വിഭൂതി തിരുന്നാളില്‍ നെറ്റിയില്‍ ചാരം കൊണ്ട് കുരിശുവരയ്ക്കുന്നതെന്തിന്?
ഷേര്‍ളി മാണി - ഫെബ്രുവരി 2020
പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നുപോയ വിശ്വാസികള്‍ക്ക് വീട്ടിലേക്ക് മടങ്ങിവരുവാനുള്ള ആഹ്വാനമാണ് നോമ്പുകാലം. മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം എന്ന വചനത്തിലൂടെ മനുഷ്യജീവിതത്തിന്റെ നശ്വരത വീണ്ടും വീണ്ടും അനുസ്മരിച്ചുകൊണ്ടാണ് പാശ്ചാത്യപൗരസ്ത്യ സഭകള്‍ നോമ്പുകാലം ആരംഭിക്കുന്നത്. നോമ്പിന്റെ ആരംഭദിനമാണ് വിഭൂതിത്തിരുന്നാള്‍. സുറിയാനി സഭ പേത്രത്ത കഴിഞ്ഞ് തിങ്കളാഴ്ച നോമ്പ് തുടങ്ങുമ്പോള്‍ ലത്തീന്‍ റീത്തില്‍ അത് ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ദിവസം ഏതായാലും മനുഷ്യജീവിതം നശ്വരമാണെന്നും അതുകൊണ്ട് ചെയ്തുപോയ പാപങ്ങളോര്‍ത്ത് പശ്ചാത്തപിച്ച് പിതാവായ ദൈവത്തിലേക്ക് മടങ്ങിവരിക എന്നുമാണ് വിഭൂതിത്തിരുന്നാളിന്റെ സന്ദേശം.
വിഭൂതി ദിനത്തിലാണ് ഓരോ ക്രൈസ്തവനും പ്രാര്‍ത്ഥനയും പരിത്യാഗവും നിറയുന്ന നോമ്പാചരണത്തിലേക്ക് കടക്കുക. ജുതപാരമ്പര്യത്തില് നിന്നാണ് വിഭൂതി ദിനത്തിന്റെ തുടക്കം. പഴയനിയമത്തില്‍ എളിമയുടെയും നശ്വരതയുടെയും ദുഖത്തിന്റെയും പ്രായ്ചിത്തത്തിന്റെയും പ്രതീകമായി ചാരം കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്നും ചാരം ദുഖം, നശ്വരത, പ്രായ്ചിത്തം എന്നിവയെ സൂചിപ്പിക്കുന്നു.
എസ്തേറിന്റെ പുസത്കത്തില്‍ അഹസ്വേരസ് രാജാവ് യഹൂദരെ നശിപ്പിക്കാന്‍ കല്പന പുറപ്പെടുവിച്ചപ്പോള്‍ ചാക്കുടുത്ത് ചാരംപൂശിയ മൊര്ദക്കായ് (എസ്തേര്‍ 4: 1) ചാക്കുടുത്ത് ചാരം പൂശിയ ജോബ് (ജോബ് 42.6), ചാക്കുടുത്ത് ചാരംപൂശി, ഉപവസിച്ച് ദൈവമായ കര്‍ത്താവിനോട് തീക്ഷണമായി പ്രാര്‍ത്ഥിക്കുന്ന ദാനിയേല്‍ ( ദാനിയേല്‍ 9-3), നിനവേ നശിപ്പിക്കപ്പെടുമെന്ന യോനാപ്രവാചകന്റെ വാക്കുകള്‍ കേട്ട് ചാക്കുടുത്ത് ചാരംപൂശി, പശ്ചാത്തപിച്ച നിനവേവാസികള്‍ എന്നിങ്ങനെ പഴയനിയമത്തില്‍ പലയിടത്തും പശ്ചാത്തപത്തിന്റെയും പ്രായ്ചിത്തത്തിന്റെയും കഥകള്‍ കാണാം.
പുതിയ നിയമത്തില്‍ കൊറാസിന്‍ നിനക്കു ദുരിതം, നിന്നില്‍ നടന്ന അത്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്ത് ചാരംപൂശി അനുതപിക്കുമായിരുന്നു (മത്തായി: 11.21) എന്ന യേശുവിന്റെ വചനങ്ങള്‍ തന്നെ നമുക്ക് കേള്‍ക്കാം.
ആദിമസഭാചരിത്രകാരനായ എവുസേബീയൂസിന്റെ ദ ഹിസ്റ്ററി ഓഫ് ദ ചര്‍ച്ച് എന്ന പുസ്തകത്തില്‍ ദൈവദുഷകനായ നതാലിസ് പോപ്പ് സെഫ്രീനസിന്റെ പക്കല്‍ ചാക്കുടുത്ത് ചാരംപൂശി മാപ്പപേക്ഷിക്കുവാന്‍ വന്നതായി പരമാര്‍ശിക്കുന്നു.
മദ്ധ്യകാലത്ത് മരണാസന്നരായവരെ ചാക്കുവിരിച്ച് അതില്‍ കിടത്തി ചാരം പൂശുന്ന പാരമ്പര്യമുണ്ടായിരുന്നു. അതിനുശേഷം വൈദികന് വിശുദ്ധജലം തളിച്ച്. മനുഷ്യ നീ മണ്ണാകുന്നു, മണ്ണിലേക്കു മടങ്ങും എന്ന് പറഞ്ഞ് മരണാസന്നനായ വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. അന്തിമവിധിനാളില്‍ താങ്കളുടെ പശ്ചാത്താപത്തിന്റെയും പ്രാശ്ചിത്തത്തിന്റെയും സാക്ഷ്യമായി ഇത് കണക്കാപ്പെടുന്നതില് താങ്കള്‍ സംതൃപ്തനാണോ എന്ന് ചോദിക്കുകയും ആ വ്യക്തി അതെ എന്ന് ഉത്തരം നല്‍കുകയും ചെയ്യുമായിരുന്നു. ഇതിലെല്ലാം ചാരം നശ്വരതയുടെയും ദുഖത്തിന്റെയും പ്രായ്ചിത്തത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് കാണാം.
പതിയെ പതിയെ നോമ്പുകാലത്തിന് ആമുഖമായി ചാരം പൂശുന്ന പതിവ് സഭയില്‍ ആരംഭിച്ചു. ഗ്രിഗോറിയന്‍ സാക്രമെന്ററിയില് ഇതിനെക്കുറിച്ച് പരമാര്‍ശിക്കുന്നുണ്ട്. 1000-മാണ്ടില്‍ ആംഗ്ളോ സാക്സണ്‍ വൈദികനായിരുന്ന എയ്ഫ്രറിക് തന്റെ പ്രഭാഷണത്തില്‍ പഴയനിയമത്തിലും പുതിയനിയമത്തിലും പശ്ചാത്തപിക്കുന്ന വ്യക്തികള്‍ അവരുടെ പാപത്തെയോര്‍ത്ത് ചാക്കുടുത്ത്, ചാരം പൂശി പശ്ചാത്തപിച്ചതായി കാണാമെന്നും നമുക്കും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി ഇങ്ങനെ ചെയ്യാം എന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് നാം നോമ്പുകലാത്തെ വരവേല്‍ക്കുക, ചാക്കുടുക്കാതെ ചാരം കൊണ്ട് നെറ്റിയില്‍ കുരിശുവരച്ചുകൊണ്ടാണ്. വെറും മണ്ണാണ് നാം എന്നും മണ്ണിലേക്ക് മടങ്ങുമെന്നും അതുകൊണ്ട് പാപങ്ങളോര്‍ത്ത് പശ്ചാത്തപിച്ച് പരിഹാരം ചെയ്യുവാനുമാണ് വിഭൂതിത്തിരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ചാരം ദുഖത്തെ അനുസ്മരിപ്പിക്കുന്നു. പാപം മൂലം ദൈവത്തില്‍ നിന്നും അകന്നുപോയതിന്റെ ദുഖം.
മുന്‍ വര്‍ഷത്തെ ഓശാന ഞായറാഴ്ച എടുത്തവെച്ച കുരുത്തോല കത്തിച്ചുണ്ടാക്കുന്ന ചാരമാണ് ഇതിനായി ഉപയോഗിക്കുക. വിഭൂതി ആത്മാനുതാപത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമാണ്. ചാരം കൊണ്ട് നെറ്റിയില്‍ കുരിശുവരയ്ക്കുമ്പോള്‍ ഓര്‍ക്കുക, നാല്പതു രാവും നാല്പതു പകലും ഉപവസിച്ച ക്രിസ്തുവിന്റെ ഓര്‍മ്മകള്‍ നിറയുന്ന നോമ്പുകാലമാണ് നമ്മെ കാത്തിരിക്കുന്നതെന്ന്.
Send your feedback to : onlinekeralacatholic@gmail.com