ഏകീകൃത കുര്‍ബാന നിര്‍ബന്ധം, അംഗീകരിക്കാത്ത വൈദികര്‍ പുറത്ത്,
കര്ശനനിലപാടുകളുമായി സര്‍ക്കുലര്‍
സ്റ്റാഫ് റിപ്പോര്‍ട്ടര്‍ - ജൂണ്‍ 2024
ഏകീകൃത കുര്‍ബാനയ്ക്ക് പുറംതിരിഞ്ഞുനില്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലും ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സീറോ മലബാര്‍ സഭ. ജൂലൈ 3 ന് ശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്കു പുറത്തായിരിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയും മേജര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ റാഫേല്‍ തട്ടിലും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരും സംയുക്തമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. സര്‍ക്കുലര്‍ ജൂണ്‍ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പ ഏകീകൃത കുര്‍ബാനയര്‍പ്പണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രണ്ടു തവണ കത്തിലൂടെയും ഒരു പ്രാവശ്യം വീഡിയോ സന്ദേശത്തിലൂടെ നേരിട്ടും ആവശ്യപ്പെട്ടതാണെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്ത വൈദികര്‍ക്ക് ജൂലൈ 4 മുതല്‍ പൗരോഹിത്യ ശുശ്രൂഷയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും. ഇത് എല്ലാ വൈദികര്‍ക്കും ബാധകമായിരിക്കും. വിലക്കേര്‍പ്പെടുത്തപ്പെട്ട വൈദികര്‍ കാര്‍മ്മികരായി നടത്തുന്ന കൂദാശകള്‍ക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സര്‍ക്കുലര്‍ സൂചിപ്പിക്കുന്നു. ജൂലൈ 3 ന് ശേഷം ഏകീകൃത രീതിയില്‍ അല്ലാതെ അര്‍പ്പിക്കുന്ന കുര്‍ബാനയില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അതിരൂപതയിലെ വിശ്വാസികളോടും നിര്‍ദ്ദേശിക്കുന്നു.
ഏതാനും വൈദികരും ആത്മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചരണങ്ങളുമാണു സഭയിലെ കുര്‍ബാന തര്‍ക്കം ഇത്രമാത്രം സങ്കീര്‍ണമാക്കിയതെന്നും സഭാസംവിധാനത്തെയും അധികാരികളെയും വെല്ലുവിളിച്ചുകൊണ്ടും അച്ചടക്കം പാലിക്കാതെയും കത്തോലിക്കസഭാ കൂട്ടായ്മയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
Send your feedback to : onlinekeralacatholic@gmail.com