പള്ളിയില്‍ പോക്കും പ്രാര്‍ത്ഥനയും ഒന്നുമില്ലെങ്കില്‍
എന്തെങ്കിലും കുഴപ്പമുണ്ടോ?
ജിന്റോ മാത്യു - മാര്‍ച്ച് 2023
'പള്ളിയിൽ പോക്കും ധ്യാനവുമൊന്നും ഇല്ലാതെ തന്നെ ഞാൻ ഹാപ്പിയാണ്! അതൊക്കെ ചുമ്മാ തട്ടിപ്പാണ്, അതിന്റെയൊന്നും ആവശ്യമില്ല.' ഇങ്ങനെ പറയുന്ന പലരെയും കണ്ടിട്ടുണ്ട്. ശരിയാണ് പള്ളിയിൽ പോകാത്തവരെ അതിന്റെ പേരിൽ ദൈവം ശിക്ഷിക്കാനൊന്നും പോകുന്നില്ല. പക്ഷേ, അതിലൂടെ നഷ്ടമാകുന്ന നന്മകളെക്കുറിച്ച് ആരും ഗൗരവമായി ചിന്തിക്കാറില്ല. പരീക്ഷയിൽ നൂറിൽ 20 മാർക്ക് ലഭിച്ചാൽ ജയിക്കുമെന്നിരിക്കെ, 20 ന് മുകളിൽ വാങ്ങി ജയിച്ചെന്ന് വീമ്പടിക്കുന്നതുപോലെയാണത്. നഷ്ടമായ എൺപതോളം മാർക്കിനെക്കുറിച്ച് ചിന്തിക്കാതെ പാസ്സായതാണ് കാര്യമെങ്കിൽ അതിൽ അത്രയേ കാര്യമുള്ളൂ.
ഒരു വ്യക്തി ഞായറാഴ്ച ദിവസം വിശുദ്ധമായി ആചരിക്കുന്നവരെ കളിയാക്കാൻ തീരുമാനിച്ചു. അയാൾ ഞായറാഴ്ച തന്റെ വയൽ ഉഴുതു. മറ്റൊരു ഞായറാഴ്ച വിത്തിറക്കി. ഇനിയും മറ്റൊരു ഞായറാഴ്ച വിളവെടുത്തു. അവസാനം പറഞ്ഞു; 'ഞായറാഴ്ച അവധിയെടുക്കുന്നവരെക്കാൾ തെല്ലും കുറവല്ല, എന്റെ വിളവെടുപ്പ്.' ശരിയാണ്, നെല്ലിന്റെ അളവിൽ കുറവില്ല. പക്ഷേ, നെല്ലിന്റെ അളവനുസരിച്ച് മാത്രം ജീവിതവിജയത്തെ അളക്കുന്നവർക്ക് മാത്രമാണ് ആ വിജയം കണ്ടെത്താനാവുക എന്നുമാത്രം.
മറ്റൊരു ബിസിനസ്സുകാരൻ വികാരിയച്ചനുമായി തർക്കിക്കുകയാണ്. 'അച്ചോ, എന്റെ ബിസിനസ്സ് മീറ്റിംഗുകളെല്ലാംതന്നെ ഞായറാഴ്ചയാണ്. മാത്രമല്ല ഞാൻ നടത്തുന്ന ബിസിനസ്സിലൂടെ അനേകർക്ക് ജോലിയും കൂലിയും ലഭിക്കുന്നുണ്ട്. ബൈബിളിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, നിങ്ങളുടെ കാളയോ കഴുതയോ കുഴിയിൽ വീണാൽ ഞായറാഴ്ച ദിവസം പിടിച്ചുകയറ്റാമെന്ന്. അത്യാവശ്യകാര്യങ്ങൾ ഞായറാഴ്ച ചെയ്യുന്നതിൽ എന്താണ് തെറ്റ്?' വികാരിയച്ചൻ പറഞ്ഞു; 'കാളയും കഴുതയും ഒന്നോ രണ്ടോ ഞായറാഴ്ച കുഴിയിൽ വീഴുമ്പോൾ കയറ്റുവാനുള്ള വഴി നോക്കുന്നതിൽ തെറ്റില്ല. പക്ഷേ, എന്റെ ബിസിനസ്സ് ബോധ്യമനുസരിച്ച് എല്ലാ ഞായറാഴ്ചയും കുഴിയിൽ വീഴുന്ന സ്വഭാവമുള്ള കാളയെയും കഴുതയെയും വളർത്തുന്നതിനെക്കാൾ എന്തുകൊണ്ടും ലാഭം അവയെ വിറ്റുകളയുന്നതാണ്.'
'എന്നിട്ടും ഞാൻ മാന്യമായി ജീവിക്കുന്നില്ലേ' എന്ന ചോദ്യം മാന്യമായ ജീവിതം എന്നതുകൊണ്ട് ഒരുവൻ അർത്ഥമാക്കുന്നതെന്ത് എന്നതിനെ ആശ്രയിച്ചിരിക്കും. വിശുദ്ധ പൗലോസ് കൃപയെക്കുറിച്ച് പറയുന്ന ഒരു വചനമുണ്ട്. 'അവരുടെ പാപം ലോകത്തിന്റെ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവും ആയിരുന്നെങ്കിൽ അവരുടെ 'പരിപൂർണത' എന്തൊരു നേട്ടമാകുമായിരുന്നു?' (റോമ. 11:12). പാപവും പരാജയവും നേട്ടമായി എന്നതു കാര്യമാണെങ്കിലും, അതില്ലായിരുന്നെങ്കിൽ എത്രയോ അധികമായി നന്മ ജീവിതത്തിൽ ഉണ്ടാകുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തിന്മ വർധിക്കുന്നിടത്ത് ദൈവത്തിന്റെ കൃപ വർധിക്കുന്നെങ്കിൽ അത് ദൈവത്തിന്റെ കാരുണ്യം. പക്ഷേ, ഇത്രയൊക്കെയായിട്ടും നന്മയല്ലേ സംഭവിക്കുന്നത് എന്നു ചോദിക്കുന്നതിന് പകരം, ഈ തിന്മകൾ ഇല്ലായിരുന്നെങ്കിൽ എത്രയധികമാകുമായിരുന്നു നന്മയുടെ അളവ് എന്ന ചോദ്യമാണ് ഉചിതം. പാപം വർധിച്ചിടത്ത് കൃപ വർധിച്ചു; പാപമില്ലായിരുന്നെങ്കിൽ കൃപ അതിലും അധികമായി വർധിക്കുമായിരുന്നു! കൃപ വർധിക്കാനുള്ള 'വളക്കൂറുള്ള മണ്ണായി' ഒരിക്കലും പാപത്തെയും പരാജയത്തെയും നാം കാണരുത്.
വിശുദ്ധ ജോൺ വിയാനിയുടെ അടുക്കൽ ഒരു ക്രൂരനായ മനുഷ്യൻ എത്തി പറഞ്ഞു. 'അങ്ങയുടെ പാപത്തെക്കുറിച്ചുള്ള പ്രസംഗം ഞാൻ കേട്ടു. അങ്ങ് പാപത്തിന് വലിയ ഭാരമുണ്ടെന്നും അതു നമ്മെ തകർക്കുമെന്നും ഒക്കെ പറയുന്നതുകേട്ടു. ഇത്രയും നാളായി അനേകം തിന്മകൾ ചെയ്ത്, അതിൽ മുഴുകി ഞാൻ ജീവിക്കുന്നു. എനിക്കിന്നുവരെ അതിന്റെ ഒരു ഭാരവും തോന്നിയിട്ടില്ല.' ജോൺ വിയാനി പറഞ്ഞു, 'ശരിയാണ് ജീവനുള്ള ഒരു മനുഷ്യന് മാത്രമാണ് എന്തിന്റെയെങ്കിലും ഭാരം അനുഭവപ്പെടാൻ കഴിയുക. മരിച്ച ഒരാളുടെ ശരീരത്തിൽ എന്തുമാത്രം ഭാരം കയറ്റിവച്ചാലും അത് അയാൾക്ക് മനസിലാവണമെന്നില്ല. കൃപാവരം നിന്നിൽ ജീവന്റെ അംശം നിക്ഷേപിക്കുമ്പോൾ നിനക്ക് പാപത്തിന്റെ ഭാരം അനുഭവപ്പെട്ടുതുടങ്ങും.' നഷ്ടമായ നന്മകളെക്കുറിച്ചും തെറ്റിന്റെ പരിണതഫലങ്ങളെക്കുറിച്ചും മനുഷ്യർക്ക് ബോധ്യവും അറിവും അനുഭവവും ലഭിക്കണമെങ്കിൽ കൃപാവരത്തിൽ ജീവിക്കാനുള്ള ശ്രമം ഉണ്ടാവണം. വേദനയും ഇമ്മ്യൂൺ സിസ്റ്റവും ഒക്കെ നല്ലതുപോലെ പ്രവർത്തിക്കുന്ന ആരോഗ്യമുള്ള ഒരാൾക്കുമാത്രമേ അനിഷ്ടകരമായ വൈറസുകളെയും വേദനയെയും ഒക്കെ തിരിച്ചറിയാൻ സാധിക്കൂ എന്നതുപോലെ.
പണ്ടുകാലത്ത് കുഞ്ഞുങ്ങളെയുമായി ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം 'കുട്ടിയുടെ വിശപ്പ് എങ്ങനെയുണ്ട്' എന്നായിരുന്നു. ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും ദഹനവും ഒക്കെ ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. അതില്ലാതെ വരുന്നതുതന്നെ രോഗലക്ഷണങ്ങളാണ്. അതുപോലെ ആത്മീയകാര്യങ്ങളിലുള്ള താല്പര്യംതന്നെയാണ് ആത്മീയ ആരോഗ്യത്തിന്റെ ലക്ഷണം. അതില്ലാത്തത് അതിൽതന്നെ രോഗലക്ഷണമാണ്. വിശുദ്ധകുർബാനയും ജപമാലയും ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള താല്പര്യംതന്നെയാണ് ആത്മീയ ആരോഗ്യത്തിന്റെ അടിസ്ഥാനം. അതില്ലാതെ വരുമ്പോൾ ആത്മാവ് രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയെന്ന് നാം അനുമാനിക്കണം. അവയൊന്നും ഇല്ലെങ്കിലും ഞാൻ ഹാപ്പിയാണ് എന്നുപറയുന്ന വ്യക്തി, വിശപ്പോ ഭക്ഷണമോ ഇല്ലാതെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിയും എന്നു വിശ്വസിക്കുന്ന വ്യക്തിക്ക് തുല്യനാണ്.
Send your feedback to : onlinekeralacatholic@gmail.com