പോള്‍ അവന്റെ നാട്ടില്‍ രഹസ്യമായി ജീവിക്കുന്ന മറ്റൊരു ക്രൈസ്തവ കുടുംബത്തെ കണ്ടെത്തി. അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനുള്ള പിന്തുണ നല്കി.
അവര്‍ എങ്ങനെയാണ് രഹസ്യമായി വിശ്വാസം സംരക്ഷിച്ചത്?
അവര്‍ക്ക് ഞാന്‍ കുര്‍ബാനയുടെ വീഡിയോ അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഭാഷ മനസ്സിലാകുന്നില്ലെങ്കിലും അവര്‍ വളരെ സന്തുഷ്ടരായിരുന്നു.
താലിബാന് അവരെ കണ്ടെത്തി...ഒരിക്കല്‍ ടെലിവിഷനില്‍ അവര്‍ ദിവ്യബലി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവരെ അയല്‍ക്കാര്‍ താലിബാന് ഒറ്റിക്കൊടുത്തു.
അവര്‍ക്കെന്തു സംഭവിച്ചു?
താലിബാനെത്തി. ആ കുടുംബനാഥനെ പിടിച്ചുകൊണ്ടുപോയി. പിന്നീട് അദ്ദേഹത്തെ കുറിച്ച് അവര്‍ കേട്ടിട്ടേയില്ല. ആ കുടുംബത്തിനും ആ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നു. ഒളിവില്‍ കഴിഞ്ഞ അവരെ ഇറ്റാലിയന്‍, വത്തിക്കാന്‍ അധികാരികളുടെ സഹോയത്തോടെ, അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷിച്ചു. അവരിപ്പോള്‍ ഇറ്റലിയില്‍ ജീവിക്കുന്നു.
ആ കുടുംബം പാലായനം ചെയ്തപ്പോള്‍ ആ കുടുംബത്തിലെ ഒരു മകന് ധരിച്ചിരുന്നത് അഫ്ഗാന് രീതിയിലുള്ള ഒരു ഷര്‍ട്ടായിരുന്നു. ഇറ്റലിയിലെത്തുന്നതുവരെ അവന് അതു തന്നെയായിരുന്നു ധരിച്ചിരുന്നത്. ഹംഗറിയില്‍ നിന്നും സ്ലോവാക്യയിലേക്കുള്ള യാത്രാമധ്യേ മാര്‍പാപ്പയെ അനുഗമിച്ച ഒരു ജേണലിസ്റ്റ് ആ കുട്ടി ധരിച്ചിരുന്ന ഷര്‍ട്ട് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.
തന്റെ മാതാപിതാക്കള്‍ തനിക്ക് മാമ്മോദീസ നല്‍കിയിരുന്നോ എന്ന് അലിയ്ക്ക് ഓര്‍മ്മയില്ല. അതുകൊണ്ട് റോമിലെ സെയിന്റ് ലാറ്ററന്‍ ബസ്ലിക്കയില്‍ വെച്ച് അവന് വീണ്ടും മാമ്മോദീസ സ്വകരിച്ചു. ലോക സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നു മാത്രമാണ് അലിയുടെ അഭ്യര്‍ത്ഥന.
Send your feedback to : onlinekeralacatholic@gmail.com