മാര്‍പാപ്പയുടെ ശമ്പളമെത്രയാണെന്ന് അറിയാമോ?
ജെയ്സണ്‍ പീറ്റര്‍ - മാര്‍ച്ച് 2021
ആഗോളകത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ തീര്‍ച്ചയായും ആറക്കശമ്പളം തന്റെ ഭാരിച്ച ഉത്തരവാദിത്വത്തങ്ങള്ക്ക് പ്രതിഫലമായി കൈപ്പറ്റുന്നുണ്ടെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ സത്യം നേരെ മറിച്ചാണ്.
2001 ല്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ കനത്ത ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് ഒരു കിംവദന്തി പരന്നു. അതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് അന്നത്തെ വത്തിക്കാന്‍ വക്താവായിരുന്ന ജോവാക്കിം നവാരോ വാള്‍സിനെ ഉദ്ധരിച്ച് ഒരു വാര്‍ത്ത പബ്ലീഷ് ചെയ്തിരുന്നു. മാര്‍പാപ്പയ്ക്ക് ശമ്പളമില്ലെന്നും ഒരിക്കലും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു വത്തിക്കാന്‍ വാക്താവിന്റെ വിശദീകരണം. അതോടെ മാര്‍പാപ്പയുടെ ശമ്പളത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരമാമായി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്യം പറഞ്ഞാല്‍ അതിനെക്കാള്‍ രസകരമാണ്. ദാരിദ്ര്യവ്രതമെടുത്ത ഈശോസഭ അംഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന് മാസശമ്പളമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ യാത്ര ചിലവുകള്‍ വഹിക്കുന്നത് വത്തിക്കാനാണ്. ഭക്ഷണത്തെക്കുറിച്ചോ, പാര്പ്പിടത്തെക്കുറിച്ചോ അദ്ദേഹത്തിന് വിഷമിക്കേണ്ടതില്ല, പക്ഷേ ആമസോണില്‍ നിന്നു പര്‍ച്ചേസ് ചെയ്യാന്‍ കൈയില്‍ കാശുകാണില്ല.
എന്നാല്‍, ലോകത്തെവിടെയുമുള്ള ദുരിതബാധിതരെ കൈയയച്ച് സഹായിക്കാനുള്ള ചാരിറ്റി ഫണ്ട് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. യുദ്ധവും പ്രകൃതിദുരന്തങ്ങളും നാശം വിതയ്ക്കുമ്പോള് ആ പണമാണ് മാര്‍പാപ്പ സഹായമായി നല്‍കുന്നത്.
മൂന്ന് വര്‍ഷത്തെ പൊതുജീവിതകാലത്ത് ഈശോയ്ക്ക് യാതൊരു വരുമാനവുമുണ്ടായിരുന്നില്ല. എന്നാല്‍ അവിടുത്തേയ്ക്ക് വേണ്ടതെല്ലാം മറ്റുള്ളവരിലൂടെ പിതാവായ ദൈവം നല്‍കിയിരുന്നു. ആ ക്രിസ്തുവിനെ തന്നെയാണ് മാര്‍പാപ്പമാര്‍ മാതൃകയാക്കിയിരിക്കുന്നതും. പിന്നെ എങ്ങനെയാണ് മാര്‍പാപ്പയ്ക്ക് ശമ്പളമുണ്ടാകുക.
Send your feedback to : onlinekeralacatholic@gmail.com