ഈ മണ്ണ് ഞങ്ങളുടേതു കൂടിയാണ്
സി. ആന്‍സി പോള്‍ എസ്.എച്ച് - മാര്‍ച്ച് 2021
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. ഈ പ്രതിജ്ഞാവാചകം ചൊല്ലിയാണ് ഓരോ ഇന്ത്യന്‍ പൗരനും അറിവിന്റെ ലോകത്തേക്കു പിച്ചവെയ്ക്കുന്നത്. അക്ഷരം പഠിക്കുന്നതിനു മുമ്പുതന്നെ ഒരുവന് നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന പ്രതിജ്ഞാവാചകം. ജാതിമതഭേദമെന്യേ സര്‍വരേയും സഹോദരങ്ങളായി കാണാന്‍ പഠിപ്പിച്ച മഹാരഥന്മാരുടെ ഭാരതീയ സങ്കല്പങ്ങളില് നിന്ന് എത്രയോ കാതം അകലെയാണ് ആധുനിക ഹിന്ദുത്വ തീവ്രവാദികളുടെ ഭാരതസങ്കല്പം.
മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന നാലു യുവസന്യാസിനിമാരെ മതപരിവര്‍ത്തന നിയമത്തിന്റെ മറപിടിച്ചു എ.ബി.വി.പി പ്രവര്‍ത്തകര്‍ അവരുടെ യാത്ര തടസ്സപ്പെടുത്തി സംഘം ചേര്‍ന്ന് അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബലമായി അപരിചിതമായ സ്റ്റേഷനില്‍ ഇറക്കി റെയില്‍വേ പോലീസിന്റെ ഒത്താശയോടെ ഭീതിദയമായ ആള്‍ക്കൂട്ട ആക്രോശങ്ങള്‍ക്കു നടുവിലൂടെ സ്റ്റേഷനിലെത്തിച്ചു. മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും പിന്നീട് അര്‍ദ്ധരാത്രിയോടെ വിട്ടയയ്ക്കുകയും ചെയ്തു. ഈ സംഭവവും പതിവുപോലെ നടപടികളൊന്നുമില്ലാതെ കെട്ടടങ്ങുമെന്നാണ് തോന്നുന്നത്.
ഒഡീഷയിലേക്കുള്ള യാത്രക്കാരായിരുന്നു അവര്‍. സന്യാസസഭാ വസ്ത്രധാരികളായ രണ്ടുപേര്‍ക്കൊപ്പം ക്രൈസ്തവ വിശ്വാസികളായ രണ്ടു യുവതികളുമുണ്ടായിരുന്നു. സന്യാസാര്ത്ഥികളായ ഇവരെ മതം മാറ്റാന്‍ കൊണ്ടുപോയതാണെന്നാണു വര്‍ഗ്ഗീയവാദികളുടെ ആരോപണം. ജന്മനാ ക്രൈസ്തവ വിശ്വാസികളായ അവരുടെ കൈവശം ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ മതിയായ രേഖകളെല്ലാം ഉണ്ടായിരുന്നു. അതൊന്നും അവര്‍ക്ക് വിഷയമായിരുന്നില്ല. അന്തരീക്ഷത്തില്‍ മുഷ്ടിചുരുട്ടി ആര്‍ത്തുവിളിക്കുന്ന തീവ്ര വര്‍ഗീയ മുദ്രാവാക്യങ്ങളില്‍ ഈ സ്ത്രീകളുടെ മറുപടികള്‍ വെള്ളത്തിലെ കുമിള പോലെയായി. ആള്‍ക്കൂട്ട വിചാരണ നടത്തി മതപരിവര്‍ത്തന നിയമക്കുരുക്കില്‍പ്പെടുത്തി അവരെ ജയിലിന്റെ ഇരുട്ടറയില്‍ അടയ്ക്കാമെന്ന തീവ്രവാദ സംഘത്തിന്റെ വ്യാമോഹം തടയാന്‍ കഴിഞ്ഞത് കന്യാസ്ത്രികളുടെ പ്രവര്‍ത്തനങ്ങളെ അടുത്തറിയുന്ന ചിലരുടെ ഇടപെടലുകള്‍ കൊണ്ടു മാത്രമാണ്.
ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം അടുത്തകാലത്തായി കൂടിവരികയാണ്. എന്താണ് സമര്‍പ്പിതര്‍ ചെയ്യുന്ന അപരാധമെന്നു മനസിലാകുന്നില്ല. സ്വയം മറന്ന് ലോകത്തിനു നന്മ ചെയ്യുന്നവരെയൊക്കെ മുച്ചൂടും ഇല്ലാതാക്കുന്ന തിന്മയുടെ പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനു സമര്‍പ്പിതരാണ് നാടും വീടും ഉപേക്ഷിച്ച് വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെ ജാതിമതവര്‍ഗ വര്‍ണ ഭേദമെന്യേ സകല മനുഷ്യര്‍ക്കും നന്മയുടെ സുവിശേഷ വെളിച്ചം പകരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി തിരുഹൃദയ സന്യാസിനിസമൂഹത്തിന്റെ ജീവജ്യോതി പ്രോവിന്‍സ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശുശ്രൂഷ ചെയ്തുവരുന്നു.
കേരളത്തില്‍ നിന്നു മിഷനറിമാരായി കടന്നുചെന്ന് ദേശത്തിന്റെ ഭാഷയും സംസ്ക്കാരവും സ്വന്തമാക്കി അവരിലൊരാളായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു സിസ്റ്റേഴ്സ് ഇന്നും അവിടെയുണ്ട്. വര്‍ഗീയതയുടെ കടുത്തനിറം അവരാരും അണിഞ്ഞിട്ടില്ല. ആരുടെയും ഒരുപിടി മണ്ണുപോലും അപഹരിച്ചിട്ടില്ല. ആരും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല. നന്മ മാത്രം ചെയ്യുന്ന ഈ ശുഭവസ്ത്രധാരികളെ നിങ്ങള്‍ എന്തിനാണു ഭയപ്പെടുന്നത്?
ഇന്നോളം ഒരു ക്രൈസ്തവ സ്ഥാപനത്തില്‍ നിന്നും ആര്‍ക്കും ജാതിയുടെ പേരില്‍ പടിയിറങ്ങിപ്പോകേണ്ടി വന്നിട്ടില്ല. അവരുടെ ആശുപത്രികളില്‍ ആര്‍ക്കും ചികിത്സ നിഷേധിച്ചിട്ടുമില്ല. എന്നും മനുഷ്യനാകാനും മനുഷ്യത്വമുള്ളവരാകാനും പരിശീലിപ്പിച്ചിട്ടേയുള്ളേു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ നിസ്തുലമായ സേവനം നല്കിയവരാണ് ക്രൈസ്തവ സന്യാസിനികള്‍.
ഉത്തരേന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ക്രൈസ്തവ സമര്‍പ്പിത സാന്നിധ്യമുണ്ട്. ലോകത്തിന്റെ നേട്ടമോ, വിജയമോ നിങ്ങള്‍ ആരോപിക്കുന്നതുപോലെ മതപരിവര്‍ത്തനമോ അവരുടെ ലക്ഷ്യമല്ല. ക്രിസ്തുവിനുവേണ്ടി ജീവിതം പണയപ്പെടുത്തിയുള്ള യാത്രയാണിതെന്ന് ഓരോ സമര്‍പ്പിതയ്ക്കും ഉത്തമബോധ്യവുമുണ്ട്.
അസമത്വങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ചൂഷിത സമൂഹം പ്രാപ്തമായി എന്നു കണ്ടപ്പോള്‍ 1995 ല്‍ സി. റാണി മരിയ ആദ്യത്തെ വനിതാ രക്തസാക്ഷിയായി. കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിനിനെയും അദ്ദേഹത്തിന്റെ രണ്ടുമക്കളെയും 1999 ജനുവരി 22 ന് ചുട്ടുകൊന്നു. ആദിവാസി ജനങ്ങള്‍ക്കു ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാന്‍ സ്വാമി ഇപ്പോഴും തടവിലാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എവിടെയും യഥേഷ്ടം യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടുത്തെ ഓരോ പൗരന്റെയും ജന്മാവകാശമാണ്. ഒരു മതത്തിന്റെയും പേരില്‍ അത് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഈ ഭാരത മണ്ണ് ഒരു വര്‍ഗീയവാദിയുടെയും കുത്തകയുമല്ല. ഒരുവന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഒരു സംഘടനയ്ക്കും അവകാശവുമില്ല. ഇവിടെ ജനിച്ചുവളരുന്ന ഓരോ പൗരന്റെയും ജന്മഭൂമിയും ജന്മാവകാശവും വികാരവുമാണ് ഭാരതം.
യാത്രാവകാശവും നീതിയും നിഷേധിക്കപ്പെട്ട് ആള്‍ക്കൂട്ട വിചാരണയ്ക്കു നടുവില്‍ ഒരു ദിവസം മുഴുവന്‍ നിസാഹയരായി നില്‍ക്കേണ്ടി വന്ന കന്യാസ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും പ്രത്യക്ഷപ്പെട്ടില്ല എന്നു മാത്രമല്ല അവരത് അറിഞ്ഞിട്ടുപോലുമില്ല. അല്ലെങ്കില്‍ കുറഞ്ഞപക്ഷം അങ്ങനെ ഭാവിക്കുകയെങ്കിലും ചെയ്തു. മറ്റെന്തെങ്കിലും ആയിരുന്നെങ്കില്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന അന്തിച്ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇത് തീ കൊളുത്തുകയില്ലായിരുന്നോ?
Send your feedback to : onlinekeralacatholic@gmail.com