അമ്മമാരുടെ അടിമത്വം എന്നവസാനിക്കും?
ഫാ. അജി പുതിയാപറമ്പില്‍ - മെയ് 2020
ഹോസ്റ്റലിലെ കുട്ടികള്‍ അവധിക്ക് വീട്ടില്‍ പോകുമ്പോള്‍ അവരോട് നിര്‍ബന്ധമായും പാലിക്കേണ്ട മൂന്ന് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടാണ് ഞാന്‍ അവരെ വീട്ടിലേക്ക് വിടുക. ഒരു കാരണവശാലും ഭക്ഷണം കഴിച്ച പാത്രം അമ്മയെക്കൊണ്ട് കഴുകിക്കരുത്. സ്വന്തം വസ്ത്രങ്ങള്‍ അമ്മയെക്കൊണ്ട് കഴുകിക്കാതെ സ്വയം വൃത്തിയാക്കണം.
നിങ്ങളുടെ മുറി നിങ്ങള്ത്തന്നെ വൃത്തിയാക്കണം. ഇതാണ് ആ മൂന്ന് നിര്‍ദ്ദേശങ്ങള്‍.
കുട്ടികള്‍ തിരിച്ചുവരുമ്പോള്‍ അവരോട് ചോദിക്കാറുണ്ട്, എത്ര പേര് നിയമം പാലിച്ചുവെന്ന്. അപ്പോള്‍ അവരുടെ മുഖത്ത് ഒരു ചിരിവിടരും. ചിലര്‍ പറയും. പാത്രം ഞാന്‍ കഴുകി, ബാ്ക്കി കാര്യങ്ങള്‍ അമ്മ ചെയ്തു. മറ്റുചിലര്‍ പറയും ഞാന്‍ വസ്ത്രം വിരിച്ചിടാന്‍ അമ്മയെ സഹായിച്ചു.ചിലരുടെ മറുപടി ഇങ്ങനെ ആയിരിക്കും. എനിക്ക് ചെയ്യണമെന്നുണ്ടായിരുന്നു. എങ്കിലും എല്ലാം അമ്മ തന്നെ ചെയ്തു. അമ്മയുടെ സ്നേഹം കൊണ്ടല്ലേ അച്ചാ. അടുത്ത മാസവും കു്ട്ടികള്‍ അവധിക്ക് വീട്ടില്‍ പോകുമ്പോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കും. അവര്‍ തിരിച്ചുവരുമ്പോള്‍ പതിവു ചോദ്യങ്ങളും. മറുപടികള്‍ അപ്പോഴും പഴയതു തന്നെയായിരിക്കും.
അപ്പോള്‍ ഞാന്‍ ക്ഷുഭിതനാകാറുണ്ട്. നിങ്ങള്‍ക്ക് ലജ്ജയില്ലേ. ഇത്രയും പ്രായമായിട്ടും നിങ്ങളുടെ അമ്മയെക്കൊണ്ട് നിങ്ങളുടെ വസ്ത്രം കഴുകിക്കുന്നു. മുറിയും ടോയ്ലറ്റും കഴുകിക്കുന്നു. പാത്രം കഴുകിക്കുന്നു. ഇതൊക്കെയേ ഒരു തരം ചൂഷണമാണ്. സ്നേഹത്തിന്റെ പേരിലുള്ള ചൂഷണം. ദയവായി നിങ്ങളെങ്കിലും ഈ ചെയിന്‍ ഒന്നു ബ്രേക്ക് ചെയ്യണം. പല പ്രവശ്യം ഇക്കാര്യം പറഞ്ഞ് പറഞ്ഞ് കുട്ടികളില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അമ്മമാരില്‍ ഇനിയും മാറ്റം വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട്. കാരണം ബഹുഭൂരിപക്ഷം അമ്മമാരും ഇപ്പോഴും വിശ്വസിക്കുന്നത് ഒരു നല്ല അമ്മ എന്നാല്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ജോലിയെല്ലം സ്വയം ചെയ്തുകൊടുക്കുന്നയാളെന്നാണ്. അല്ലെങ്കില്‍ സമൂഹം അങ്ങനെയാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്.
ഒരമ്മ ഒരു ദിവസം ചെയ്തുതീര്‍ക്കുന്ന ജോലികള്‍ എത്രമാത്രം വലുതാണെന്ന് നാം ആരെങ്കിലും ചിന്തിക്കാറുണ്ടോ.നിനക്കെന്താ ഇവിടെ മലമറിക്കുന്ന പണി. ചിലപ്പോള്‍ ഇങ്ങനെയുള്ള ശബ്ദങ്ങള്‍ വീടുകളില്‍ ഉയരാറുണ്ട്. ലോക് ഡൗണ്‍ കാലത്ത് ഭാര്യയെ പാത്രം കഴുകി സഹായിക്കാന്‍ അടുക്കളയില്‍ വന്ന ഭര്‍ത്താവ് ചോദിക്കുന്നു. ഇതെന്താ ഈ ആഴ്ച ഇവിടെ പാത്രം ഒന്നും കഴുകിയില്ലേ. ഇത് ഉച്ച വരെയുള്ള പാത്രങ്ങളാ, രാത്രിയിലും ഇത്രയും പാത്രങ്ങളുണ്ടാകും. ഒരു കപ്പ് ചായ ഉണ്ടാക്കന്‍ പോലും ഏറ്റവും ചുരുങ്ങിയത് 6 പാത്രങ്ങളെങ്കിലും വേണമെന്ന് എത്ര പേര്‍ക്കറിയാം-പാല്‍പ്പാത്രം, ചായ തിളപ്പിക്കുന്ന പാത്രം, ചായ പകരുന്ന പാത്രം, സ്പൂണ്‍, അരിപ്പ, ചായകുടിക്കുന്ന ഗ്ലാസ്.
അപ്പോള്‍ ഒരു ദിവസം ഒരമ്മയുടെ കൈയിലുടെ കയറിയിറങ്ങുന്ന പാത്രങ്ങളുടെ എണ്ണം എത്രമാത്രമായിരിക്കും. ഒരിക്കല്‍ ഇവിടെ ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മ എന്നെ വിളിച്ചിട്ട് പറയുകാണ്. ഫാദറേ ഞാനിന്ന് മകന്റെ വാട്ടര്‍ ബോട്ടിലിന്റെ വാഷറുള്ള അടപ്പ് വെയ്ക്കാന്‍ മറന്നു.അവന്റെ ബുക്ക് മുഴുവന്‍ നനഞ്ഞിട്ടുണ്ടാവും. സോറി ഫാദര്‍ ഇതൊന്ന് അവനോട് പറയുമോ? ഈ അമ്മയേട് എന്താണ് പറയുക. കുട്ടിയുടെ സ്കൂള്‍ ബാഗ് ഒരുക്കേണ്ടത് അമ്മയുടെ ജോലിയല്ലെന്ന് എങ്ങനെ ആ അമ്മയെ പറഞ്ഞു മനസിലാക്കും.
അമ്മയാണ് ഈ വിടിന്റെ വിളക്ക്. അമ്മയാണ് എറ്റവും മധുരമുള്ള വാക്ക്. എന്നൊക്കെയുളള ഒരായിരം ക്യാപഷനുകളാണ് മാതൃദിനത്തിന് സോഷ്യല്‍ മീഡിയയില്‍ ചുറ്റിക്കറങ്ങുന്നത്. നല്ല കാര്യം എന്നാല്‍ ഇതൊക്കെ കാണാന്‍ എത്ര അമ്മമാര്‍ക്ക് സധിക്കും. അടുക്കളയാകുന്ന ആവൃതിക്കുള്ളില്‍ എരിഞ്ഞു തീരുന്ന ഒരു വിളക്കാണമ്മ. ഒരിറ്റുവട്ടത്തില് ഒരായിരം കാതം താണ്ടുന്ന രണ്ട് പാദങ്ങള്‍. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം ജോലി ഭാരമുള്ളവര്‍.
ഇന്നും അമ്മ ചപ്പാത്തി തന്നെയാണോ ഉണ്ടാക്കിയത്? എന്റെ നീല ജീന്‍സ് എന്താ ഇസ്തിരി ഇടാത്തത് ? എല്ലാവര്ക്കും നൂറാവശ്യങ്ങളാ എനിക്ക് കൈ രണ്ടേയുള്ളു
ഇങ്ങനെ പൊട്ടിത്തെറിച്ചുകൊണ്ട് ഇടക്കയ്ക്കൊക്കെ ഈ വിളക്ക് ആളിക്കത്താറുണ്ട്. ഒരു വീട്ടിലേ ജോലിഭാരം മുഴുവന്‍ ഒരാളുടെ ഉത്തരവാദിത്വമൈന്ന അനീതി ഇനിയെങ്കിലും മാറിയിരുന്നെങ്കില്‍ അമ്മമാരുടെ സേവനത്തെ അവകാശമായിട്ടല്ലാതെ ഔദാര്യമായിക്കാണാന് പുതിയ തലമുറ എന്നാണ് പഠിക്കുക.
ഇനി മാറ്റം വരേണ്ടത് അമ്മമാരുടെ കാഴ്ചപ്പാടിനാണ്. വീട്ടിലെ ജോലികള്‍ അതെന്തുമാകട്ടെ തന്റെ മാത്രമല്ല എല്ലാവരുടെയും ഉത്തരവാദിത്വമമാണെന്ന് അമ്മമാര്‍ മനസ്സിലാക്കണം. അതുകൊണ്ട് ജോലികളില്‍ എല്ലാവരെയും പങ്കാലികളാക്കം.
പാത്രം കഴുകുക, വസ്ത്രം അലക്കുക. മുറി വൃത്തിയാക്കുക. സ്കൂള്‍ ബാഗ് തയാറാക്കുക. വസ്ത്രം ഇസ്തിരിയിടുക തുടങ്ങി കുട്ടികളുടെ വ്യക്തിപരമായ ജോലികളൊന്നും നിങ്ങളുടെ ജോലികളല്ല. അത് അവര്‍ തന്നെ ചെയ്യട്ടെ. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയല്ല ചെയ്യുവാന്‍ അവരെ പരിശീലിപ്പിക്കുയാണ് ചെയ്യേണ്ടത.് ഒരു നല്ല അദ്ധ്യാപകന് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സ്വയം ഗൃഹപാഠം ചെയ്തുകൊടുക്കാറില്ലല്ലോ. അമ്മമാര്‍ ഒരിക്കലും അടിമകളെപ്പോലെ അനുസരിക്കേണ്ടവരല്ല പിന്നെയോ മക്കളെ അനുസരിപ്പിക്കേണ്ടവരാണ്. സ്നേഹം കൊണ്ടും ശാസനകൊണ്ടും അവര്‍ അനുസരിച്ചുകൊള്ളും തീര്‍ച്ച.
യേശുവിന്റെ അമ്മ അവനോട് പറഞ്ഞു അവര്‍ക്ക് വീഞ്ഞില്ല അവന്റെ അമ്മ പരിചാരകരോട് പറഞ്ഞു. അവന് നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍. (യോഹ:2:3-5). കണ്ടോ ദൈവപുത്രനായിരുന്നിട്ടും യേശുവിന്റെ മേല്‍ തനിക്കുള്ള സ്വാത്രന്ത്യവും അധികാരവും ഉപയോഗിക്കുന്ന പരി. അമ്മയെ.
Send your feedback to : onlinekeralacatholic@gmail.com