ഇന്നുമുതല്‍ മരണം വരെ എന്നുപറഞ്ഞാല്‍ ഇതാണ്...
വിവാഹവാഗ്ദാനം അതിന്റെ പൂര്‍ണതയില്‍ പാലിച്ച ദമ്പതികള്‍
ജെയ്സണ്‍ പീറ്റര്‍ - മാര്‍ച്ച് 2022
ഇന്നുമുതല്‍ മരണം വരെ സുഖത്തിലും ദുഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും വേര്പിരിയില്ലെന്ന വിവാഹവാഗ്ദാനം അതിന്റെ പൂര്‍ണതയില്‍ പാലിച്ച ഇംഗ്ലണ്ടില്‍ നിന്നുള്ള ദമ്പതികളുടെ ചിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊറോണയ്ക്കോ, മരണത്തിനോ അവരെ വേര്‍തിരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. നീണ്ട ഏഴുപതു വര്‍ഷം ഒന്നിച്ചു ജീവിച്ചിട്ടും കൊതിതീരാതെ, കൊറോണ ബാധിതയായി ആസ്പത്രിയില്‍ കഴിയുന്ന പ്രിയതമയുടെ മരണക്കിടയ്ക്കരികിലേക്ക് തന്നെ കൊണ്ടു പോകണമെന്ന് വാശിപിടിക്കുവാന്‍ തക്കവിധം പരസ്പരം സ്നേഹിച്ച ദമ്പതികള്‍.
ഇംഗ്ലണ്ടില്‍ നിന്നുള്ള മാര്‍ഗരറ്റ് എന്ന വല്യമ്മയും ഡെരെക് ഫിര്‍ത് എന്ന വല്യപ്പച്ചനുമാണ് എന്തിനും ഏതിനും വിവാഹമോചനം നേടുന്ന ഇന്നത്തെ കാലത്ത് വേര്‍പിരിയാനാവാത്ത കളിക്കൂട്ടുകാരെപോലെ ജീവിച്ച് വിവാഹമെന്ന കൂദാശയുടെ പവിത്രത വാനോളമുയര്‍ത്തി വിടവാങ്ങിയത്. 1950 ലായിരുന്നു ഡെരക് മാര്‍ഗരറ്റിന്റെ കൈപിടിച്ചത്. ഇംഗ്ലണ്ടിലെ പാര്‍ട്ടിംഗ്ടണ്‍ എന്ന സ്ഥലത്തായിരുന്നു അവരുടെ ബാല്യം. 14 വയസ്സുമുതല്‍ അവര്‍ സുഹൃത്തുക്കളായിരുന്നു. 91 ാമത്തെ വയസ്സിലാണ് മാര്‍ഗരറ്റ് അസുഖബാധിതയായി മാഞ്ചസ്റ്ററിനടുത്തുള്ള വിത്തന്ഷോയിലെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നത്. അവിടെ നിന്ന് പിന്നീട് ട്രഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഏതാനും ദിവസങ്ങള്‍ക്കുശേഷം പ്രായാധ്യക്യത്തിന്റെ അവശതകള്‍കൊണ്ട് വിത്തന്ഷോയിലെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി.
മാര്‍ഗരറ്റിന് കോവിഡ് ബാധിച്ചതോടെ ഡോക്ടര്‍മാര്‍ മക്കളോട് പറഞ്ഞു അമ്മയ്ക്ക് ഏതാനും ദിവസം കൂടിയേ ആയുസ്സുള്ളു. വീട്ടിലാര്‍ക്കെങ്കിലും അവരോട് ഗുഡ് ബൈ പറയാനുണ്ടെങ്കില്‍ ഇപ്പോള്‍ വരാമെന്നും ഡോക്ടര്‍മാര്‍ മകള്‍ ബാര്‍ബര സ്മിത്തിനോട് പറഞ്ഞു.
മക്കളുടെ പക്കല്‍ നിന്നും ഭാര്യയുടെ വിവരം അറിഞ്ഞ ഡെരക്ക് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടത് തന്നെ എത്രയും വേഗം ഭാര്യ കിടക്കുന്ന ആസ്പത്രിയിലേക്ക മാറ്റണമെന്നായിരുന്നു. .അവസാനനിമിഷങ്ങളില്‍ അവളോടൊപ്പം തനിക്ക് ആയിരിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. കാരണം അവര്‍ 70 വര്‍ഷവും ഒരുമിച്ചായിരുന്നു. മാര്‍ഗരറ്റിന് കോവിഡ് ആണെന്നു പറഞ്ഞിട്ടുപോലും അദ്ദേഹം കൂട്ടാക്കിയില്ല. അദ്ദേഹത്തിന് ഭാര്യയുടെ കിടക്കയ്ക്കരികിലെത്തണമെന്ന് എത്തണമെന്ന് നിര്‍ബന്ധം പിടിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ മക്കള്‍ ആ നിര്‍ബന്ധത്തിന് വഴങ്ങി.
കുടുംബാംഗങ്ങളും മെഡിക്കല്‍ ടീമും അതിനുവേണ്ട സജ്ജീകരണങ്ങളെല്ലാം ചെയ്തു. കാരണം അത്രയും ക്രിട്ടിക്കലായ സമയത്ത് രണ്ടുപേരും അടുത്തടുത്തുണ്ടാകുന്നത് നല്ലതാണെന്ന് അവരും മനസ്സിലാക്കി. ഭര്‍ത്താവിനെ കണ്ടപാടെ ഭാര്യ ചോദിച്ചു.. ഇത്രയും നേരം അങ്ങ് എവിടെയായിരുന്നു ? അദ്ദേഹത്തെ കണ്ടപാടെ മാര്‍ഗരറ്റ് പുഞ്ചിരിയോടെ ചോദിച്ചു.
അദ്ദേഹത്തിന്റെ സാമിപ്യം മാര്‍ഗരറ്റ് മുത്തശ്ശിയുടെ ആരോഗ്യനില ലേശം മെച്ചപ്പെടുത്തി. എന്നാല്‍, ഡെരക് വൈകാതെ കോവിഡ് ബാധിച്ച് പ്രിയതമയ്ക്ക് മുമ്പേ സ്വര്‍ഗ്ഗത്തിലേക്ക് പോയി. 2022 അദ്ദേഹത്തിന്റെ വേര്‍പാടിന്റെ മൂന്നാം ദിനം മാര്‍ഗരറ്റും പോയി. മാതാപിതാക്കളുടെ വേര്‍പാട് വേദനാജനകമായിരുന്നെങ്കിലും അവര്‍ ഒരുമിച്ചായിരിക്കുമല്ലോ എന്ന ബോധ്യം തങ്ങള്‍ക്ക് ആശ്വാസമേകുന്നുവെന്ന് മക്കള്‍ പറയുന്നു.
മരണം വരെ നീളുന്ന സ്നേഹത്തിന്റെ ജീവിക്കുന്ന ഓര്‍മ്മയായി മകളായ ബാര്‍ബര അന്ന് ആശ്പത്രിയില് വെച്ചെടുത്ത മാതാപിതാക്കളുടെ ഫോട്ടോയാണ് ലോകമെങ്ങുമുള്ളവരുടെ ഹൃദയങ്ങളെ നൊമ്പരപ്പെടുത്തുന്നതും പളുങ്കുപാത്രത്തില്‍ കൊണ്ടുനടക്കുന്ന ദാമ്പത്യം എന്ന നിധി മരണംവരെ കൈമോശം വന്നുപോകാതെ കാക്കണമെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്നതും.
Send your feedback to : onlinekeralacatholic@gmail.com