പുത്തന്‍ പാനയെഴുതിയത് ആര്?
ക്രിസ് ജോ - മാര്‍ച്ച് 2021
നോമ്പുകാലത്ത് പീഡാനുഭവചിന്തകള്ക്ക് പാരമ്പര്യമായി തീവ്രത പകര്‍ന്നിരുന്നത് പുത്തന്‍ പാനയാണ്. ഓരോ നോമ്പുകാലത്തും ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കുവാന്‍ പുത്തന്‍ പാന നമുക്ക് ആശ്രയമായിരുന്നു. ദുഖവെള്ളിയാഴ്ച പള്ളികളിലും വീടുകളിലും ഒരുമിച്ചിരുന്ന് പാനവായിക്കുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഈശോയുടെ അമ്മയായ പരിശുദ്ധ ദൈവമാതാവിന്റെ വിലാപങ്ങള്‍ പോലെ രക്ഷാകരചരിത്രം പാട്ടുരൂപത്തിലാക്കിയതാണ് പുത്തന്‍ പാന. പുത്തന്‍ പാന രചിച്ചത് ഒരു ജെസ്യൂട്ട് ജര്‍മ്മന്‍ മിഷനറിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?
മൂന്ന് നൂറ്റാണ്ട് മുമ്പ് ജര്‍മ്മന്‍ ജെസ്യൂട്ട് വൈദികനായിരുന്ന ഫാ. എണസ്റ്റ് ഹാന്ക്സലെഡന് എഴുതിയതാണ് ക്രിസ്ത്യന്‍ രക്ഷാകരചരിത്രത്തിന്റെ കാവ്യരൂപമായ പുത്തന്‍ പാന. ഫാ. എണസ്റ്റ് എന്ന് പറഞ്ഞാല്‍ അധികമാര്‍ക്കും കേട്ടുകേള്‍വിയുണ്ടാകില്ല. അദ്ദേഹം തന്നെയാണ് നമ്മുടെ ഇടയില്‍ പ്രചുരപ്രചാരം നേടിയ അര്‍ണോസ് പാതിരി.
പുത്തന്‍ പാന എന്നാല്‍ പുതിയ വഴി എന്നാണ് അര്‍ത്ഥം. ഹൈന്ദവ ക്ലാസിക്കുകളായ മഹാഭാരതത്തോടും രാമായണത്തോടും കിടപിടിക്കുന്ന രചനയാണ് പുത്തന്‍ പാനയുടെ ഒരു സവിശേഷത. ഭാഷാനൈപുണ്യും കൊണ്ടും രചനാ പാടവം കൊണ്ടും ഹൈന്ദവരുടെ ഇടയിലും സാഹിത്യകാരന്മാരുടെ ഇടയിലും പുത്തന്‍പാനയ്ക്ക് വലിയ ആരാധകരുണ്ടായിരുന്നു. പല യൂനിവേഴിസ്റ്റികളിലും പുത്തന്‍ പാന പഠനവിഷയവുമായിരുന്നു.
ജര്‍മ്മനിയിലെ ഓസ്നബ്രൂക്കില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥിയായിരുന്ന എണസ്റ്റ് തന്റെ ഭാവി മിഷന് പ്രവര്ത്തനകേദാരമായി കേരള മിഷന് തിരഞ്ഞെടുത്ത് 1701 ലാണ് ഇവിടെ എത്തിയത്. 1707ല്‍ കേരളത്തിലെ സംബാളൂരിലെ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദികനായി അഭിക്ഷിക്തനായി. അതിനുശേഷം അദ്ദേഹം സംസ്കൃതവും മലയാളവും പഠിക്കാനാരാംഭിച്ചു.
തൃശ്ശൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള വേലൂര്‍ എന്ന ഒരുഗ്രാമമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. സംസ്കൃതപഠനം മൂലം ഹൈന്ദവ ബ്രാഹ്മണന്മാരില് നിന്നും അക്കാലത്ത് അദ്ദേഹത്തിന് അന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. അവരെ സംസകൃത സംവാദത്തില്‍ തോല്പിച്ച ശേഷമായിരുന്നു വേലൂരില്‍ വി. ഫ്രാന്‍സിസ് സേവ്യറുടെ ഒരു പ്രതിമ സ്ഥാപിക്കുന്നതിന് അവര്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയത്.
1712 ല്‍ ആര്‍ണോസ് പാതിരി വേലൂരില്‍ കേരള സ്റ്റൈലില്‍ ഒരു ദേവാലയം നിര്‍മ്മിച്ചു. വത്തിക്കിനിലെ സിസ്റ്റൈന്‍ ചാപ്പലിലേതിനു സമാനമായ മ്യൂറല്‍ പെയ്ന്റിംഗുകളും അതിലുണ്ടായിരുന്നു. അവിടെ അദ്ദേഹം വൈദികര്‍ക്ക് താമസിക്കാനായി ഒരു പടിപ്പുരയും പണിതു. അവിടെ വച്ചായിരുന്നു പുത്തന്‍ പാനയുടെ രചന പൂര്‍ത്തിയാക്കിയത്.
പെട്ടെന്നു തന്നെ പുത്തന്‍ പാന വാമൊഴിയായി കേരളത്തിലെങ്ങും പ്രചരിച്ചു. നേമ്പുകാലത്ത് ക്രൈസ്തവ കുടംബങ്ങള്‍ ഒന്നിച്ചിരുന്ന് പാന വായിച്ചു.
ആര്‍ണോസ് പാതിരി വലിയ കവിയും എഴുത്തുകാരനുമായിരുന്നുവെങ്കിലും കേരളത്തിലെ സാഹിത്യലോകം അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല. എങ്കിലും കേരളത്തിലെ ക്രൈസ്തവര്‍ ഇപ്പോഴും നോമ്പുകാലത്ത് പാന വായിക്കുമ്പോള്‍ നാം തമസ്ക്കരിച്ചുകളഞ്ഞ ആര്‍ണോസ് പാതിരിയുടെ ഓര്‍മ്മകള്‍ വീണ്ടും നമ്മുടെ മനസ്സില്‍ സജീവമാകുന്നു.
Send your feedback to : onlinekeralacatholic@gmail.com