യൗസേപ്പിതാവിന്റെ വര്‍ഷം:കാവലായി കൂടെ നില്ക്കുന്ന പിതാവ്
ഫാ. മാത്യു കൊല്ലംപറമ്പില്‍ - ഫെബ്രുവരി 2021
1870 ഡിസംബര്‍ 8ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പ യൗസേപ്പിതാവിനെ കത്തോലിക്കസഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വി. യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്ാപാപ്പ ആഹ്വാനം ചെയ്തിരിക്കുന്നു. പാത്രീസ് കോര്‍ദേ (ഒരു പിതാവിന്റെ ഹൃദയത്തോടെ) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെയാണ് മാര്‍പാപ്പ ഇക്കാര്യം പ്രഖ്യാപിച്ചത്.
വി യൗസേപ്പിതാവിനെ സ്നേഹനിധിയായ അപ്പനായും വാത്സല്യമുള്ള പിതാവായും അനുസരണയുള്ള വ്യക്തിയായും ദൈവികപദ്ധതികളെ സ്വീകരിക്കുന്ന മനുഷ്യനായും ധൈര്യമുള്ളവനായും അദ്ധ്വാനിക്കുന്ന കുടുംബനാഥനായും പ്രിയപ്പെട്ടവരുടെ നിഴലായി കൂടെ നടക്കുന്ന സംരക്ഷകനായും വിശേഷിപ്പിക്കുകയാണ് ഈ അപ്പസ്തോലിക പ്രബോധനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. കോവിഡ് 19 പശ്ചാത്തലത്തില്‍ മുഖ്യധാരയില്‍ നിന്നും അകന്ന് ക്ഷമയോടും പ്രത്യാശയോടും കൂടെ ഈ കാലഘട്ടത്തെ നേരിട്ട സാധാരണക്കാരുടെ പ്രാധാന്യത്തെ പ്രത്യേകമായി പരമാര്‍ശിച്ചുകൊണ്ട് സാധാരണക്കാരനായി ജീവിച്ച യൗസേപ്പിതാവിന്റെ അസാധാരണത്വം വ്യക്തമാക്കുകയാണ് ഈ അപ്പസ്തോലിക പ്രബോധനത്തില്‍.
സ്നേഹനിധിയായ, വാത്സല്യമുളള അപ്പന്/അനുസരണയുള്ള മകന്
മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോ ദൈവപിതാവിന്റെ വാത്സല്യം നുകര്‍ന്നത് യൗസേപ്പെന്ന വാത്സല്യമുള്ള അപ്പനിലൂടെയാണ്. യൗസേപ്പെന്ന അപ്പന്റെ പിതൃത്വം പ്രഖ്യാപിക്കപ്പെടുന്നത് ദൈവത്തിനുമുമ്പില്‍ അനുസരണയുള്ള മകനായി ദൈവനിയോഗം ഏറ്റെടുക്കുന്നതിലൂടെയാണ്.
ദൈവഹിതത്തെ ശിരസാ വഹിച്ചവന്
ദൈവദൂതനു മുമ്പില്‍ ദൈവനിയോഗത്തിന് സമ്മതം അറിയിക്കുന്നതോടെ (ഫിയാത്ത) അദ്ദേഹം മറിയത്തിന്റെയും ഉണ്ണീശോയുടെയും സംരക്ഷണം ഏറ്റെടുക്കുകയും ദൈവത്തിന്റെ ഹിതം നിറവേറ്റാന്‍ ലോകത്തെ പഠിപ്പിക്കുകയുമാണ്. ഇന്നത്തെ ലോകത്തില്‍ മാനസികവും ശാരീരികവുമായി പീഡിതരാകുന്ന സ്ത്രീകള്‍ക്ക് ആശ്വസമേകുന്ന പ്രവൃത്തിയാണ് ഉപാധികളൊന്നുമില്ലാതെ മറിയത്തെ ഭാര്യയായി സ്വീകരിക്കുന്നതിലൂടെ യൗസേപ്പ് ലോകത്തിന് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ അഭിപ്രായപ്പെടുന്നു. ദൈവഹിതത്തിന് കീഴ് വഴങ്ങിയതിലൂടെ ഏറ്റെടുക്കേണ്ടിവന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ യൗസേപ്പിന് സൈഥര്യം നല്‍കുന്നത് പരിശുദ്ധാത്മാവാണ്. മറ്റുള്ളവരെ അവരായിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കുവാനും അബലര്‍ക്ക് ആശ്രയമാകുവാനും വി യൗസേപ്പ് പ്രചോദനമാണെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.
ധൈര്യത്തിന്റെ ആള്‍രൂപം
മാര്‍പാപ്പ പറയുന്നു നസ്രത്തിലെ ആശാരി ദൈവപരിപാലനയില്‍ ആശ്രയിച്ച് പ്രശ്നങ്ങളെ സാധ്യതകളാക്കി പരിണമിപ്പിക്കാന്‍ കഴിവുള്ളവനായിരുന്നു. ഇന്നിന്റെ സാഹചര്യത്തില്‍ സ്വദേശം വിട്ടൊഴിയേണ്ട വരുന്ന കുടിയേറ്റക്കാരുടെ മധ്യസ്ഥനായി മാറുകയാണ് അദ്ദേഹം.
തൊഴിലാളികളെ മാഹാത്മ്യം പഠിപ്പിച്ചവന്
സ്വന്തം അദ്ധ്വാനത്തിന്റെ ഫലമാണ് അത്താഴമേശയില്‍ ഒരുങ്ങേണ്ടത് എന്ന് സ്വജീവിതം കൊണ്ട് കാട്ടിത്തന്നവനാണ് യൗസേപ്പിതാവ്. കോവിഡ് 19 പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെടുന്നആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ മുന്‍ഗണനകളെ തിരുത്താനും സ്റ്റാറ്റസ് നോക്കാതെ ലഭ്യമാകുന്ന ജോലികള്‍ ഉപജീവനത്തിനായി കണ്ടെത്താനും പ്രോത്സാഹിപ്പിക്കുകയാണ് മാര്‍പാപ്പ.
നിഴലായി നിന്ന് കാവലായവന്
കുഞ്ഞുങ്ങള്‍ക്ക് ജډം നല്‍കുന്നതിലൂടെയല്ല മക്കള്‍ക്ക് കാവലായി കൂടെ നില്‍ക്കുമ്പോഴാണ് ഒരുവന് പിതാവാകുന്നത്. ഇന്ന് കാവലായി കൂടെ നില്ക്കുന്ന പിതൃത്വത്തിന്റെ അപര്യാപ്തതയാണ് പുതുതലമുറയുടെ ധാര്മ്മികച്യൂതിക്ക് കാരണം. മക്കളുടെമേല്‍ അധികാരം പ്രയോഗിക്കാതെ സ്വയം തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് ഒരു പിതാവിന്റെ ധര്‍മ്മമെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.
വിശ്വാസികള്‍ക്ക് പൂര്‍ണ്ണ ദണ്ഡ വിമോചനവും സഭ വാഗ്ദാനം ചെയ്യുന്ന ഈ വര്‍ഷാചരണം വഴി മൂന്ന് കാര്യങ്ങള്‍ ചെയ്യാനാണ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്.
യൗസേപ്പിതാവിനെ സ്നേഹിക്കുക
യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുക
യൗസേപ്പിതാവിനെ അനുകരിക്കുക
Send your feedback to : onlinekeralacatholic@gmail.com